
കൊച്ചി: ഒരു പകൽനീണ്ട കാത്തിരിപ്പ്. നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ പൾസർ സുനിയടക്കം ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചപ്പോൾ അക്ഷമരായി കോടതി പരിസരത്ത് കാത്തുനിന്നവർക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ശിക്ഷ കുറഞ്ഞുപോയി, ഇതിലും കടുത്തശിക്ഷ പ്രതികൾ അർഹിച്ചിരുന്നു.
എറണാകുളം ജില്ലാ പ്രൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പ്രതികൾക്ക് എന്ത് ശിക്ഷ വിധിക്കുമെന്ന് അറിയാൻ രാവിലെമുതൽ കോടതി പരിസരത്ത് ആളുകൾ എത്തി. അഭിഭാഷകരും കക്ഷികളും മാദ്ധ്യമപ്പടയും തമ്പടിച്ചതോടെ കുടുംബകോടതിക്കും ജില്ലാ കോടതി സമുച്ചയത്തിനും ഇടയിലുള്ള റോഡിൽ ആളുകൾ നിറഞ്ഞു. സുരക്ഷയൊരുക്കാൻ പൊലീസും നിലയുറപ്പിച്ചു.
കൃത്യം 10ന് ജഡ്ജി ഹണി എം. വർഗീസിന്റെ കാർ കോടതിയിലെത്തി. പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. അജകുമാർ അഭിഭാഷകർക്കൊപ്പം കോടതിയിലേക്ക് പ്രവേശിച്ചു. നടിയുടെ അഭിഭാഷക ടി.ബി. മിനി എത്തിയെങ്കിലും കയറാതെ തിരികെപ്പോയി. ശിക്ഷാവിധിക്കുശേഷം ചില വെളിപ്പെടുത്തലുകൾ നടത്തുമെന്ന മിനിയുടെ തുറന്നുപറച്ചിൽ കാത്തിരിപ്പിന് മറ്റൊരുമാനവും നൽകി.
10.45ന് പ്രതികളുമായി പൊലീസ് വാഹനം കോടതി കോമ്പൗണ്ടിലേക്ക് കടന്നു. ശിക്ഷാവിധി പ്രസ്താവിക്കുന്ന ദിവസം വെളുത്ത വസ്ത്രം അണിയുന്ന പതിവ് പ്രതികൾ തെറ്റിച്ചു. വടിവാൾ സലിം, മാർട്ടിൻ, പ്രദീപ് എന്നിവർ മാസ്‌ക് ധരിച്ചാണ് വന്നത്. പ്രതികരണം ആരാഞ്ഞെങ്കിലും മിണ്ടിയില്ല. മൂന്നാംപ്രതി മണികണ്ഠനെ കാണാൻ ഭാര്യയും മക്കളും ബന്ധുവും വന്നിരുന്നു. പ്രതികളുടെ വാദംനീണ്ടതോടെ വൈകിട്ടുവരെ കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പായി. അറിയാൻ വന്നവർ ഒന്നൊന്നായി മടങ്ങി. പറഞ്ഞതിലും ഒരുമണിക്കൂർ വൈകിയാണ് ഉച്ചയ്ക്കുശേഷം ജഡ്ജി കോടതിമുറിയിലേക്കെത്തിയത്. 4.40നായിരുന്നു വിധിപ്രസ്താവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |