
'കുറെ കാലങ്ങളായി നമ്മളൊക്കെ ഒരു പരാതി പോലെയോ, ശരിയായ അർത്ഥവും, ആശയവും നഷ്ടപ്പെട്ട നിലയിൽ, നിരന്തരം ഒരു ആത്മഗതമായോ ഉരുവിടുന്ന ഒരു ഇംഗ്ലീഷ് വാക്കാണല്ലോ 'സ്‌ട്രെസ്സ് "(stress)! സത്യ ത്തിൽ ഇംഗ്ലീഷുകാർ, 'സ്‌ട്രെസ്സി"ന്, നമ്മളിപ്പോൾ കൊടുത്തു വരുന്നത്ര 'സ്‌ട്രെസ്സ്' കൊടുത്തിരുന്നോ? ഭാഷാ നിഘണ്ടുവിൽ 'സ്‌ട്രെസ്സി"ന്റെ അർത്ഥമെന്താണ്! പ്രത്യേക പണിയൊന്നും ചെയ്യാതെ വെറുതെയിരിക്കുന്നവരും, പറയാറുണ്ടല്ലോ 'ഒന്നിനുംസമയമില്ലന്നേ!' അല്ലേ? അല്ലെങ്കിൽ, പണി ചെയ്യാൻ, പണിയെന്തെങ്കിലും കിട്ടണ്ടേ,യെന്ന് വിലപിക്കുന്നവനോട്, എന്തുപണി നിങ്ങൾക്കറിയാമെന്നു ചോദിച്ചാൽ, എനിക്ക് എന്തു പണിയുമറിയാമെന്ന് അയാൾ മറുപടി പറഞ്ഞേക്കാം! അപ്പോൾ, നിങ്ങൾ കൂട്ടിക്കോളു, അയാൾക്ക് ഒരു പണിയുമറിയില്ലയെന്നു മാത്രമല്ല, എന്തെങ്കിലുമയാൾക്ക് അറിയാമെങ്കിൽ, അതും ചെയ്യില്ലയെന്നുമുറപ്പ്! കാരണം, എന്തെങ്കി ലും കാര്യമായി പണിയെടുക്കാൻ മനസ്സുള്ളവർ അപ്രകാരം വിലപിക്കാനിരിക്കില്ലയെന്നതുതന്നെ! ഇങ്ങനെ ചിലത് കേട്ടിട്ടില്ലേ? കേട്ടിട്ടില്ലെങ്കിൽ ഒരു കാര്യം മനസിലായി, നിങ്ങൾ എന്തോ കാര്യമായി പണിയെടുക്കുന്നുണ്ട്, അതാണ് ഒരു പണിയുമെടുക്കാത്തവരുടെ ഇത്തരം 'ഉഡായിപ്പു പണികൾ' കാണാനും, കേൾക്കാനും നേരം കിട്ടാത്തത്! അപ്പോൾ ഞാൻ, നിങ്ങളുടെ ഒരു അഭ്യുദയകാംക്ഷിയാകാം, എന്നിട്ടു പറയാം: അദ്ദേഹത്തിന് ഭയങ്കര 'സ്‌ട്രെസ്സ് " ആണെന്നേ! എന്താ, ശരിയാണോ?എന്നാൽ, ഞാനൊന്നു ചോദിക്കട്ടെ എന്താണ് സ്‌ട്രെസ്സ്?" ഇത്രയും പറഞ്ഞശേഷം പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, മിക്കവരും ഇതുവരെ പഠിച്ചിട്ടില്ലാത്ത ഏതോ പുതിയ പാഠങ്ങൾ പഠിക്കുന്ന കുട്ടികളെ പോലെയിരിക്കുന്നതു കണ്ടു. എല്ലാവരേയും നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:" സ്‌ട്രെസ്സ് മാനസികസമ്മർദ്ദമാണ്. അത് കുറയ്ക്കാൻ ധ്യാനം, വ്യായാമം, നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണം എന്നിവ പ്രധാനമാണ്. കൂടാതെ ഇഷ്ടമുള്ള ഹോബികൾ ചെയ്യുക. പ്രകൃതിയുമായി ഇടപഴകുക, സമയനിഷ്ഠ ശീലിക്കുക, പോസിറ്റീവ് ചിന്തകൾ വളർത്തുക, മറ്റുള്ളവരുമായി സംസാരിക്കുക, ആവശ്യമുള്ളപ്പോൾ സഹായം തേടുക തുടങ്ങിയ കാര്യങ്ങൾ ടെൻഷൻ കുറയ്ക്കുമെന്നും വിദഗ്ദർ പറയുന്നു. എല്ലാകാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അമിതശ്രമങ്ങൾ ഒഴിവാക്കുക. 'സ്ട്രെസ്സ്' എന്നത് ഒരു കാര്യത്തോടുള്ള, നമ്മുടെ മനസിന്റെ സ്വാഭാവികമായ പ്രതികരണമാണ്. അത് പോസിറ്റീവോ, നെഗറ്റീവോ ആകാം. എന്നാൽ, 'ഡിസ്ട്രെസ്സ്"(distress )എന്നത് എല്ലായ്പ്പോഴും ദോഷകരമായ അമിത സമ്മർദ്ദത്തെയാണ് അർത്ഥമാക്കുന്നത്.
സ്ട്രെസ്സും, ഡിസ്ട്രെസ്സും തമ്മിലുള്ള വ്യത്യാസം നോക്കിയാലോ? സ്വഭാവം പോസിറ്റീവ് ആയാൽ 'എസ്‌ട്രെസ് "(eustress) എന്നുപറയും. അല്ലെങ്കിൽ, നെഗറ്റീവ് ആകാം. ഇത്, ഉത്കണ്ഠ(anxiety), വിഷാദം(depression), കടുത്തമാനസികവേദന എന്നിവയുണ്ടാക്കുന്നു. ഒരു പുതിയജോലി ലഭിക്കുന്നത്, അല്ലെങ്കിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്, മത്സരത്തിൽ വിജയിക്കുന്നതിനും ചെറിയ തോതിലുള്ള സ്ട്രെസ്സ് ഉണ്ടാകാറുണ്ടല്ലോ! (പോസിറ്റീവ്). ഇത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ചപ്രകടനം കാഴ്ചവെക്കാനും സഹായിക്കുന്നു. ഡിസ്ട്രെസ്സ് (നെഗറ്റീവ്): പ്രിയപ്പെട്ടവരുടെ മരണം, ജോലി നഷ്ടപ്പെടുന്നത്, കടുത്ത സാമ്പത്തികപ്രശ്നങ്ങൾ ഇവയൊക്കെ കഠിനമായ ഡിസ്ട്രെസ്സിനു കാരണമാകുന്നു. എന്നാൽ, ദൈനംദിനജീവിതത്തിൽ മനസിനെ വരിഞ്ഞുമുറുക്കുന്ന മറ്റൊരു അരൂപിയാണ് 'സ്‌ട്രെയിൻ"(strain). മലയാളത്തിൽ 'സ്‌ട്രെയിൻ" എന്ന വാക്കിന് സന്ദർഭത്തിനനുസരിച്ച് പല അർത്ഥങ്ങളുണ്ട്. മത്സരപരീക്ഷകളിലൂടെ ജോലി കരസ്ഥമാക്കുന്ന കാര്യത്തിൽ, ജീവിതം വിജയിക്കുന്നതിന് ഒരു പോസിറ്റിവ് സ്ട്രെസ്സ് വേണ്ടേ! എന്നാൽ, ഡിസ്ട്രെസ്സോ? ജീവിതം ഇനിയും ദുരിതമാക്കണോ? അതിനാലാണ് വിവരമുള്ളവർ പണ്ടേ പറഞ്ഞത്: തീവ്രമായ മാനസിക പിരിമുറുക്കങ്ങൾ, ഒരു പ്രശ്നത്തിന്റെയും പരിഹാരം കാണിച്ചുതരുന്നില്ലയെന്നു മാത്രമല്ല, അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയോ, പരിഹാരമില്ലാത്തവയാക്കി മാറ്റുകയോ ചെയ്യില്ലേ? ന്യൂഡൽഹിയിൽ ഒരു ഫുട്ബോൾ മത്സരം നടക്കുകയായിരുന്നു. 'സെറിബ്രൽപാൾസി" ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ ഫുട്ബോൾ ഫൈനൽ മത്സരമായിരുന്നു അത്. അതുവരെ ദേശീയ ചാമ്പ്യന്മാർ, തമിഴ്നാട് ആയിരുന്നു. ആദ്യമായാണ് കേരളത്തിന്റെ ടീം ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അത് സാധ്യമായത് ഭിന്നശേഷി കായികരംഗത്ത് കരുത്തേകാനായി സ്വന്തം ജീവിതമർപ്പിച്ച് ഇത്തരം കുട്ടികളെ സ്വന്തം മക്കളായി കണ്ട് സേവനം ചെയ്യുന്ന, ആലപ്പുഴ താമരക്കുളം സ്വദേശി ഗിരിജ എന്ന വീട്ടമ്മയായിരുന്നു! സാമ്പത്തികമുൾപ്പെടെ ഒരു സഹായവും സർക്കാരിന്റെ കായിക-ഭിന്നശേഷി വകുപ്പുകളിൽ നിന്നു കിട്ടിയില്ലെങ്കിലും, അവരുടെ 'പോസിറ്റീവ് സ്‌ട്രെസ്സി"ന്റെ സാക്ഷാത്ക്കാരം പോലെ കേരളത്തിന്റെ ടീം ഡൽഹിയിലെത്തി ഗ്രൗണ്ടിലിറങ്ങി! ഒരു ചുവടുവെക്കാൻ പോലും കഠിനമായി ബുദ്ധിമുട്ടുന്ന ആ മക്കൾ പന്തിന്റെ പിന്നാലെ പാഞ്ഞു. അവർ, തമിഴ്നാടിനെ 11- 0ന് തകർത്തു. അങ്ങനെ കേരളം സ്വർണ്ണക്കപ്പ് സ്വന്തമാക്കി. ഇപ്പോൾ തുടർച്ചയായി മൂന്നു വർഷങ്ങളായി കേരളം ഇതിൽ ചാമ്പ്യന്മാരായി വെന്നിക്കൊടി പാറിക്കുന്നു. ഒരു ചുവട് നടക്കാൻ കഴിയാത്ത കേരളാക്യാപ്റ്റൻ സിജോ ജോർജ്, ഫുട്ബോൾ, ഗ്രൗണ്ടിൽ കിട്ടിയാൽ പറക്കും! അതാണ് പോസിറ്റിവ് സ്ട്രെസ്സിന്റെ മാജിക്! അപ്പോൾ പറയട്ടെ,'സ്‌ട്രെസ്സേ വാ..വാ വോ, എൻ സ്‌ട്രെസ്സേ വാ..വാ വോ "ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോളുയർന്ന കൂട്ടച്ചിരിയിൽ, പ്രഭാഷകനും കൂടിച്ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |