
ഡിപ്പോർട്ടേഷൻ
അനിൽ കോനാട്ട്
രാത്രിയുടെ അറ്റത്തുള്ള
വിളക്കുകൾ
ഓരോന്നായി മങ്ങുന്നു,
ആളുകൾ ഉറങ്ങുന്നില്ല.
അവർ സ്വപ്നങ്ങൾ
മറക്കുകയാണ്!
എയർപോർട്ടിൽ,
തണുത്ത കാറ്റിൽ
കണ്ണീരിന്റെ ഉപ്പു മണം പടർന്നു.
പെൺകുട്ടികൾ രണ്ടും
അമ്മയുടെ വസ്ത്രം പിടിച്ചു
അവർ ചോദിക്കുന്നു-
'അമ്മേ, നമുക്ക് വീട്ടിലേക്കു പോകാമോ?"
കാറ്റിൽ പറക്കുന്ന വാഗ്ദാനങ്ങൾ
വെറും പൊടി മാത്രമായി മടങ്ങുന്നു,
വാക്കുകൾക്ക് നിറം പോയി,
ഹൃദയങ്ങൾ ശബ്ദം മറന്നു.
അവളുടെ വയറ്റിൽ മറ്റൊരു ജീവൻ!
പാസ്‌പോർട്ടില്ല; അതിർത്തിയില്ല.
സായിപ്പിന്റെ കണ്ണിൽ തിളങ്ങുന്ന
കഠിനതയെ അതിനും ഭയം.
വെളുത്ത നിലത്തിൽ
കാൽവയ്പ്പ് വിലക്കപ്പെട്ടവർ,
വിശ്വാസത്തിന്റെ പേരു പറഞ്ഞവർ,
ഇനി നാടില്ല, ഭാഷയില്ല, ഓർമ്മകൾ മാത്രം.
വലിയ വിശ്വാസങ്ങൾ തകർന്നു,
പെരുത്ത നിശബ്ദത പൊങ്ങി.
ഒരു കാലത്ത് 'നാളെ നല്ലതാകും,"
ഇപ്പോൾ 'നാളെ ഉണ്ടോ"എന്ന് ചോദ്യം.
ചെറിയ പെൺകുട്ടിയുടെ കണ്ണിൽ
വിസയ്ക്ക് പകരം വിങ്ങിയ സ്വപ്നങ്ങൾ,
മറ്റേ പെൺകുട്ടി
അമ്മയുടെ കൈചുറ്റി-
'അമ്മേ, അവർ ഞങ്ങളെ
എന്തിനാണ് അയയ്ക്കുന്നത്?"
അമ്മ മിണ്ടുന്നില്ല.
ഉത്തരം കണ്ണുനീർ മാത്രം
മനുഷ്യൻ മനുഷ്യനെ വകവയ്ക്കാതെ
നിയമമാക്കി നാടുകടത്തുമ്പോൾ
ദൈവം പോലും അപേക്ഷ തള്ളും
തോറ്റവരല്ല; കാത്തുനിന്നവരാണ്
കൂടുതൽ മിണ്ടാതായത്.
അവരുടെ കണ്ണിൽ പ്രതീക്ഷയുടെ
ചിതലുകൾ മാത്രം
തീയായിരുന്നതോ, പൊടിയായി മാറി.
മനുഷ്യന്റെ ഉള്ളിൽ വസിച്ചിരുന്ന
ദൈവം പോലും മിണ്ടുന്നില്ല!
പ്രതീക്ഷകൾ മരിക്കുമ്പോൾ
പ്രാർത്ഥന ശവപ്പെട്ടിയിൽ അടയ്ക്കും.
...........................................................................
സ്നേഹ വൈഖരി
അമ്പലപ്പുഴ രാജഗോപാൽ
ആരോർക്കുന്നമ്മയെ; ജന്മം -
തന്നൊരാ സ്നേഹ വൈഖരി.
ഓർക്കാതാകുമോ, ത്യാഗം -
കൊണ്ടുതീർത്ത മഹാഖനി!
സൗഖ്യം കാമിച്ചതില്ല -
കാരുണ്യത്തിന്റെ പൊൻതിരി.
ദൈന്യം ചേർത്തുവച്ചെന്നും
പോറ്റും മാതൃസന്നിധി!
പരിദേവനമില്ലപോൽ, തെല്ലും
പരിഭവങ്ങളുമേതുമേ.
പറയാനാർക്കുമാവി -
ല്ലറിയാക്കാഴ്ചയതൊക്കെയും.
സഹനം ജീവശ്വാസ-
മെന്നപോൽക്കണ്ട പുഞ്ചിരി
ഭവനം കാത്തുസൂക്ഷിച്ച
ഭുവനത്തിന്റെ വെൺതരി.
സ്വയമല്ലപരന്റെ തൃപ്തിയിൽ
നിറവാർന്നുള്ള മനോഗതി
അഴകെന്നതു പുറമേയ,ല്ലുൾ-
ത്തികവെന്ന സദാഗതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |