
തിരുവനന്തപുരം: കൊല്ലം മൈലക്കാട് നിർമ്മാണം പുരോഗമിക്കുകയായിരുന്ന ദേശീയ പാത തകർന്നത് മണ്ണിന്റെ ബലക്കുറവ് മൂലമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ റീച്ചുകളിലും സുരക്ഷാ ഓഡിറ്റും മണ്ണ് പരിശോധനയും നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ തീരുമാനിച്ചു.
18 പ്രോജക്‌ടുകളിലായി 378 നിർമ്മാണ സ്ഥലങ്ങളിൽ മണ്ണ് പരിശോധന നടത്താൻ 18 ജിയോ ടെക്നിക്കൽ ഏജൻസികളെ ചുമതലപ്പെടുത്തി. 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിലും ബാക്കി സ്ഥലങ്ങളിൽ മൂന്ന് മാസത്തിനുള്ളിലും പൂർത്തിയാക്കും. നിർമ്മാണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ സ്ഥലങ്ങളിൽ ഉൾപ്പെടെയാണിത്. പത്തു ദിവസത്തിനുള്ളിൽ പരിശോധന ആരംഭിക്കും
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രൂപകല്പനയും നിർമ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമെങ്കിൽ പൊളിച്ചുമാറ്റി പുനർനിർമ്മിക്കുകയും ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രമേ അംഗീകരിക്കുകയുള്ളൂ.
അരൂർ-തുറവൂർ എലിവേറ്റഡ് റോഡ് പ്രോജക്റ്റിൽ ഗർഡറുകൾ വീണതിനെത്തുടർന്ന് ആരംഭിച്ച സുരക്ഷാ ഓഡിറ്റുകൾ എൻ.എച്ച്-66-ലെ മറ്റ് പ്രോജക്ടുകളിലേക്കും വ്യാപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |