SignIn
Kerala Kaumudi Online
Monday, 15 December 2025 7.04 PM IST

വിത്ത് നിയമം ഉയർത്തുന്ന ആശങ്ക

Increase Font Size Decrease Font Size Print Page
sa

വിത്തുമേഖലയുടെ വർത്തമാനകാലത്തെ സ്ഥിതി മുമ്പെങ്ങും ഇല്ലാത്തവിധം ആശങ്കാജനകമാണ്. ലോകമെമ്പാടും വിത്തുത്പാദനത്തിന്റെയും വിതരണത്തിന്റെയും ഉടമസ്ഥാവകാശം ഏതാനും വലിയ കോർപ്പറേഷനുകളുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ, ലോകത്തെ ഏറ്റവും വലിയ വിത്ത് - കീടനാശിനി കമ്പനികൾ വാണിജ്യ വിത്തുമേഖലയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ ലോക വ്യാപാരസംഘടനയെയും ഉപോവ്, ഐ.ടി.പി.ജി.ആർ.എഫ്.എ കരാറുകളെയും ഉപയോഗിക്കുന്നു. ലോക വിത്തുവിപണിയുടെ 40 ശതമാനം രണ്ട് മുൻനിര കമ്പനികൾ നിയന്ത്രിക്കുന്നു. വിത്തുവിപണിയുടെ 62 ശതമാനം നാല് മുൻനിര കമ്പനികൾ നിയന്ത്രിക്കുന്നു. സ്വതന്ത്രവ്യാപാരക്കരാറുകളിൽ ഏർപ്പെടുമ്പോൾ ഉപോവ് കരാർ ഒപ്പിടണമെന്ന് അതിൽ വ്യവസ്ഥ ചെയ്യാൻ ഇന്ത്യപോലുള്ള മൂന്നാംലോകരാജ്യങ്ങളെ അമേരിക്കയും യൂറോപ്യൻ യൂണിയനും നിർബന്ധിക്കുന്നു. ഐ.ടി.പി.ജി.ആർ.എഫ്.എയിൽ പുതിയ ഭേദഗതികൾ കോർപ്പറേറ്റുകൾ സ്വാധീനം ചെലുത്തി കൊണ്ടുവന്ന് ജനിതകങ്ങൾ കൈക്കലാക്കുന്നു. വിത്തുത്പാദനത്തിൽ നിന്നും ഗവേഷണങ്ങളിൽ നിന്നും സർക്കാർ സംവിധാനങ്ങൾ പിന്മാറുന്നു. അപകടകരമായ ഈ സാഹചര്യത്തിൽ ലോകംമുഴുവൻ വിത്തുവിപണി അടക്കിവാഴുന്നവർക്ക് ഇന്ത്യയിൽ സൗകര്യമൊരുക്കലാണ് കരട് വിത്തുബിൽ വഴി കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ പ്രവണതകൾ ചെറുകിടകർഷകർക്ക് താങ്ങാനാകുന്ന വിലയിൽ ഉയർന്നനിലവാരമുള്ള വിത്തുകൾ കിട്ടുന്നത് ഇല്ലാതാക്കും. കൂടാതെ, വിത്തുകൾ സൂക്ഷിക്കാനും കൈമാറ്റംചെയ്യാനുമുള്ള അവരുടെ അവകാശങ്ങളിൽ നിയന്ത്രണങ്ങൾ വരും.

രാജ്യത്ത് വിൽക്കുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായി 1966 ലാണ്, ഇന്ത്യയിൽ ആദ്യമായി വിത്തുനിയമം ഉണ്ടാക്കുന്നത്. ഹരിത വിപ്ലവം ആരംഭിച്ചതിന്റെ തൊട്ടടുത്ത വർഷമായിരുന്നു ഇത്. കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള വിത്തുകളായിരുന്നു ഇതിലുണ്ടായിരുന്നത് എന്നതായിരുന്ന ഈ പദ്ധതിയുടെ പ്രധാന സവിശേഷത. കർഷക സമൂഹങ്ങളിൽ നിലനിർത്തി വികസിപ്പിച്ചു പോന്നിരുന്ന വിത്ത് സമ്പ്രദായങ്ങളിൽനിന്ന് വലിയൊരു മാറ്റം പദ്ധതി വിഭാവനം ചെയ്തിരുന്നു. കർഷകർക്ക് നൽകുന്ന വിത്തുകളുടെ ശുദ്ധിയും മുളക്കാനുള്ള കഴിവുമാണ് ഇതിൽ പ്രധാനമായും നോക്കിയിരുന്നത്. എൺപതുകൾവരെ പൊതുമേഖല കാർഷിക ഗവേഷണ സ്ഥാപനങ്ങളാണ് പ്രധാനമായും കർഷകർക്കുള്ള വിത്തുകൾ തിരഞ്ഞെടുത്തിരുന്നത്. സങ്കരയിനം വിത്തുകൾ ഉൽപാദിപ്പിച്ചതും ഗുണനിലവരം ഉറപ്പാക്കിയതും ഇവിടെനിന്നായിരുന്നു. എന്നാൽ, എൺപതുകളോടെ പല സ്വകാര്യ കമ്പനികളും വിത്തുൽപാദനത്തിലേക്ക് കടന്നുവരാൻ തുടങ്ങി.

 വിത്തുകമ്പനികളുടെ വളർച്ച

ഇന്ത്യയിലെ വിത്തുകമ്പനികൾക്ക് അത്യപൂർവ വളർച്ചയാണ് കഴിഞ്ഞ 30 - 40 വർഷങ്ങൾകൊണ്ടുണ്ടായത്. അനുകൂലമായ സർക്കാർ നയങ്ങളും സങ്കരയിനം വിത്തുകളെ ആശ്രയിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായതുമെല്ലാം ഈ വളർച്ചക്ക് കാരണമായി. ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ വിത്ത് വ്യവസായം. ചോളം, പച്ചക്കറി തുടങ്ങിയ വിളകളിൽ അഭൂതപൂർവമായ സങ്കരയിനം വിത്തുകളുടെ കടന്നുവരവും പരുത്തിയിൽ ജനിതകമാറ്റം വരുത്തിയ വിത്തുകൾ വിപണി കീഴടക്കിയതും ഇതിനൊരു കാരണമാണ്.

2002ൽ വന്ന 'ദേശീയ വിത്തുനയം' വിത്ത് ഗവേഷണത്തിലും വികസനത്തിലും സ്വകാര്യ കമ്പനി നിക്ഷേപം പ്രോത്സാഹിപ്പിച്ചു. എന്നാലിതിനൊപ്പം, കർഷകർക്ക് വിത്തിന്റെ ഗുണത്തിലും വൈവിധ്യത്തിലും നിയന്ത്രണം നഷ്ടപ്പെട്ടു എന്ന ദുര്യോഗമുണ്ടായി. പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങൾ വിത്തുത്പാദനത്തിൽ പിറകോട്ട് പോവുകയും ചെയ്തു. വിത്തിന്റെ വിലയിലും ലഭ്യതയിലും ഗുണത്തിലും ഇടപെടാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയാതെയായി.

ആന്ധ്രയിലും മഹാരാഷ്ട്രയിലുമെല്ലാം കാർഷിക സീസണിന്റെ തുടക്കത്തിൽ വിത്തുകടകളുടെ മുന്നിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥവരെ ഉണ്ടായി. കർഷകരെ നിയന്ത്രിക്കാൻ സർക്കാറിന് വെടിവെപ്പുവരെ നടത്തേണ്ടിവന്ന സംഭവങ്ങളുണ്ടായി. ഇത്തരം വിത്തുകളും അതിന്റെ പാക്കേജുകളും കൃഷിച്ചെലവ് വർധിപ്പിച്ചു. ഇതോടെ അവർക്ക് സ്വകാര്യ ഏജൻസികളിൽനിന്ന് കടമെടുക്കേണ്ടിയും വന്നു.

 വിത്ത് ബിൽ 2025

പരമ്പരാഗത വിത്തുകളുടെ വലിയൊരു ശേഖരം കൈയിൽവെച്ച്, കർഷകർക്ക് നിയന്ത്രണമൊന്നുമില്ലാത്ത, വിലകൂടിയ സ്വകാര്യ വിത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെക്കുറിച്ച് കാർഷിക വിദഗ്ധരും കർഷകരും ആശങ്ക പങ്കുവെക്കുന്ന അവസരത്തിലാണ്, മാറ്റങ്ങളോടെ 'വിത്ത് ബിൽ 2025' കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കാനും വ്യാപാരം എളുപ്പമാക്കാനും വേണ്ടിയെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും, സ്വകാര്യ വിത്ത് കമ്പനികൾക്കുവേണ്ടിയുള്ള ബില്ലാണെന്നാണ് തോന്നുക.

കർഷകരുടെ വിത്ത് വ്യവസ്ഥയെ ഈ ബിൽ നിയന്ത്രിക്കില്ല എന്നും സർക്കാർ പറയുന്നുണ്ട്. എന്നാൽ, കർഷകർ എന്നത് ചെറിയ കർഷക കൂട്ടായ്മകൾ മുതൽ കർഷക നിയന്ത്രണത്തിലുള്ള കമ്പനികൾ വരെ ഉൾപ്പെടും. ഇതിൽ പലരും വിത്തുകൾ സംരക്ഷിക്കുന്നവരും ചെറിയ തോതിൽ വിത്ത് വിൽപന നടത്തുന്നവരുമാണ്. ഇവയുടെ ഭാവിയെക്കുറിച്ച് വിത്ത് ബിൽ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കർഷക കേന്ദ്രീകൃതമായ വിത്തുൽപാദന സംരംഭങ്ങൾക്ക് ഒരു പ്രോത്സാഹനവും വിത്ത് ബിൽ ഉറപ്പാക്കുന്നില്ല.


 ബില്ല് ഉയർത്തുന്ന പ്രശ്നങ്ങൾ

ബില്ലിലെ ഉത്കണ്ഠയുയർത്തുന്ന ഒരു പ്രധാന വ്യവസ്ഥ ഇതിന്റെ കേന്ദ്രീകൃത സ്വഭാവമാണ്. ദേശീയതലത്തിൽ അംഗീകൃതമായ ഒരു കമ്പനിക്ക് എല്ലാ സംസ്ഥാനങ്ങളിലും അംഗീകാരമുണ്ടാകുന്നു എന്നതാണ് അതിലൊന്ന്. ഇത് വലിയ കമ്പനികൾക്ക് വിത്ത് കച്ചവടത്തിൽ മേൽക്കോയ്മ സൃഷ്ടിക്കാനിടയുണ്ട്. മാത്രമല്ല, സംസ്ഥാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തൽ ബുദ്ധിമുട്ടാകും.

മറ്റൊരു പ്രശ്നം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കോടതികളെ തന്നെ ആശ്രയിക്കേണ്ടിവരുമെന്നതാണ്. ചെറുകിട കർഷകർക്ക് അതിനുള്ള സാമ്പത്തികമോ സാമൂഹികമോ ആയ കഴിവുണ്ടാകില്ല. ബില്ലിൽ ഡിജിറ്റൽ റിപ്പോർട്ടിങ്ങിനെ പറ്റിയാണ് കൂടുതൽ പ്രതിപാദിക്കുന്നത്. ഇതും അവകാശങ്ങൾ നേടുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കാം.

ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വിദേശ സ്ഥാപനങ്ങൾക്ക് വിത്ത് പരിശോധനക്ക് ഈ ബില്ലിൽ അംഗീകാരം കൊടുക്കും എന്നതാണ്. ഇത് ജനിതകമാറ്റം വരുത്തിയ പേറ്റന്റുള്ള വിത്തുകൾക്ക് കടന്നുവരാനുള്ള വാതിൽ തുറക്കുമെന്ന് കർഷക സംഘടനകളും വിദഗ്ധരും അഭിപ്രായപ്പെടുന്നു.

 ആശങ്കകൾ പലത്

വിത്തുബില്ലിന്റെ വിമർശകർ പല ആശങ്കകകളും പങ്കുവെക്കുന്നുണ്ട്. പൊതുമേഖലയെ മറികടന്ന് സ്വകാര്യ മേഖല, പ്രതേകിച്ച്, ബഹുരാഷ്ട്ര വിത്ത്കമ്പനികൾ വിത്ത് രംഗം പിടിച്ചെടുക്കുമെന്ന ആശങ്ക കർഷക സംഘടനകളുൾപ്പെടെ പലരും പങ്കു വെക്കുന്നു. പ്രധാനപ്പെട്ട ചില സന്ദേഹങ്ങൾ കാണാം. ഇതിൽ പ്രതിരോധം ഒരു അസാദ്ധ്യമാണ്.

ഗുണനിലവാരമില്ലാത്ത വിത്തുകൾ വിളനാശത്തിലേക്ക് നയിച്ചാൽ, കർഷകർക്ക് കോടതികളിലൂടെ നഷ്ടപരിഹാരം തേടേണ്ടിവരും. പല ചെറുകിടകർഷകർക്കും കോടതിവ്യവഹാരം അപ്രായോഗികമായ പ്രക്രിയയാണ്. നഷ്ടപരിഹാരത്തിനായി പ്രായോഗികമോ എളുപ്പം കർഷകന് നേടിയെടുക്കാവുന്നതോ ആയ ഒരുസംവിധാനവും ബിൽ വാഗ്ദാനം ചെയ്യുന്നില്ലെന്നത്, ബിൽ കർഷകനവേണ്ടിയല്ല കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് എന്ന വാദത്തെ ന്യായീകരിക്കുന്നു. വ്യക്തിഗതകർഷകർക്ക് വിത്തുകൾ സൂക്ഷിക്കാനും പങ്കിടാനും കഴിയുമെങ്കിലും കർഷക ഉത്പാദക സംഘടനകൾ, വനിതാ വിത്തുകൂട്ടായ്മകൾ, പരമ്പരാഗത വിത്തുസംരക്ഷണ ശൃംഖലകൾ എന്നിവപോലുള്ള കൂട്ടയ്മകളെ വാണിജ്യസ്ഥാപനങ്ങളായിമാത്രമാണ് ബിൽ പരിഗണിക്കുന്നത്. വലിയ കമ്പനികളുടെ അതേ കൂട്ടത്തിൽ ഇവയും മത്സരിക്കേണ്ടതുള്ളതുകൊണ്ട് കർഷകർക്ക് ഒരുമിച്ചചേർന്നു കുത്തകകളെ പ്രതിരോധിക്കാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. വിത്തുഗുണനിലവാരപരീക്ഷണങ്ങളിൽ വലിയ കമ്പനികൾ സാധാരണയായി ഉത്പാദിപ്പിക്കുന്ന ഏകീകൃത ഹൈബ്രിഡ് വിത്തുകളാണ് എളുപ്പം വിജയിക്കുക. തദ്ദേശീയവും വൈവിധ്യപൂർണവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ ഇനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാൻ പാടുപെടുകയും ഔപചാരികവിപണികളിൽനിന്ന് ക്രമേണ അപ്രത്യക്ഷമാകുകയുംചെയ്‌തേക്കാം. വിത്തുകളുടെ വൈവിധ്യം കീടങ്ങളെ പ്രതിരോധിക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്. വൈവിധ്യം നഷ്ടപ്പെടുന്നത് അതുകൊണ്ടുതന്നെ അപകടവുമാണ്. ബിൽ വിപുലമായ ഡിജിറ്റൽ വിവരശേഖരണം വ്യവസ്ഥചെയ്യുന്നു. പരിമിതമായ ഡിജിറ്റൽസാക്ഷരതയുള്ള ചെറിയ ഗ്രാമീണ വിത്തുസൂക്ഷിപ്പുകാർക്ക് ക്യുആർ കോഡുകൾ, ഓൺലൈൻ സമർപ്പണങ്ങൾ, തുടർച്ചയായ ട്രാക്കിങ് എന്നിവ വെല്ലുവിളിയുയർത്തും. വിദേശകമ്പനികൾക്ക്, വിദേശത്തു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകാൻ ബിൽ അനുവദിക്കുന്നു. വിദേശവിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽമാത്രം, ജനിതകമാറ്റംവരുത്തിയതോ പേറ്റന്റ് ചെയ്തതോ ആയ വിത്തുകൾ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഇത് അനുവദിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കർശനമായ മേൽനോട്ടമില്ലാതെ ജനിതകമാറ്റം വരുത്തിയതോ ജീൻ എഡിറ്റ് ചെയ്തതോ ആയ വിത്തുകൾ അനുവദിച്ചാൽ, മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതായിരിക്കും. സൂക്ഷ്മമായി പരിശോധിച്ചാൽ കർഷകതാത്പര്യം സംരക്ഷിക്കാൻ എന്നപേരിൽ കൊണ്ടുവന്ന ബിൽ യഥാർഥത്തിൽ സംരക്ഷിക്കുന്നത് കോർപ്പറേറ്റുതാത്പര്യമാണ് എന്നു മനസിലാക്കാൻ കഴിയും.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.