SignIn
Kerala Kaumudi Online
Tuesday, 03 March 2026 1.03 PM IST

ബ്രിട്ടീഷുകാരുടെ രാഷ്ട്രീയ തന്ത്രം: ഡൽഹിയെ തലസ്ഥാനമാക്കിയത് വെള്ളക്കാരുടെ 'രക്ഷാ മാർഗ്ഗം', ഒടുവിൽ അവർ കുഴിച്ച കുഴിയിൽ വീണു

Increase Font Size Decrease Font Size Print Page
india-gate

നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഇന്ത്യയുടെ രാഷ്ട്രീയ സിരാകേന്ദ്രവും രാജ്യതലസ്ഥാനവുമായ ഡൽഹിക്ക് പറയാനുള്ളത്. ഏഴിലധികം സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയും കണ്ട തലസ്ഥാന നഗരം, ഇന്നും പുരാതന ചരിത്ര ശേഷിപ്പുകളും ആധുനിക പുരോഗതിയും ഒത്തുചേരുന്ന മഹാസംഗമഭൂമിയായിട്ടാണ് നിലകൊള്ളുന്നത്. വിദ്യാഭ്യാസം, ഉന്നത ജോലികൾ, സിവിൽ സർവീസ് പരിശീലനം തുടങ്ങിയ കാര്യങ്ങൾക്കായി മലയാളികൾ അടക്കമുള്ളവർ ഇന്ന് രാജ്യ തലസ്ഥാനത്തെ ആശ്രയിക്കുന്നു. അധികാരത്തിന്റെയും മാറ്റത്തിന്റെയും പ്രതീകമായിട്ടാണ് ഡൽഹിയെ നമുക്ക് കാണാൻ കഴിയുക.

ഇന്ന് നമ്മൾ കാണുന്ന ഡൽഹി 114 വർഷങ്ങൾക്കു മുമ്പായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. 1911ലെ ഡൽഹി ദർബാറിൽ അന്നത്തെ ഭരണാധികാരിയായിരുന്ന കിംഗ് ജോർജ്ജ് അഞ്ചാമൻ നടത്തിയ ചരിത്ര പ്രഖ്യാപനമാണ് ഇന്ത്യയുടെ ഭാവിക്ക് രൂപം നൽകിയത്. രാജ്യത്തിന്മേലുള്ള ബ്രിട്ടീഷ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാനുള്ള തീരുമാനം. 1905ൽ ബംഗാൾ വിഭജനം നടത്തിയതിന് ശേഷം കൽക്കട്ടയിൽ ശക്തിപ്പെട്ടുവന്ന ദേശീയ പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ബ്രിട്ടീഷ് സർക്കാർ പ്രധാനമായും ഈ നീക്കം നടത്തിയത്.

1911നാണ് പുതിയ തലസ്ഥാന നഗരിയുടെ നിർമ്മാണത്തിനായി തറക്കല്ലിട്ടത്. എന്നാൽ ഒന്നാം ലോകമഹായുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിന്നതിനാൽ സാമ്പത്തിക ഞെരുക്കവും തൊഴിലാളി ക്ഷാമവും നിർമ്മാണ പ്രവർത്തനങ്ങളെ വൈകിപ്പിച്ചു. വർഷങ്ങൾക്കു ശേഷം എഡ്വിൻ ല്യൂട്ടൻസ്,​ ഹെർബർട്ട് ബേക്കർ എന്നിവരെ പ്രധാന ആർക്കിടെക്ടുകളായി നിയമിച്ചുകൊണ്ട് പദ്ധതി പുനരാരംഭിച്ചു.

അങ്ങനെ റൈസിന ഹില്ലും കൗൺസിൽ ഹൗസും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുതിയ അധികാര ഇടനാഴിയായി മാറി. രണ്ട് ദശാബ്ദങ്ങൾ നീണ്ടു നിന്ന നിർമ്മാണത്തിന് ശേഷം, 1931നാണ് പുതിയ തലസ്ഥാനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ ഓൾഇന്ത്യ വാർ മെമ്മോറിയൽ അതായത് ഇന്ന് നമ്മൾ കാണുന്ന ഇന്ത്യ ഗേറ്റ് അനാച്ഛാദനം ചെയ്തു. പുതിയ തലസ്ഥാനം നിർമ്മിക്കപ്പെട്ട കാലയളവിൽ ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളുടെ ഭാവിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. 1911ൽ ശക്തിയാർജ്ജിച്ച സാമ്രാജ്യം 1931ൽ അധികാര കൈമാറ്റം ആസന്നമാണെന്ന വ്യക്തമായ സൂചന നൽകുകയായിരുന്നു. ചരിത്രകാരനായ തോമസ് മെറ്റ്കാഫ് നിരീക്ഷിച്ചതുപോലെ വിഭാവനം ചെയ്ത എല്ലാ പ്രൗഢിയോടും കൂടി പുതിയ തലസ്ഥാനം ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമായി മാറി.

അന്നായിരുന്നു ഇന്ന് നമ്മളെല്ലാവരും കാണുന്ന ഇന്ത്യയുടെ പുതിയ തലസ്ഥാനം പിറന്നത്. പഴയ ചരിത്രവും പുതിയ പുരോഗതിയും ചേർന്ന തിരക്കുള്ള നഗരമായി ന്യൂഡൽഹി നിലകൊണ്ടു. നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന ഡൽഹി കേവലമൊരു തലസ്ഥാന നഗരി മാത്രമായിട്ടല്ല ഇന്ന് ലോകത്ത് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനവും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഉദയത്തിനും കൂടി സാക്ഷിയാണ് നമ്മുടെ ഡൽഹി. 1911ലെ പ്രഖ്യാപനത്തിൽ തുടങ്ങി ല്യൂട്ടൻസിന്റെയും ബേക്കറുടെയും രൂപകൽപ്പനയിലൂടെ ശക്തിയാർജ്ജിച്ച് 1931ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷവും ഒരു ഭരണസിരാകേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ചരിത്രഗതിയെ തന്നെ മാറ്റി മറിച്ചു.

TAGS: NEWDELHI, CAPITAL, LATESTNEWS, DELHI, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.