
സൗദി അറേബ്യയുടെ പശ്ചാത്തലത്തിൽ ജഗദീഷ് കോവളം രചിച്ച 'ദഹ്ബാൻ" എന്ന നോവൽ, കടൽകടന്ന് കരകയറിയ മലയാള കഥകളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ യോഗ്യമായ കൃതിയാണ്. പ്രവാസത്തിന്റെ വെറിയും മതാധിപത്യത്തിന്റെ ഇറുകിയ മേലുടുപ്പും വായനക്കാരിലേക്ക് സന്നിവേശിക്കുമ്പോൾ തെളിയുന്നത് എഴുത്തിലെ ത്രിമാനദൃശ്യതയാണ്! ആസ്വാദനത്തിലുപരി, അനുഭവിപ്പിക്കൽ എന്നതു കൂടിയാകണം സാഹിത്യധർമ്മമെന്ന് 'ദഹ്ബാൻ" അടിവരയിടുന്നു.
നായക കഥാപാത്രത്തിന്റെ ഏറെ സങ്കീർണവും പ്രതിസന്ധി നിറഞ്ഞതുമായ ജീവിതവും അതിർത്തിക്കപ്പുറമുള്ള സൗഹൃദവും അപ്രതീക്ഷിതമായി അവിടെ മിന്നിമറയുന്ന പ്രണയവും ഒക്കെയാണ് 'ദഹ്ബാൻ" എന്ന നോവലിന്റെ അന്തർദ്ധാര. പ്രവാസ ജീവിതം പശ്ചാത്തലമാക്കി രചിക്കപ്പെട്ടിട്ടുള്ള കൃതികളുടെ സ്രഷ്ടാക്കൾ മിക്കവരും പ്രവാസത്തെ തൊട്ടറിഞ്ഞിട്ടുള്ളവരാണ്. എന്നാൽ, ജഗദീഷ് കോവളം എന്ന എഴുത്തുകാരൻ അധികകാലം പ്രവാസ ജീവിതം നയിച്ചിട്ടുള്ളയാളല്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.
സൗദി അറേബ്യൻ ഗ്രാമജീവിതം ചുരുങ്ങിയ കാലത്തിൽ അവിടെച്ചെന്ന് മനസിലാക്കുകയും, ആ പശ്ചാത്തലത്തിന്റെ നേർക്കാഴ്ചകൾക്ക് അല്പംപോലും കോട്ടം തട്ടാത്ത വിധം ഒരു നോവൽ രചിക്കുകയും വായനക്കാർക്ക് 'ദഹ്ബാൻ" എന്ന ഗ്രാമത്തെയും ഗ്രാമവാസികളെയും അത്രമേൽ പരിചിതമാക്കുകയും ചെയ്യുന്ന രചനാരീതി അഭിനന്ദനീയമാണ്. ഏറ്റവും സവിശേഷമായി തോന്നിയ ഒരുകാര്യം, 'ദഹ്ബാൻ" ഗ്രാമത്തിൽ ഏറെനാൾ ജീവിച്ചൊരാൾ എഴുതിയത് എന്നതുപോലെ, മണലാരണ്യ ജീവിതത്തെയും ജീവിതരീതികളെയും നിയമങ്ങളെയും- ആ ഭൂമികയിലേക്കുള്ള പാതകളെപ്പോലും കലർപ്പില്ലാതെയും സൂക്ഷ്മമായും അതിഭാവുകത്വമില്ലാതെയും അക്ഷരങ്ങളിൽ ആവാഹിച്ച് അവതരിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു എന്നതാണ്.
'ദഹ്ബാ"നിൽ രണ്ടുവിഭാഗം ആളുകൾ ഭയപ്പാടോടെ ജീവിക്കുന്നുണ്ട്. അതിൽ ഒരു വിഭാഗം യമനിൽ നിന്നും നൂഴ്ന്നുകയറി ഇഖാമ ഇല്ലാതെ ജീവിക്കുന്നവരാണ്. മറ്റൊരു വിഭാഗം, കഥയിലെ നായകനെപ്പോലെയുള്ളവർ. ഇവിടെ കഥാനായകൻ നേരിടുന്ന പ്രതിസന്ധി അയാൾ ഇസ്ളാം അല്ലെന്നതും. അമുസ്ളിമായ കാരണത്താൽ 'ദഹ്ബാനി"ലെ മുത്തവ (മതാധികാരി) അയാളെ അളവറ്റ് ദ്രോഹിക്കുന്നതുമാണ്.
നോവലിൽ ബഷീർ എന്നൊരു കഥാപാത്രമുണ്ട്. പ്രവാസ ജീവിതത്തിലൂടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്തിട്ടും അവയൊന്നും സ്വന്തമാക്കാൻ കഴിയാതെപോയൊരാൾ! ബാബറി മസ്ജിദ് തകർന്നുവീണത് സത്യൻ എന്ന് പേരുണ്ടായിരുന്ന ബഷീറിന്റെ ജീവിതത്തിന്മേലായിരുന്നു. പ്രവാസ ജീവിതത്തിൽ നിന്ന് വെറുംകൈയോടെ പടിയിറക്കപ്പെട്ട സത്യൻ, ബഷീറായി വീണ്ടും അവിടേയ്ക്കു തന്നെ കുടിയേറപ്പെടുന്നു. അദ്ഭുതം ജനിപ്പിക്കുന്നൊരു കഥാപാത്രമായ ബഷീർ, തനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തിയാണെന്ന് ഒരു സംഭാഷണമദ്ധ്യേ നോവലിസ്റ്റ് എന്നോട് പറഞ്ഞതും ഈ അവസരത്തിൽ ഓർക്കുന്നു.
ജീവിതം, പ്രണയം, അതിജീവനം തുടങ്ങി പലഘട്ടങ്ങളിലൂടെ മുന്നേറുന്ന 'ദഹ്ബാൻ" എഴുത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തുംവിധം മാനവികതയ്ക്കു നൽകുന്ന ഇടവും ചെറുതല്ലാത്തതിനാൽ വായനയ്ക്കു ശേഷവും 'ദഹ്ബാൻ" എന്ന ഭൂമികയും ജീവിതവും നമ്മുടെ മനസിൽ തങ്ങിനില്ക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു കാര്യം, നോവലിസ്റ്റ് സ്വായത്തമാക്കിയ അറബിഭാഷാ പ്രാവീണ്യമാണ്. അറബികൾ പറയുന്ന സംഭാഷണങ്ങൾ അറബിയിലും പരിഭാഷ മലയാളത്തിലുമായി ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ അറബ് നാട്ടിലെത്തിയ പ്രതീതി വായനയിലുടനീളം അനുവാചകർക്കു ലഭിക്കുന്നു. സാഹിറ എന്ന അറേബ്യൻ സുന്ദരി പ്രണയത്തിന്റെ പര്യായമായി, പൊള്ളുന്ന നോവായി വായനക്കാരന്റെ മനസിൽ എക്കാലവും നിറഞ്ഞുനില്ക്കും.
പ്രസാധകർ:
മാൻകൈന്റ് ലിറ്ററേച്ചർ
കോഴിക്കോട്
ജയചന്ദ്രൻ മൊകേരി
ഫോൺ : 7025732324
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |