
അരനൂറ്റാണ്ടു മുമ്പ്, സ്റ്റേറ്റ് ബാങ്കിൽ ഒരു പ്രൊബേഷനറി ഓഫീസറായി കൊൽക്കത്തയിലേക്ക് എത്തുമ്പോൾ രാജ്ഭവൻ എനിക്കൊരു ബാലികേറാമലയായിരുന്നു- ഒരു സ്വപ്നലോകം! എനിക്കു മാത്രമല്ല, അതിന്റെ ചുറ്റുവട്ടത്ത് ജനിച്ചവർക്കുപോലും അത് നിഗൂഢതകൾ നിറഞ്ഞ കൊളോണിയൽ കൊട്ടാരമായിരുന്നു. എന്നെങ്കിലും ഒരുനാൾ അതിനുള്ളിലൊന്നു കയറി കാണാനോ, അവിടെ ഒരുനാളെങ്കിലും അതിഥിയായി താമസിക്കാനോ കഴിയുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. അതിനുവേണ്ടി ശ്രമിക്കാൻ പോലും തോന്നിയതുമില്ല!
അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി ആ രാജ്ഭവനിൽ ഒരു ഭരണാധികാരിയായി നിയോഗിക്കപ്പെട്ടപ്പോൾ ആദ്യം മനസിലുറപ്പിച്ച ഒരു തീരുമാനം രാജ്ഭവന്റെ ഉരുക്കു കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം എന്നതായിരുന്നു. രാജ്യത്തിന്റെ വിഭവങ്ങൾകൊണ്ട് വിദേശ സാമ്രാജ്യത്വ ശക്തികൾ കെട്ടിപ്പൊക്കിയ സൗധങ്ങൾ സ്വാതന്ത്ര്യത്തിനു ശേഷവും അവയുടെ യഥാർത്ഥ ഉടമസ്ഥർക്ക് അപ്രാപ്യമായി തുടരുന്നത് അനീതിയാണെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
2022 നവംബർ 22ന്, ഉത്തരകവാടം വഴി എന്റെ ഔദ്യോഗിക വാഹനവ്യൂഹം ആദ്യമായി രാജ്ഭവനിലേക്ക് കയറുമ്പോൾ, മഹത്തായ ആ മന്ദിര സമുച്ചയത്തിന്റെ ഭംഗിയും പ്രൗഢിയും കൺമുന്നിൽ വിരിയുമ്പോൾ, കോളനിയെന്ന പേരിൽ നമ്മെ അടിമകളാക്കി ഭയപ്പെടുത്തിയും അവമതിച്ചും ചൂഷണം ചെയ്തും ഭരിച്ചിരുന്ന വിദേശികരുടെ കാലഘട്ടം മനസിൽ തിരയടിച്ചു.
1943-ലെ മനുഷ്യനിർമ്മിതമായ ബംഗാൾ ക്ഷാമത്തിൽ ലക്ഷക്കണക്കിന് നിരപരാധികൾ വിശന്നു മരിച്ച് മണ്ണിലമർന്നപ്പോഴുയർന്ന നിലവിളികളും, യഥാർത്ഥ അവകാശികളെ പട്ടിണിയിലാക്കിയ ശേഷം ഈ നാടിന്റെ സമ്പത്ത്, തങ്ങളുടെ നിലവറകളിലേക്ക് ഒഴുക്കിയ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ അട്ടഹാസങ്ങളും എന്റെ കാതുകളിൽ മുഴങ്ങി.
വ്യാളിയുടെ
ചിറകുകൾ
1842-ൽ യുദ്ധ സമ്മാനമായി നേടിയ 'ചിറകുള്ള വ്യാളി"യിൽ ഘടിപ്പിച്ച ചൈനീസ് പീരങ്കിക്കരികിലൂടെ കാർ മുന്നോട്ടു നീങ്ങിയപ്പോൾ എന്റെ ചിന്തയിൽ ഇരച്ചെത്തിയത് ഭാരതീയരെക്കുറിച്ചുള്ള ചർച്ചിലിന്റെ വെറുപ്പുറഞ്ഞ നിന്ദ്യമായ വാക്കുകളാണ്. ഗ്രാൻഡ് സ്റ്റെയർകേസിൽ ആദ്യപടികൾ കയറുമ്പോൾ, ഒരു യുവ ഐ.സി.എസ് ഉദ്യോഗസ്ഥനായിരുന്ന സുഭാഷ്ചന്ദ്ര ബോസ് അന്നത്തെ ഗവർണർ ജനറലിനെ സന്ദർശിക്കാൻ പരമ്പരാഗത ബംഗാളി വസ്ത്രവും, മടക്കിവച്ച കുടയുമായി ഈ കെട്ടിടത്തിൽ കയറിയപ്പോഴത്തെ പുകിലുകൾ മനസിൽ മിന്നിത്തെളിഞ്ഞു. കുടയുമായി ഉള്ളിൽ കടക്കാനാവില്ലെന്ന വിലക്കിന്, അത് പൗരുഷത്തിന്റെ പ്രതീകമാണെന്നും ഉപേക്ഷിക്കാൻ കഴിയില്ലെന്നും തിരിച്ചടിച്ച ആ ധീരപ്രതിഭയുടെ ഓർമ്മക്കായി ആ പോർട്ടിക്കോയ്ക്ക് നേതാജിയുടെ പേരിടണമെന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തു.
സാമ്രാജ്യത്വത്തിനു മീതെ പൊരുതി വിജയിച്ച സാധാരണ പൗരന്റെ അഭിമാനചിഹ്നമായ ഈ നിർമ്മിതിയിൽ നിന്ന് കൊളോണിയൽ ഭരണത്തിന്റെ ഭൗതികവും അഭൗതികവുമായ അവശിഷ്ടങ്ങൾ അകറ്റി, അതിനെ ജനകീയമാക്കണമെന്നും കാലത്തിന്റെയും പ്രകൃതിയുടെയും നാശങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. ഏറ്റെടുക്കുന്ന കർത്തവ്യം ഒരു 'ജനരാജ്ഭവ"ന്റെ സൃഷ്ടിയിലേക്ക് നീങ്ങണം. കൊൽക്കത്ത രാജ്ഭവനു മാത്രമല്ല, ഡാർജിലിംഗ് രാജ്ഭവനിലും, ബാരക്ക്പൂർ ഫ്ളാഗ് സ്റ്റാഫ് ഹൗസിലും ഇതേ ആത്മാവ് നിലനിൽക്കണം. സത്യപ്രതിജ്ഞാ ചടങ്ങിൽ ജനങ്ങളുടെ ക്ഷേമത്തിനായി സമർപ്പിതനാകുന്നുവെന്ന പ്രതിജ്ഞ ഏറ്റുചൊല്ലുമ്പോൾ മനസിൽ അത് ഒരു ദൃഢനിശ്ചയമായി രൂപപ്പെട്ടിരുന്നു.
രാജ് ഭവൻ ടു
ജൻരാജ് ഭവൻ!
ഒട്ടും വൈകാതെ, 2023 മാർച്ച് 27-ന് ആ പ്രക്രിയയ്ക്ക് നാന്ദികുറിച്ചു. രാജ്ഭവന്റെ പേര് 'ജൻരാജ്ഭവൻ" എന്ന് പുനർനാമകരണം ചെയ്തുകൊണ്ട്, ഗവർണർ ഏല്പിച്ച പ്രതീകാത്മക താക്കോൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യമന്ത്രി മമതബാനർജിക്ക് കൈമാറി. തുടർന്ന് വിദേശ ഭരണാധികാരികളുടെ പേരിൽ അറിയപ്പെട്ട കവാടങ്ങൾക്കും അതിഥിമന്ദിരത്തിലെ മുറികൾക്കും പൂന്തോട്ടത്തിനുമൊക്കെ ദേശീയ നേതാക്കളുടെയും ഭാരതത്തിലെ നദികളുടെയും പേരുകൾ നൽകിയും ഛായാചിത്രങ്ങൾ സ്ഥാപിച്ചും തദ്ദേശീയ കലാ, സാഹിത്യ, സാംസ്കാരിക പരിപാടികൾക്ക് അരങ്ങൊരുക്കിയും 'ഡിഗ്നിഫൈഡ് ഡീകോളനൈസേഷൻ" യജ്ഞം ഊർജ്ജിതപ്പെടുത്തി.
രാജ്ഭവൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ജനങ്ങൾ രാജ്ഭവനിലേക്ക് സധൈര്യം കടന്നുവന്നു. സംഘർഷങ്ങൾ ഉരുണ്ടുകൂടിയപ്പോഴും പ്രകൃതിദുരന്തങ്ങളിൽ സങ്കടം കുമിഞ്ഞുകൂടിയപ്പോഴും ജനം ആഘോഷവേളകളിൽ ആവേശം കൊണ്ടപ്പോഴും രാജ്ഭവൻ ജനങ്ങൾക്കൊപ്പം നിലകൊണ്ടു. അതിന്റെ പ്രതിസ്പന്ദനങ്ങൾ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിച്ചു. അത് ഇപ്പോഴും തുടരുന്നു,,,
അങ്ങനെ രണ്ടരവർഷം മുമ്പ് 'ജൻരാജ്ഭവ"നായ കൊൽക്കത്ത രാജ്ഭവൻ ഭാരതത്തിലെ എല്ലാ രാജ്ഭവനുകൾക്കുമൊപ്പം ലോക്ഭവൻ ആകുമ്പോൾ ഷേക്സ്പിയർ ചോദിച്ചതുപോലെ, 'ഒരു പേരിലെന്തിരിക്കുന്നു" എന്ന് സംശയിക്കുന്നവർ ധാരാളമുണ്ട്. ഈ പേരുമാറ്റം കേവലം വിളിപ്പേരിലുള്ള മാറ്റം മാത്രമല്ല, കാഴ്ചപ്പാടിലും മനോഭാവത്തിലും പ്രവൃത്തിയിലുമുള്ള മാറ്റത്തിന്റെ ദിശാസൂചിക കൂടിയാണ്. സാമ്രാജ്യത്വ ഭരണത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ആധുനികവും ജനകേന്ദ്രീകൃതവുമായ ജനാധിപത്യ ദർശങ്ങളിലേക്കുള്ള ദാർശനിക മാറ്റം.
ബംഗാളിലെ
മന്ദിരത്രയം
ബംഗാളിൽ ഒരു സവിശേഷതയുണ്ട്. ഗവർണറുടെ പ്രധാന കാര്യാലയവും വസതിയും കൊൽക്കത്തയിൽ ആണെങ്കിലും രണ്ടു രാജ്ഭവനുകൾ കൂടിയുണ്ട്, ഈ സംസ്ഥാനത്ത്! ഡാർജിലിംഗിലും ബാരക്പൂരിലും ബ്രിട്ടീഷ് ഭരണകാലത്ത് അതിന്റെ വ്യത്യസ്തമായ ഭരണച്ചുമതലകൾ നിറവേറ്റുന്നതിനായി സ്ഥാപിച്ച ഈ 'രാജ്ഭവൻ ത്രയം" ഒരുമിച്ച് 'ലോക്ഭവൻ" എന്ന ആശയത്തിൽ സംയോജിക്കുകയാണ്. 'ഗവൺമെന്റ് ഹൗസ്" എന്നാണ് കൊൽക്കത്ത രാജ്ഭവന്റെ പൂർവനാമം. 1799-ൽ മാർക്വെസ് വെല്ലസ്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച്, 1803-ൽ പൂർത്തീകരിച്ച ഇതിന്റെ നിർമ്മാണം, 'ഇന്ത്യ ഒരു കൊട്ടാരത്തിൽ നിന്നാണ് ഭരിക്കേണ്ടത്; ഒരു സാധാരണ മന്ദിരത്തിൽ നിന്നല്ല" എന്ന കൊളോണിയൽ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ്.
ഒരു നൂറ്റാണ്ടിലേറെക്കാലം ഗവർണർ ജനറൽമാരുടെയും വൈസ്രോയിമാരുടെയും അവരുടെ അതിഥികളുടെയും ആഡംബര വസതിയായിരുന്നു ഇത്. ലോർഡ് കഴ്സണിന്റെ കുടുംബവസതിയായ ഡെർബിഷയറിലെ കെഡിൽസ്റ്റൺ ഹാളിന്റെ വിപുലീകൃത മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 1899-ൽ കഴ്സൺ ഇവടെയെത്തിയപ്പോൾ അതുകണ്ട് അത്ഭുതപ്പെട്ടതായി ചരിത്രകാരന്മാർ പറയുന്നു. അഞ്ചു കെട്ടിടങ്ങളുടെ സമുച്ചയമാണ് ഇത്. 27 ഏക്കർ ഭൂമിയിൽ നാല് കോണുകളിലായി 84,000 ചതുരശ്ര അടി തറവിസ്തീർണമുള്ള നാല് കെട്ടിടങ്ങൾ ഒരു കേന്ദ്ര കെട്ടിടത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു!
മൂന്നുനില കെട്ടിടത്തിന്റെ നാല് വശങ്ങളിലും വിശാലമായ ഇടനാഴികൾ, റസിഡൻഷ്യൽ സ്യൂട്ടുകൾ, മാർബിൾ ഹാൾ, ത്രോൺറൂം, ബാങ്ക്വറ്റ് ഹാൾ, ബ്ളൂഡ്രോയിംഗ്, ബ്രൗൺ ഡൈനിംഗ് റൂമുകൾ, മനോഹരമായ ഉദ്യാനങ്ങൾ! താഴികക്കുടം തെക്കുള്ള ഒന്നിലാണ്. അതിനാൽ മുറികൾക്കു ചുറ്റും വായുസഞ്ചാരമുണ്ട്. കെഡിൽ സ്റ്റോൺ ഹാളിനേക്കാൾ ഉയർന്നതാണ് പടികൾ. കൊൽക്കത്തയിൽ വൈദ്യുതീകരിച്ച ആദ്യ കെട്ടിടം രാജ്ഭവനാണെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു. സ്വർണനിറമുള്ള മനോഹരമായ ഒരു പുരാതന ലിഫ്റ്റ് ഇന്നും രാജ്ഭവനിൽ പ്രവർത്തനക്ഷമമാണ്.
ഹൂഗ്ളി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബാരക്പൂർ 'ഫ്ളാഗ്സ്റ്റാഫ് ഹൗസ്" ഗവർണർ ജനറലിന് ഭരണ സമ്മർദ്ദങ്ങളിൽ നിന്ന് അകന്നുനിന്ന് പദ്ധതികൾ ആസൂത്രണം ചെയ്യാനും വിശ്രമിക്കാനുമുള്ള ഇടക്കാല വസതിയായാണ് ഉപയോഗിച്ചു പോന്നത്. വെല്ലസ്ളിയാണ് അതും നിർമ്മിച്ചത്. സ്വാതന്ത്ര്യാനന്തരം അവിടെ ഗവർണറുടെ ഫ്ളാഗ്സ്റ്റാഫ് ഹൗസ്, ആശുപത്രി, പൊലീസ് ട്രെയിനിംഗ് കോളേജ് എന്നിവ സ്ഥാപിച്ചു.
1860-ൽ അതിമനോഹരമായ കുന്നിൻപ്രദേശമെന്ന നിലയിൽ ഡാർജിലിംഗിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ കൂച്ച് ബെഹാർ രാജാവിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാണ് മൂന്നാമത്തെ രാജ്ഭവൻ. സ്വാതന്ത്ര്യാനന്തരം ഒരു ഭരണകേന്ദ്രം എന്നതിലുപരി, പർവതനിരകളിൽ താമസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും ആശങ്കകൾ മനസിലാക്കുന്നതിനും പരിഹാരങ്ങൾ ആരായുന്നതിനുമുള്ള ആസ്ഥാനവേദിയായാണ് അതിനെ പ്രയോജനപ്പെടുത്തുന്നത്. ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ള ഈ പൈതൃക നിർമ്മിതികൾ അവശ്യം വേണ്ട അറ്റകുറ്റപ്പണികളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ടെങ്കിലും ഘടനയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ഇന്നും സംരക്ഷിച്ചുപോരുന്നു.
ഭാരതീയ ജനാധിപത്യ മൂല്യങ്ങളും ജനങ്ങൾക്കായി, ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ഭരണസംവിധാനവും ഭരണഘടനാ സ്ഥാപനമായ 'ലോക്ഭവൻ" എന്ന നവീനാശയത്തിൽ സംയോജിക്കുമ്പോൾ അതിൽ ഒരു മൂലപങ്കാളിയും ചരിത്രഹേതുവുമാകാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാത്ഥ്യമുണ്ട്. ഇത് കേവലമൊരു പേരുമാറ്റമല്ല, ജനങ്ങളോടൊപ്പം നിലകൊള്ളുന്ന ഒരു ഭരണഘടനാ മൂല്യത്തിന്റെ പുനരാവിഷ്കരണം കൂടിയാണ്. ഇതിലൂടെ ലോക്ഭവനുകൾ പൗരന്മാർക്കും ഭരണത്തിനുമിടയിൽ ഒരു ജനാധിപത്യ സേതുവായി മാറുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |