
തിരുവനന്തപുരം: മുപ്പതാമത് ചലച്ചിത്രമേളയടെ പ്രധാനവേദിയായ ടാഗോറിൽ ചലച്ചിത്രപ്രേമികളും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്ന് 'അവൾക്കൊപ്പമെന്ന്' പ്രഖ്യാപിച്ചു.
നടി കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ,
'അവൾക്കൊപ്പം' എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ബാഡ്ജ് നെഞ്ചോടുചേർത്തതാണ് ഡെലിഗേറ്റുകുൾ നിലപാട് അറിയിച്ചത്.
അവൾക്കൊപ്പം, നീതിക്കൊപ്പം, സ്ത്രീസുരക്ഷ നാടിൻ സുരക്ഷ എന്ന മുദ്രാവാക്യം ടാഗോർ തിയേറ്റർ പരിസരത്ത് മുഴങ്ങി. വിദേശ ഡെലിഗേറ്റുകൾ ഉൾപ്പെടെ അതിന്റെ ഭാഗമായി.
ഗായിക പുഷ്പവതി ഐക്യദാർഢ്യ ഗാനം പാടിയതോടെ പരിപാടി ആരംഭിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്നു ശിക്ഷിക്കുക എന്നത് കേരളത്തിലെ ഓരോരുത്തരുടെയും ചുമതലയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്ന് ശിക്ഷിക്കാൻ പൂർണമായി സാധിച്ചില്ല. ഇത് ജുഡിഷ്യറിയുടെ പരിമിതിയാണ്, അതിനെ ഗൗരവപൂർവം കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള തലമുറയ്ക്ക് പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാനും അവർക്ക് പോരാടാനുമായി ഈ പ്രതിഷേധം തുടരണമെന്ന് നടി റീമ കല്ലിങ്കൽ പറഞ്ഞു അവൾക്കൊപ്പം എന്ന് പറയുന്നത് മാത്രമല്ല കൂടെനിൽക്കണം, പിന്തുണയ്ക്കണം അതിൽ നിന്ന് ഒരിക്കലും പിന്നോട്ടുപോകരുതെന്നും ആവശ്യപ്പെട്ടു.
ബീനാ പോൾ, ആർ.പാർവതി ദേവി, സജിത മഠത്തിൽ, ഭാഗ്യ ലക്ഷ്മി, അൻവർ അലി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ തുടങ്ങിയവർ പങ്കെടുത്തു.
ബസിൽ ദിലീപിന്റെ സിനിമ,
പ്രതിഷേധത്തെ തുടർന്ന് നിറുത്തി
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലെ സ്ക്രീനിൽ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. സിനിമ നിറുത്താൻ തയ്യാറാകാതിരുന്ന കണ്ടക്ടറുമായി സ്ത്രീ യാത്രക്കാർ തർക്കമുണ്ടായി. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് അറിയിച്ചതോടെ സിനിമ നിറുത്തി.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്ത് നിന്ന് തൊട്ടിൽപ്പാലത്തേക്ക് പുറപ്പെട്ട സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. കേശവദാസപുരത്ത് നിന്ന് കുടുംബവുമായി കയറിയ പത്തനംതിട്ട കൊടുന്തറ സ്വദേശിയായ ലക്ഷ്മി ശേഖറാണ് ആദ്യം പ്രതികരിച്ചത്. കേശവദാസപുരം പിന്നിട്ടപ്പോഴാണ് ബസിൽ പറക്കുംതളിക സിനിമ പ്രദർശിപ്പിച്ചത്. ദിലീപിന്റെ സിനിമ കാണിക്കുന്നത് നിറുത്തണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടു. പറ്റില്ലെന്ന് കണ്ടക്ടർ പറഞ്ഞു. എങ്കിൽ തങ്ങൾ ബസിൽ യാത്ര തുടരില്ലെന്ന് ലക്ഷ്മി അറിയിച്ചു. കൂടുതൽ യാത്രക്കാർ പ്രതിഷേധവുമായി എഴുന്നേറ്റതോടെ സിനിമ നിറുത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടതല്ലേയെന്ന് ചില പുരുഷ യാത്രക്കാർ ചോദിച്ചെങ്കിലും കൂടുതൽ യാത്രക്കാരും സിനിമ നിറുത്തണമെന്ന നിലപാടിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |