
ന്യൂഡൽഹി: അദാനി ഡിഫൻസ്, ഭാരത് ഫോർജ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ മുൻനിര ആയുധ നിർമ്മാതാക്കൾ റഷ്യയിൽ നടന്ന യോഗങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഇന്ത്യയിലെ അര ഡസനോളം കമ്പനികൾ ഇത്തരത്തിൽ നിർണായക യോഗങ്ങളിൽ പങ്കെടുത്തതായാണ് വിവരം. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടുകളൊന്നും നേരത്തെ പുറത്തുവന്നിരുന്നില്ല.
2022ൽ റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ പ്രതിരോധ ബിസിനസ് ചക്രവർത്തിമാരുടെ ആദ്യ റഷ്യ സന്ദർശന വേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഡിസംബർ നാലിനും അഞ്ചിനും ഇന്ത്യൻ സന്ദർശനം നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ഒക്‌ടോബർ 29,30 ദിവസങ്ങളിൽ പ്രതിരോധ നിർമാണ സെക്രട്ടറി സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്‌ചകൾ നടന്നത്. സംയുക്ത ആയുധ നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് റഷ്യയുമായി പതിറ്റാണ്ടുകൾ പഴക്കുള്ള പ്രതിരോധ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യൻ സൈനികരുടെ പക്കലുള്ള ആയുധങ്ങളിൽ 36 ശതമാനവും റഷ്യൻ നിർമിതമാണ്.
മിക്കോയാൻ മിഗ്-29 യുദ്ധവിമാനത്തിന്റെയും മറ്റ് റഷ്യൻ നിർമ്മിത വ്യോമ പ്രതിരോധ, ആയുധ സംവിധാനങ്ങളുടെയും സ്പെയറുകൾ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ചുമാണ് കൂടിക്കാഴ്‌ചയിൽ പ്രധാനമായും ചർച്ച ചെയ്തതെന്നാണ് വിവരം. റഷ്യയിലേയ്ക്ക് കയറ്റുമതി ചെയ്യാൻ സാദ്ധ്യതയുള്ള ഉപകരണങ്ങളുടെ വികസനത്തിനായി ഇന്ത്യയിൽ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കാനുള്ള റഷ്യൻ നിർദ്ദേശത്തെക്കുറിച്ചും യോഗങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. അതേസമയം, ഇന്ത്യയ്ക്ക് അതീവ നിർണായകമായ സൈനിക സാങ്കേതിക വിദ്യകൾ കൈമാറുന്നതിലെ പ്രധാന തടസം റഷ്യയുമായുള്ള പ്രതിരോധ ബന്ധമാണെന്ന് പാശ്ചാത്യ നയതന്ത്രജ്ഞർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |