
ചലിപ്പിക്കുന്നതാണ് ചക്രം. അതിന് പണമെന്നും അർത്ഥമുണ്ടെന്നു മാത്രമല്ല, പണ്ട് ചക്രത്തിലായിരുന്നു നാണയങ്ങളുടെ കണക്ക്. ഏതു നാട്ടിലും സാമ്പത്തിക രംഗത്ത് ഉണർവ് പ്രകടമാകണമെങ്കിൽ വിപണി ചലനാത്മകമാകണം. വാങ്ങലും വില്ക്കലും മുറയ്ക്ക് നടക്കണം. അതിന്, വില്പനയ്ക്കായി സാധനങ്ങൾ വാങ്ങിവയ്ക്കാൻ കച്ചവടക്കാരന്റെ കൈയിലും, ഉത്പന്നം വാങ്ങാൻ ഉപഭോക്താവിന്റെ കൈവശവും ചക്രം വേണം. സാമ്പത്തിക ശാസ്ത്രത്തിലെ ഈ അടിസ്ഥാനതത്വത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, ചന്തകൾ കേന്ദ്രീകരിച്ച് കച്ചവടക്കാർക്ക് നാമമാത്രമായ പലിശയിൽ പ്രതിദിനവായ്പ ലഭ്യമാക്കുന്ന ഒരു പദ്ധതിക്ക് സംസ്ഥാന സഹകരണ വകുപ്പ് രൂപം നല്കിയ വാർത്ത 'കേരളകൗമുദി" കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ ചന്ത തുടങ്ങുന്നതിനു മുമ്പ് കച്ചവടക്കാരന് ആയിരം രൂപ വായ്പ നല്കുന്നു എന്ന് സങ്കല്പിക്കുക. വൈകിട്ട്, അന്നത്തെ പലിശയായ ഒരുരൂപ കൂടി ചേർത്ത് 1001 രൂപ തിരികെ നല്കണം. ഇങ്ങനെ ഒരു ദിവസം പരമാവധി 50,000 രൂപ വരെ വായ്പ അനുവദിക്കും. കണക്കുനോക്കിയാൽ, അരലക്ഷത്തിന് വെറും അമ്പത് രൂപ പലിശ!
സഹകരണ സംഘങ്ങളും ബാങ്കുകളും കേന്ദ്രീകരിച്ച് നടന്ന ശതകോടികളുടെ തട്ടിപ്പിന്റെ പേരിൽ സഹകരണ മേഖലയ്ക്കാകെ വന്നുചേർന്ന പേരുദോഷം മാറ്റുക എന്നതു മാത്രമല്ല, ഈ പുതിയ പദ്ധതിയുടെ ഉദ്ദേശ്യം. നിലവിൽ ചന്തകളിലെ ധനകാര്യം വട്ടിപ്പലിശക്കാരുടെ കൈകളിലാണ്. ആയിരം രൂപയ്ക്ക് 100 രൂപ ആണ് വട്ടിപ്പലിശക്കാരുടെ ഏറ്റവും ചെറിയ പലിശനിരക്കു പോലും! രാവിലെ 900 രൂപ കൊടുത്താൽ, വൈകിട്ട് 1000 തികച്ച് മടക്കിക്കൊടുക്കണം. ഇല്ലെങ്കിൽ ഗുണ്ടാപ്പിരിവുകാർ പിച്ചാത്തിയുമായി വന്ന് മീശപിരിച്ച് കാവൽ നില്ക്കും. പണപ്പെട്ടി പിടിച്ചെടുക്കും. വട്ടിപ്പലിശക്കാരുടെ കെണിയിൽ നിന്ന് പച്ചക്കറിക്കച്ചവടക്കാരും മീൻവില്പനക്കാരും ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക എന്ന സദുദ്ദേശ്യവും സഹകരണ വകുപ്പിന്റെ പദ്ധതിക്കു പിന്നിലുണ്ട്. നിക്ഷേപമായി വെറുതേകിടക്കുന്ന പണം വിനിയോഗിച്ച് വിപണിയെ ചലനാത്മകമാക്കുന്ന പദ്ധതി എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെ.
'റീകൂപ്പ്" എന്നാണ് ഇപ്പോൾ പദ്ധതിക്കായി കണ്ടുവച്ചിരിക്കുന്ന പേര്. കൊടുത്ത പണം തിരിച്ചുപിടിക്കൽ എന്നാണ് ഇതിന്റെ പച്ചയായ അർത്ഥം. കച്ചവടക്കാർക്ക് വായ്പ പണമായി നല്കുന്നത് 'റീകൂപ്പർമാർ" എന്ന പേരിൽ വിളിക്കപ്പെടുന്ന, അതത് പ്രദേശത്തെ സഹകരണ ബാങ്ക് നിയോഗിക്കുന്ന ഒരു വിശ്വസ്ത വ്യക്തി ആയിരിക്കും. ഇടപാടുകാർ അതത് ദിവസം പലിശ സഹിതം തുക തിരിച്ചടയ്ക്കുന്നു എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം 'റീകൂപ്പർ"ക്കാണ്. പലിശത്തുക നാമമാത്രമായതുകൊണ്ട് അക്കാര്യത്തിൽ അവർക്ക് വലിയ ബദ്ധപ്പാട് വേണ്ടിവരില്ലെന്ന് തത്കാലം കരുതാം. എങ്കിലും 'റീകൂപ്പ്" എന്ന പേര് ഒന്നു പരിഷ്കരിക്കുന്ന കാര്യംകൂടി പരിഗണിക്കണം. ഇപ്പോൾ അത്, തിരിച്ചുപിടിക്കൽ എന്ന നടപടിയെ കേന്ദ്രീകരിച്ചാണെങ്കിൽ, പണം നല്കൽ എന്ന ശുഭകർമ്മത്തിന് പ്രാധാന്യം നല്കുന്ന പേരിടുന്നതാവും നല്ലത്. ചന്തകളിലെ ചെറുകിട കച്ചവടക്കാരെ ഉദ്ദേശിച്ചായതുകൊണ്ട് 'ലാഭചക്ര"മെന്നോ "ഭാഗ്യചക്ര"മെന്നോ മറ്രോ തനിമലയാളം പേര് ആലോചിക്കുന്നതാവും ഉചിതം. പറയാനും എളുപ്പമാകും!
പേരിലല്ല, പ്രയോഗത്തിലാണ് കാര്യമെന്നതും മറക്കരുത്. സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ 'ഗുണഭോക്താക്കൾ" ഏറെയും ഭരണസമിതി അംഗങ്ങളോ അവർക്കു വേണ്ടപ്പെട്ടവരോ തന്നെയായിരുന്നു. പലരും ചില്ലിക്കാശ് തിരിച്ചടച്ചില്ല. തിരിച്ചടവ് മുടങ്ങിയതിനെക്കുറിച്ച് ചോദിക്കാനോ, നിർബന്ധിക്കാനോ ആളുണ്ടായില്ല. വായ്പ ലഭിക്കാനുള്ള യോഗ്യത, കച്ചവടക്കാരന്റെ രാഷ്ട്രീയമോ, ബാങ്ക് ഭരണസമിതി അംഗങ്ങളുമായുള്ള ബന്ധുത്വമോ, റീകൂപ്പറുമായുള്ള സുഹൃദ്ബന്ധമോ ഒന്നും ആകരുത്. ബാങ്ക് നിയോഗിക്കുന്ന 'റീകൂപ്പർ"മാർ, ബാങ്കിനെ തട്ടിച്ച് പണവുമായി മുങ്ങുന്ന തിരുമാലികളാവരുത് എന്നതാണ് ഏറ്റവും പ്രധാനം. ഇങ്ങനെ, തുടക്കംമുതൽ തന്നെ ജാഗ്രതയും ഉത്തരവാദിത്വബോധവും പുലർത്തിയാൽ സഹകരണമേഖലയെയാകെ ഉത്തേജിപ്പിക്കുന്നതും, പ്രാദേശിക വിപണികളെ ഒറ്റയടിക്ക് ചലനാത്മകമാക്കുന്നതും, വട്ടിപ്പലിശക്കാരുടെ വർഗത്തെ ചന്തകളിൽ നിന്ന് വേരോടെ പിഴുതു മാറ്റുന്നതുമായിത്തീരും, ഈ 'വിപണിചക്ര" വായ്പാ പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |