കാസർകോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ എൽ. ഡി. എഫിന്റെ തോൽവിക്ക് ശേഷം കാറ്റ് മാറിവീശുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും പാലായിലെ വിജയം ആവർത്തിക്കുമെന്നും സി. പി. ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. കാസർകോട് പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായിൽ യു ഡി എഫ് തോറ്റതിന്റെ കാരണങ്ങൾ തന്നെയാണ് മറ്റിടങ്ങളിലുമുള്ളത്. അഞ്ചിടത്തും പോയി രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമായി വിലയിരുത്തിയതിന് ശേഷമുള്ള അഭിപ്രായമാണിത്. യു ഡി എഫിലും ബി ജെ പിയിലും ആഭ്യന്തര പ്രശ്നങ്ങൾ ഏറെയാണ്. ഈ തിരഞ്ഞെടുപ്പിൽ മുഖ്യഎതിരാളി യു ഡി എഫ് ആണ്. മുസ്‌ലിംലീഗിന്റെ കോണി മുകളിലോട്ട് കയറാൻ മാത്രമുള്ളതല്ല. അതിൽ താഴോട്ടിറക്കവും ഉണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും.
വോട്ട് കച്ചവട വിവാദം തോൽക്കുമെന്ന് കരുതുമ്പോൾ ബി ജെ പി ഉയർത്തി കൊണ്ടുവരുന്ന ആരോപണം മാത്രമാണ്. കേരളത്തിൽ എവിടെയും വോട്ട് മറിക്കൽ ഏർപ്പാട് നടക്കുന്നില്ല. എന്നാൽ 40 ഇടത്ത് കോൺഗ്രസുമായി മുമ്പ് അവിശുദ്ധ ബന്ധം ഉണ്ടായിരുന്നുവെന്ന് കെ.ജി മാരാർ തന്നെ തന്റെ ആത്മകഥയിൽ എഴുതിവെച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ആൾക്കൂട്ട കൊലയെന്ന വാക്ക് പാശ്ചാത്യമാണെന്ന തൊടുന്യായം പറഞ്ഞ് സ്വന്തം കുറ്റം മൂടിവെക്കാനുള്ള രാഷ്ട്രീയ കൗശലമാണ് ആർ. എസ്. എസും ബി ജെ പിയും കാണിക്കുന്നതെന്നും ബിനോയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |