SignIn
Kerala Kaumudi Online
Monday, 15 December 2025 7.05 PM IST

തിരിച്ചടിയുടെ പാഠങ്ങൾ

Increase Font Size Decrease Font Size Print Page
sa

നമ്മുടെ പാർട്ടി എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു ചോദിച്ചാൽ എക്കാലത്തെയും അതിനുള്ള ലളിതമായ ഉത്തരം കഴിഞ്ഞ തവണ നമ്മുടെ ചിഹ്‌നത്തിൽ കുത്തിയവരിൽ അധികവും ഇത്തവണ തിരിഞ്ഞുകുത്തി എന്നത് തന്നെയാണ്. അതിനുള്ള കാരണങ്ങൾ ഏറ്റവും കൂടുതൽ വ്യക്തതയോടുകൂടി അറിയാവുന്നത് പരാജയപ്പെട്ട പാർട്ടികൾക്കും മുന്നണിക്കും തന്നെയാവും. അധികാരത്തിലിരിക്കുമ്പോൾ പല കാരണങ്ങളാൽ ജനങ്ങളിൽ നിന്ന് അകന്നുപോകുന്നത് ഒരുപക്ഷേ അവർ അറിയുന്നില്ലെങ്കിലും ജനങ്ങൾക്ക് തെളിഞ്ഞ വെള്ളത്തിനടിയിൽ കിടക്കുന്ന സ്വർണമാല പോലെ അത് വ്യക്തമായി കാണാനാകും. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഇ‌ൗ അകൽച്ചയാണ് തിരഞ്ഞെടുപ്പുകളിൽ കണക്കുകൂട്ടലുകൾ തെറ്റാനും പരാജയങ്ങൾ ഏറ്റുവാങ്ങാനും ഇടയാക്കുന്നത്.

2025 - ലെ തദ്ദേശതിരഞ്ഞെടുപ്പിന്റെ ഇതുവരെ പുറത്തുവന്ന ഫലത്തിലൂടെ കണ്ണോടിക്കുന്ന ആർക്കും എൽ.ഡി.എഫിന് ലഭിച്ച തിരിച്ചടി തിരിച്ചറിയാനാകും. യു.ഡി.എഫിന്റെ വൻ മുന്നേറ്റത്തോടെയുള്ള തിരിച്ചുവരവും ഒപ്പം ബി.ജെ.പി കേരളത്തിലുടനീളം കൈവരിക്കുന്ന അതിവേഗ വളർച്ചയും തലസ്ഥാനത്ത് നേടിയ ഐതിഹാസികമായ നേട്ടവും കാണാതിരിക്കാനാവില്ല.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിന് ലഭിച്ച സ്വീകാര്യത ഇത്തവണ നഷ്ടപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഉയർന്നുവരുന്ന വിഷയം ശബരിമലയിലെ സ്വർണക്കൊള്ള തന്നെയാണ്. ശബരിമലയുടെ ഭരണത്തിന് വിശ്വസിച്ച് ഏൽപ്പിച്ചവർ തന്നെ ദ്വാരപാലകരുടെ സ്വർണച്ചട്ട അഴിച്ചെടുത്ത് അന്യസംസ്ഥാനത്ത് കൊണ്ടുപോയി സ്വർണം കവരുന്നത് ഉൾപ്പെടെയുള്ള തിരിമറികൾ നടത്തിയതിന് കൂട്ടുനിന്നത് കേരളത്തിലെ വിശ്വാസികൾക്കും എന്തിന് അവിശ്വാസികൾക്കുപോലും പൊറുക്കാൻ പറ്റാത്ത തെറ്റുതന്നെയാണ്. എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച ദേവസ്വം ബോർഡിന്റെ രണ്ട് മുൻ പ്രസിഡന്റുമാർ ജയിലിൽ കിടക്കുമ്പോൾ നടന്ന ഇ‌ൗ തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടി ആയില്ലെങ്കിലേ അത്‌ഭുതപ്പെടാനുള്ളൂ. ഹൈക്കോടതിയുടെ കർശനമായ മേൽനോട്ടത്തിൽ നടന്ന അന്വേഷണമായതിനാലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇവർ അകത്താകാനിടയായതെന്ന് ഗ്രഹിക്കാനുള്ള സാമാന്യ ജ്ഞാനമൊക്കെ ഇവിടത്തെ ജനങ്ങൾക്ക് ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന സംഗതിയാണ്. അതിനാൽ അവരുടെ അറസ്റ്റ് ആഭ്യന്തര വകുപ്പിന്റെ ഒരു വലിയ നേട്ടമായി അരിയാഹാരം കഴിക്കുന്ന ഒരു മലയാളിയും കരുതുകയില്ല. അതേസമയം അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്നു പറഞ്ഞ് പാർട്ടി കമ്മിറ്റികളിൽ നിന്നുപോലും ഒഴിവാക്കാതെ സംരക്ഷിച്ചത് ജനങ്ങളിൽ അവമതിപ്പിന് ഇടയാക്കിയ ഒരു നടപടി തന്നെയാണ്. കുറ്റക്കാരെ സംരക്ഷിച്ചുകൊണ്ട് മറ്റെന്തൊക്കെയോ ഒളിക്കാൻ പാർട്ടി ശ്രമിക്കുന്നു എന്ന സംശയം ജനങ്ങളിൽ സൃഷ്ടിക്കാൻ ഇതിടയാക്കി.

ഭരണവിരുദ്ധ വികാരം ആളിക്കത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് പറയാനാവില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇ‌ൗ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഇപ്പോൾ നേടിയ നില ഉണ്ടാകുമായിരുന്നില്ല. പ്രാദേശിക വിഷയങ്ങളും സ്വാധീനങ്ങളും നിലവിലുള്ള ജനപ്രതിനിധികളുടെ ജനബന്ധവും മറ്റുമാണ് സാധാരണ ഗതിയിൽ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഫലത്തെ കൂടുതൽ സ്വാധീനിക്കാറുള്ളത്. ഇത്തവണ അതിനൊക്കെ മുകളിലായി ശബരിമല വിഷയം തന്നെയാണ് എൽ.ഡി.എഫിന് മുകളിൽ കാർമേഘമായത്. അതിന് പുറമേ നാട്ടിലെ സാധാരണ ജനങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ കോളേജുകളും മറ്റു ആരോഗ്യകേന്ദ്രങ്ങളും നേരിട്ട വിവാദങ്ങളും വിമർശനവും ജനങ്ങളെ സർക്കാരിന് എതിരായി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളല്ലെന്ന് പറയാനാവില്ല. നാട്ടിലെ പേപ്പട്ടി ശല്യം പോലും പരിഹരിക്കുന്നതിൽ ഉണ്ടായ വീഴ്ച സുപ്രീംകോടതിയുടെ വരെ ശകാരത്തിന് ഇടയാക്കിയതും ജനങ്ങൾ മറന്നുകാണില്ല. എതിർ കക്ഷികൾ ആരോപിക്കുന്നതുപോലെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണം അപ്പാടെ പരാജയമാണെന്ന് പറയുന്നത് കാടടച്ച് വെടിവയ്ക്കലാണ്. നിരവധി വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നിറവേറ്റിയ സർക്കാർ തന്നെയാണിത്. അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിന്റെ 'വാട്ടർലൂ" സംഭവിക്കും എന്നൊക്കെ സ്വപ്നം കാണുന്നവർക്ക് കാണാമെങ്കിലും അതങ്ങനെ തന്നെ സംഭവിക്കുമെന്ന് കരുതാനാകില്ല. ഇനിയുള്ള മാസങ്ങളിൽ നടക്കുന്ന രാഷ്ട്രീയ, സാമൂഹ്യ സംഭവഗതികളുടെ ആഴവും പരപ്പുമായിരിക്കും ചർച്ചയാവുക.

സ്ത്രീകളുമായി ബന്ധപ്പെട്ട അതിക്രമങ്ങളുടെ പരാതിയിൽ ഒരു ജനാധിപത്യ സർക്കാർ എപ്പോഴും അതിജീവിതകളോടൊപ്പം തന്നെയാണ് നിൽക്കേണ്ടത്. എന്നാൽ സ്വന്തക്കാരായ ചിലർക്കെതിരെ ഉണ്ടായ പരാതിയിൽ സർക്കാർ വേട്ടക്കാർക്കൊപ്പമാണോ നിന്നത് എന്നത് സർക്കാർ ഒരേ വിഷയത്തിൽ സ്വീകരിച്ച വ്യത്യസ്ത നിലപാടുകളിൽ നിന്ന് വ്യക്തമാക്കപ്പെട്ടതും ഇ‌ൗ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് അതിന്റേതായ പങ്ക് വഹിച്ചിട്ടില്ലെന്നു പറയാനാകില്ല.

കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ യു.ഡി.എഫ് നേടിയത് അത്യുജ്ജ്വലമായ വിജയമാണെന്ന് പ്രത്യക്ഷത്തിൽ വിലയിരുത്താം. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ നാലും, 86 മുനിസിപ്പാലിറ്റികളിൽ 54 ഉം, ബ്ളോക്ക് പഞ്ചായത്തുകളിൽ 143- ൽ 78- ഉം, ഗ്രാമ പഞ്ചായത്തുകളിൽ 941- ൽ 504 ഉം യു.ഡി.എഫ് നേടി. ഇ‌ൗ തിരഞ്ഞെടുപ്പിൽ കേരളം യു.ഡി.എഫിന് ഒപ്പമാണ് നിന്നതെന്ന് നിസ്സംശയം പറയാവുന്ന ഇലക്ഷൻ ഫലമാണിത്.

സി.പി. എമ്മിന് ഏറ്റവും ലജ്ജാകരമായ തിരിച്ചടിയായത് തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടപ്പെട്ടതാണ്. ഒപ്പം ബി.ജെ.പി നടത്തിയ വിസ്മയകരമെന്ന് വിശേഷിപ്പിക്കാവുന്ന നേട്ടം തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിലാദ്യമായി പിടിച്ചെടുത്തതാണ്. 50 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി അടുത്ത അഞ്ചുവർഷം തിരുവനന്തപുരം ഭരിക്കുമെന്ന് ഉറപ്പാക്കിയിരിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയം സി.പി.എം പഠിക്കേണ്ട ഒരു പാഠപുസ്തകമായാണ് മാറിയിരിക്കുന്നത്. ആര്യരാജേന്ദ്രൻ എന്ന മേയറിന്റെ പരാജയം അവരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കി നിറുത്തിയതിലൂടെ സി.പി.എം തുടക്കത്തിൽ തന്നെ സമ്മതിച്ചതാണ്.

സർക്കാരിന്റെ ധനവകുപ്പിന്റെ കീഴിലുള്ള ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ വികസനഫണ്ടുകൾ പാഴാക്കിയ കോർപ്പറേഷൻ തിരുവനന്തപുരമാണെന്ന് കണ്ടെത്തിയിരുന്നു. സി.പി.എം കൗൺസിലർമാരെ നിശ്ചയിച്ചതിൽ സംഭവിച്ച ചില നേതാക്കളുടെ ഇടപെടലുകളും പാളിച്ചയും അവരുടെ പരാജയം അവർ തന്നെ ഉറപ്പാക്കുന്നതിന് തുല്യമായിരുന്നു.

ഇ‌ൗ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരേ ഒരു പാർട്ടി ബി.ജെ.പി ആണെന്ന് തെളിയുക കൂടി ചെയ്തു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ താമരകൾ വിരിയാൻ അതിടയാക്കില്ലെന്ന് പറയാനാകില്ല. രണ്ട് നഗരസഭകളും 26 പഞ്ചായത്തും നേടി എൻ.ഡി.എ ശക്തി തെളിയിച്ചു.

കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽ.ഡി.എഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020 ൽ കണ്ണൂർ മാത്രം ലഭിച്ച യു.ഡി.എഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനായി. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടിമറിയാണ് യു.ഡി.എഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ വർദ്ധിപ്പിക്കാനുമായി.

മുനിസിപ്പാലിറ്റികളിലാണ് യു.ഡി.എഫിന്റെ തിളക്കമാർന്ന മുന്നേറ്റം ദൃശ്യമായത്. 86-ൽ 54 നേടിയപ്പോൾ എൽ.ഡി.എഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻ.ഡി.എക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ളോക്ക് പഞ്ചായത്തുകളിൽ 78 എണ്ണം യു.ഡി.എഫ് നേടിയപ്പോൾ 67 എണ്ണം ഇടതുമുന്നണി നേടി. ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ് 504 എണ്ണം നേടിയപ്പോൾ ഇടതുമുന്നണിക്ക് 342 ഉം എൻ.ഡി.എക്ക് 26 ഉം ആറെണ്ണം മറ്റുള്ളവരും സ്വന്തമാക്കി.

ഇ‌ൗ വിജയത്തിൽ മുന്നോട്ടുപോകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് യു.ഡി.എഫ് ആണ്. ഏറ്റവും കൂടുതൽ തിരുത്തേണ്ടത് എൽ.ഡി.എഫും. ബി.ജെ.പിയാകട്ടെ ഓരോ ചുവടും ജാഗ്രതയോടെ വച്ചാൽ പുതിയ ആകാശവും പുതിയ ഭൂമിയുമാവും അവരെ കാത്തിരിക്കുന്നത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.