ഹാലിയുടെ വാൽനക്ഷത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. 75 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ഈ വാൽനക്ഷത്രത്തെ ബി.സി 240 മുതൽ നിരീക്ഷിച്ച് വരികയാണ്. പുരാതന സംസ്‌കാരങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ ഭൂമിയിൽ എത്തുന്ന ഈ 'വിരുന്നുകാരനെ' പറ്റിയുള്ള പരാമർശങ്ങൾ കാണാം. എഡ്മണ്ട് ഹാലിയെന്ന ശാസ്ത്രജ്ഞനാണ് ഈ വാൽനക്ഷത്രത്തിന്റെ വരവും ഭ്രമണപഥം സംബന്ധിച്ച വിവരങ്ങളും പ്രവചിച്ചത്.
ഹാലിയുടെ വാൽനക്ഷത്രത്തെ പറ്റി പറയുമ്പോൾ ഓർമ വരുന്ന വിചിത്രമായ ഒരു കാര്യം പ്രശസ്‌ത അമേരിക്കൻ എഴുത്തുകാരനായ മാർക്ക് ട്വെയിനിന്റെ ജീവിതമാണ്. ട്വെയിനിന്റെ ജീവിതവും വാൽനക്ഷത്രവും തമ്മിൽ എന്ത് ബന്ധം എന്നല്ലേ?
1909ൽ ഹാലിയുടെ വാൽ നക്ഷത്രത്തെ അടിസ്ഥാനമാക്കി മാർക്ക് ട്വെയിൻ സ്വന്തം മരണം പ്രവചിച്ചിരുന്നു. 1835ൽ ഹാലിയുടെ വാൽനക്ഷത്രം എത്തി കൃത്യം രണ്ടാഴ്‌ചകൾക്ക് ശേഷം നവംബർ 30 നാണ് ട്വെയിന്റെ ജനനം. ഹാലിയുടെ വാൽനക്ഷത്രം എന്ന് തിരിച്ചു വരുന്നുവോ അന്ന് താനും മടങ്ങി പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. തന്റെ മകൾ, ഭാര്യ, മകൻ, ഉറ്റ സുഹൃത്ത് എന്നിവരുടെ മരണങ്ങൾ ട്വെയിനെ വിഷാദത്തിലേക്ക് നയിച്ചിരുന്നു.
1906ൽ 'നോർത്ത് അമേരിക്കൻ റിവ്യൂ' എന്ന തന്റെ ആത്മകഥ എഴുതാൻ തുടങ്ങിയ ട്വെയിൻ ഇങ്ങനെ പറഞ്ഞു: '1835ൽ ഹാലിയുടെ വാൽനക്ഷത്രത്തോടൊപ്പം താൻ വന്നു. അടുത്ത തവണ അത് വീണ്ടും തിരികെ വരുന്നുണ്ട്. താൻ അതിനൊടൊപ്പം പോകുമെന്നാണ് കരുതുന്നത്. അതിന് കഴിഞ്ഞില്ലെങ്കിൽ തന്റെ ജീവിതത്തിലെ ഏറ്റവും നിരാശജനകമായ കാര്യമായിരിക്കും. ' പ്രവചനം പോലെ തന്നെ 1909 ഏപ്രിൽ 21ന് ഒരു ഹൃദയാഘാതത്തെ തുടർന്ന് ട്വെയിൻ മരിച്ചു. ഹാലിയുടെ വാൽ നക്ഷത്രം തിരികെയെത്തി തൊട്ടടുത്ത ദിവസമായിരുന്നു മരണം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഹാലിയുടെ വാൽനക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ടത് 1986 ഫെബ്രുവരി 9നാണ്. 2061ൽ ഹാലിയുടെ വാൽനക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടും എന്ന കണക്കുകൂട്ടലിൽ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |