
ശബരിമല സ്വർണക്കൊള്ള കേസിന് രാജ്യാന്തര ബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. കുറ്റകൃത്യത്തിന്റെ പ്ലോട്ട്, രാജ്യാന്തര വിഗ്രഹക്കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ മാതൃകയിലാണെന്ന് ഹൈക്കോടതി തന്നെ വിലയിരുത്തിയിരുന്നു. വിദേശ ഗൂഢാലോചനയുടെ ചില വിവരങ്ങൾ രമേശ് ചെന്നിത്തല എസ്.ഐ.ടിയെ ധരിപ്പിച്ചിട്ടുണ്ട്. കേസിലെ അന്തർ സംസ്ഥാന ബന്ധം നേരത്തേ തന്നെ വ്യക്തമായതാണ്. ഈ വഴിയ്ക്കെല്ലാം അന്വേഷണം എത്തിക്കുകയെന്ന ദുഷ്കര ദൗത്യമാണ് പൊലീസ് സംഘത്തിന് മുന്നിലുള്ളത്. അതിന് പരിമിതികളുള്ളതിനാൽ അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെയാണ്. അതിനാലാണ് സി.ബി.ഐ എത്തുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. ഈ ആവശ്യവുമായി ഹർജികൾ ഹൈക്കോടതിയിലുണ്ട്. ഏതു തീരുമാനവും കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നു മാത്രം.
സ്വർണക്കൊളള കേസിന്റെ അന്വേഷണം എസ്.ഐ.ടി ഏറ്റെടുത്തിട്ട് രണ്ടു മാസം പൂർത്തിയാവുകയാണ്. അതിന് മുമ്പ് 20 ദിവസം ദേവസ്വം വിജിലൻസും അന്വേഷിച്ചു.
സ്വർണക്കൊളളയ്ക്ക് നേതൃത്വം നൽകിയ 'സ്‌പോൺസ'റും ഗൂഢാലോചന നടത്തിയ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും അനുമതി നൽകിയ രണ്ട് മുൻ പ്രസിസന്റുമാരടക്കം അറസ്റ്റിലായിട്ടുണ്ട്. ഒത്താശ ചെയ്തു കൊടുത്ത വേറെയും ജീവനക്കാർ പ്രതിപ്പട്ടികയിൽ അവശേഷിക്കുന്നുണ്ട്. ബാഹ്യ ഇടപെടൽ നടക്കാത്ത വിധം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശന നിരീക്ഷണത്തിലാണ് അന്വേഷണം തുടരുന്നത്. അന്വേഷണം പൂർത്തിയാക്കാൻ കോടതി നൽകിയ സമയപരിധിയിൽ ഇനി 35 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെയാണെന്നാണ് കോടതി പറഞ്ഞത്. സ്വർണക്കൊള്ളയിലെ അന്തർ സംസ്ഥാന ബന്ധങ്ങൾ വ്യക്തമായിക്കഴിഞ്ഞു. രാജ്യാന്തര ബന്ധങ്ങളെക്കുറിച്ച് സംശയങ്ങളുണ്ട്. കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് സി.ബി.ഐയും പിന്നാലെ എത്താനുള്ള സാദ്ധ്യത തെളിയുന്നത്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ഹർജി നൽകിയിട്ടുണ്ട്. സ്വർണക്കൊളള കേസിൽ അഴിമതി നിരോധന നിയമപ്രകാരമുളള വകുപ്പുകൾ ചേർത്തതും സി.ബി.ഐയ്ക്ക് കളിക്കാൻ കളമൊരുക്കിയിരിക്കുകയാണ്. ഏതിനും ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് പ്രധാനം.
ചെന്നൈ, ബെംഗളൂരു
ബെല്ലാരി...
സ്വർണക്കൊള്ളയുടെ പല അന്തർ സംസ്ഥാന കണക്‌ഷനുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരു കേന്ദ്രമാക്കിയായിരുന്നു ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രവർത്തനം. ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും ശ്രീകോവിൽ വാതിലുമെല്ലാം സ്വർണം പൂശാൻ പല ഘട്ടങ്ങളിലായി എത്തിച്ചത് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിലാണ്. പോറ്റിയുടെ നിർദ്ദേശപ്രകാരം പുതുതായുണ്ടാക്കിയ വാതിൽ ചെമ്പുപൊതിഞ്ഞത് ഹൈദരബാദിലാണ്. ഉരുക്കി മോഷ്ടിച്ച സ്വർണം വാങ്ങിയത് ബെല്ലാരിയിലെ സ്വർണക്കട ഉടമയും ദുരൂഹ വ്യക്തിത്വവുമായ ഗോവർദ്ധനാണ്. ഇയാൾക്ക് ഇടനില നിന്നത് രാജസ്ഥാൻ സ്വദേശി കൽപേഷാണ്. ഇവിടേയ്ക്കെല്ലാം വിശദമായ അന്വേഷണം എത്തേണ്ടതുണ്ട്. രേഖകൾ കണ്ടെടുക്കുന്നതിനും കുറ്റകൃത്യത്തിന്റെ റൂട്ട് പിൻതുടരുന്നതിനും സംസ്ഥാന പൊലീസിന് പരിമിതികളുണ്ടായേക്കും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ ഇടപെടൽ പ്രസക്തമാകുന്നത്. സംഭവത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പുറത്തുള്ള കണ്ണികൾ ഉണ്ടെന്ന സംശയം കൂടി നിലനിൽക്കുന്നത്, 'നേരറിയാൻ സി.ബി.ഐ' എത്താനുള്ള സാദ്ധ്യത ബലപ്പെടുത്തുന്നു.
സുഭാഷ് കപൂർ ശൈലി
ക്ഷേത്ര കലാസൃഷ്ടികളും പുരാവസ്തുക്കളും മോഷ്ടിച്ച് രാജ്യാന്തര വിപണിയിലെത്തിച്ച് സഹസ്ര കോടികളുടെ ഇടപാടു നടത്തിയ സുഭാഷ് കപൂർ എന്ന രാജ്യാന്തര കുറ്റവാളിയുണ്ട്. ഇപ്പോൾ തമിഴ്നാട്ടിലെ ജയിലിലാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളിലൊന്നിൽ ഈ കുറ്റവാളിയുടെ പേര് പരാമർശിക്കുന്നുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലെ സ്വർണം കവർച്ച ചെയ്തത് സുഭാഷ് കപൂറിന്റെ 'മോഡസ് ഓപ്പറാൻഡി"ക്കു സമാനമാണെന്നാണ് കോടതി പരാമർശിച്ചത്. ഒറിജിനൽ കലാരൂപങ്ങൾ മാറ്റിവച്ച് പകരം ഡ്യൂപ്ലിക്കേറ്റ് സമർപ്പിക്കുന്ന രീതിയും ഉണ്ണികൃഷ്ണൻ പോറ്റി നടപ്പാക്കിയെന്നും നിരീക്ഷിച്ചിരുന്നു. പോറ്റി പല വിദേശയാത്രകളും നടത്തിയിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ശബരിമല കേസിലെ രാജ്യാന്തര ബന്ധം സംബന്ധിച്ച് ദുബായിൽ നിന്നും മറ്റും ചില വിവരങ്ങൾ ലഭിച്ചതായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തുകയും എസ്.ഐ.ടിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര തലത്തിൽ വിപുലമായ അന്വേഷണത്തിന് ആവശ്യം ശക്തമാകുമെന്നർത്ഥം.
പ്രശസ്തമായ ആരാധനാലയങ്ങളിൽ നിന്നും മ്യൂസിയങ്ങളിൽ നിന്നും കവരുന്ന പുരാവസ്തുക്കൾ കൃത്രിമ രേഖ ചമച്ച് വിൽക്കുന്ന ഗൂഢസംഘങ്ങൾ വിപുലമാണ്. രാജ്യാന്തര വിപണിയിൽ ഇവയ്ക്ക് മോഹവിലയാണ്. ഇത്തരത്തിലുള്ള പല കുറ്റ കൃത്യങ്ങളും അന്വേഷിച്ചു തെളിയിച്ച് നഷ്ടമായ അമൂല്യ വസ്തുക്കൾ തിരിച്ചുപിടിച്ച അനുഭവ പരിചയം സി.ബി.ഐയ്ക്കുണ്ട്. അതിപുരാതന ലോഹ വിഗ്രഹങ്ങളും വിലമതിക്കാനാകാത്ത രവി വർമ്മ ചിത്രങ്ങളും കുറ്റവാളികളിൽ നിന്ന് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അതിനാൽ ശബരിമല കേസിൽ പ്രഥമദൃഷ്ട്യാ രാജ്യാന്തര ഗൂഢാലോചന ബോദ്ധ്യപ്പെട്ടാൽ ഹൈക്കോടതി സി.ബി.ഐയുടെ നിലപാട് തേടാനിടയുണ്ട്. ഈ ആവശ്യവുമായി ഹർജികൾ പരിഗണനയ്ക്ക് വന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ശബരിമല കേസിന് പിന്നിലെ രാഷ്ട്രീയവും കണക്കിലെടുത്തേണ്ടതുണ്ട്. രാജീവ് ചന്ദ്രശേഖറും രമേശ് ചെന്നിത്തലയുമടക്കമാണ് രംഗത്തുള്ളത്. അഴിയ്ക്കുള്ളിലുള്ളവരിൽ സി.പി.എമ്മിന്റെ പ്രധാന നേതാക്കളുണ്ട്. ദ്വാരപാലക ശില്പങ്ങൾ 2025ലും പോറ്റിക്ക് കൊടുത്തുവിട്ടതിലേക്ക് അന്വേഷണം എത്തേണ്ടതുണ്ട്. മൂന്നു മാസത്തിനകം കേരളം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുകയാണ്. മൂന്നാം ഭരണത്തിനായി ഇടതുപക്ഷ ചേരി അടിയുറച്ചുള്ള മുന്നൊരുക്കത്തിലാണ്. നിർണായകമായ ഈ അവസരത്തിൽ സി.ബി.ഐ രംഗപ്രവേശം ചെയ്താൽ അത് 'ബിഗ് ബ്രേക്കിംഗ്' സംഭവം തന്നെയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |