
ജീവിതത്തിൽ ഉന്നതി നേടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും സ്വയം നിരീക്ഷിക്കാനും, സ്വന്തം തെറ്റുകളും കുറവുകളും പരിഹരിക്കാനും തയ്യാറാകണം. ആത്മനിരീക്ഷണവും ആത്മവിമർശനവും പ്രകൃതി മനുഷ്യനു മാത്രം കനിഞ്ഞു നല്‌കിയ വരദാനമാണ്. ഒരാൾ കുറെ നാളുകൾക്കു ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടി. സുഹൃത്തിന്റെ മുഖം മ്ലാനമായിരിക്കുന്നതു കണ്ട് അയാൾ കാരണമാരാഞ്ഞു.
സുഹൃത്ത് പറഞ്ഞു: 'ഞാനും മൂന്ന് സഹോദരന്മാരും ഒരു ഫ്ലാറ്റിലാണ് താമസം. ഒരു മുറി മാത്രമേയുള്ളൂ.
അവർക്കാർക്കും ഫ്ലാറ്റ് വൃത്തിയായിവയ്ക്കാൻ അല്പംപോലും ശ്രദ്ധയില്ല. മുറിയിൽ ശുദ്ധവായു ഇല്ല, വെളിച്ചമില്ല. അസഹ്യമായ ദുർഗന്ധവും പൊടിയും കാരണം ജീവിതം നരകതുല്യമാണ്."
അതിന് എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ സുഹൃത്ത് വിശദീകരിച്ചു: 'ഒന്നാമത്തെ സഹോദരന് ആറ് പട്ടികളുണ്ട്, രണ്ടാമന് ഏഴു പൂച്ചകൾ. മൂന്നാമൻ കുറെ കോഴികളെ വളർത്തുന്നുണ്ട്."
'ഫ്ലാറ്റിന് ജനാലകളൊന്നുമില്ലേ?"
സുഹൃത്ത് പറഞ്ഞു: 'ഉണ്ട്."
'ആ ജനാലകൾ തുറന്നുവച്ചാൽ ശുദ്ധവായു കിട്ടുമല്ലോ."
അതിന് സുഹൃത്തിന്റെ മറുപടി: 'അതു പറ്റില്ല, ജനാല തുറന്നാൽ എന്റെ പ്രാവുകളെല്ലാം പറന്നുപോകും!"
;
ഈ കഥയിലെ സുഹൃത്തിനെപ്പോലെ നമ്മളും പലപ്പോഴും സ്വന്തം ദൗർബല്യങ്ങളും വിഡ്ഢിത്തങ്ങളും തിരിച്ചറിയാറില്ല, അറിഞ്ഞാൽത്തന്നെ അവയാണ് നമ്മുടെ പ്രശ്നനങ്ങൾക്ക് കാരണമെന്ന സത്യം അംഗീകരിക്കാറില്ല. പ്രശ്‌നങ്ങൾക്കെല്ലാം മറ്റുള്ളവരെ പഴിചാരുകയാണ് നമ്മൾ ചെയ്യാറുള്ളത്. നമ്മൾ ഒന്നുകിൽ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി,താൻ അവരേക്കാൾ കേമനാണെന്ന് അഭിമാനിക്കും. അല്ലെങ്കിൽ സ്വന്തം പരാജയങ്ങൾക്കും തെറ്റുകുറ്റങ്ങൾക്കുമുള്ള ഉത്തരവാദിത്വം മറ്റുള്ളവരിൽ വച്ചുകെട്ടും. വിജയം
കൈവന്നാൽ അത് തന്റെ കഴിവും പരിശ്രമവുംകൊണ്ട് നേടിയതാണ്. തോൽവിയാണെങ്കിലോ?ഉത്തരവാദികൾ മറ്റുള്ളവരും! ഇതാണ് മിക്കവരുടെയും മനോഭാവം.
സ്വന്തം തെറ്റുകളെ നിരീക്ഷിക്കാനും അംഗീകരിക്കാനും തയ്യാറല്ലാത്തവരെ കെട്ടിയിട്ട വള്ളത്തോട് ഉപമിക്കാം. അതിന്റെ കെട്ടഴിക്കാത്തിടത്തോളം കാലം എത്ര കഷ്ടപ്പെട്ടു തുഴഞ്ഞാലും വള്ളം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങുകയില്ല. അതുപോലെ, സ്വന്തം തെറ്റുകുറ്റങ്ങൾ തിരിച്ചറിയാനും തിരുത്താനും തയ്യാറാകാത്തിടത്തോളം നമ്മുടെ പ്രയത്നങ്ങൾ വിഫലമാവുകയേയുള്ളു. മാത്രമല്ല, നമ്മുടെ സാമൂഹ്യബന്ധങ്ങൾ മോശമാകുന്നതോടെ
മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കാനുള്ള സാദ്ധ്യതയും കുറയും.
മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടെത്തുന്ന കാര്യത്തിൽ എല്ലാവരും മിടുക്കരാണ്. എന്നാൽ, സ്വന്തം പോരായ്‌മകൾ തിരിച്ചറിയുക അത്ര എളുപ്പമല്ല. അതിന് ആർജ്ജവവും ശാന്തമായ മനസും ആവശ്യമാണ്. മാറ്റം ആദ്യം നമ്മളിൽ നിന്നുതന്നെ ഉണ്ടാവണം. അപ്പോൾ മറ്റുള്ളവരും ശരിയായ വഴിക്ക് വരുന്നതു കാണാം. വിമർശിക്കുന്നവരെ നമ്മുടെ ഗുരുക്കന്മാരായി കാണണം. അവരുടെ വിമർശനം കാരണം നമ്മുടെ പല തെറ്റുകളും കുറവുകളും നമ്മൾ ശ്രദ്ധിക്കാൻ ഇടയാകുന്നു. പ്രശംസിക്കാനും
പ്രോത്സാഹനം നല്കാനും മാത്രം ആളുകൾ ഉള്ളപ്പോൾ നമുക്ക് അതിനു കഴിയില്ല.
മറ്റുള്ളവർ നമ്മളെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമ്പോൾ, ‘അവർ എതിർക്കാൻ കാരണമെന്താണ്,അവരുടെ ആരോപണങ്ങളിൽ കഴമ്പുള്ള എന്തെങ്കിലുമുണ്ടോ’ എന്നിങ്ങനെ ആലോചിച്ചു നോക്കണം. ആത്മനിരീക്ഷണം നടത്തണം. തെറ്റുകൾ തിരുത്തണം. അപ്പോൾ വിമർശനങ്ങളും ആരോപണങ്ങളും നമ്മുടെ വളർച്ചയ്ക്കുള്ള ചവിട്ടുപടികളായിത്തീരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |