
കൊല്ലം എസ്.എൻ. കോളേജിൽ 1975 ജൂണിലെ ഒരു ദിവസം രാവിലെ 10 മണി. ഡിഗ്രി മലയാളം ക്ലാസിന് ബെല്ലടിച്ചു. നിമിഷങ്ങൾക്കകം അപ്പൻ സാർ വാതിൽപ്പടിയിലെത്തി, സ്റ്റെപ്പ് കയറി പ്ലാറ്റ്‌ഫോമിലേക്ക്. കുട്ടികളെ ഒന്നു നോക്കി സാർ ക്ലാസെടുക്കാൻ തുടങ്ങി. കുമാരനാശാന്റെ ദുരന്തകഥാ പാത്രങ്ങളായ നായികമാരെക്കുറിച്ച് സാർ പതിയെ സംസാരിക്കാൻ തുടങ്ങി. സാർ ലീലയിൽനിന്ന് വാസവദത്തയിലെത്തി. 'ആരറിവൂ നിയതി തൻ ത്രാസു പൊങ്ങുന്നതും താനേ താണുപോവതും.." എന്നു ചൊല്ലിയതും മണി മുഴങ്ങി.
എന്റെ പി.ജി പഠനം മറ്റൊരു യൂണിവേഴ്സിറ്റിയിൽ ആയിരുന്നതിനാൽ ഏറെ നാളത്തേക്ക് അപ്പൻ സാറിനെ കാണാനും കേൾക്കാനും കഴിഞ്ഞില്ല. പഠനം പൂർത്തിയാക്കി തിരുവനന്തപുരത്ത് 'കേരളകൗമുദി'യിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേർന്നുകഴിഞ്ഞ സമയത്താണ്. തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സാർ ഒരു പ്രഭാഷണത്തിൽ പങ്കെടുക്കാനെത്തുന്നു. സിറ്റി ബ്യൂറോയിൽ നിന്ന് എത്തിയ റിപ്പോർട്ട് വായിച്ചിട്ട്, അന്ന് ഡെസ്‌ക് ചീഫ് ആയിരുന്ന എൻ.ആർ.എസ്. ബാബുസാർ അത് എന്നെ ഏല്പിച്ചു: 'ഇതാണ് റിപ്പോർട്ടിംഗ്' എന്നൊരു കമന്റും സാർ പറഞ്ഞു.
പരിപാടിയിൽ മുഖ്യപ്രഭാഷകൻ സാക്ഷാൽ സുകുമാർ അഴിക്കോടായിരുന്നു. കെ.പി. അപ്പൻ, വി. രാജകൃഷ്ണൻ, ആഷാമേനോൻ ഉൾപ്പെടെയുള്ള നവീന വിമർശകർക്കു നേരെയുള്ള സിംഹഗർജ്ജനമായി അഴിക്കോട് മാഷിന്റെ പ്രസംഗം മാറി. തുടർന്ന് അപ്പൻ സാർ മറുപടി പ്രസംഗത്തിന് എഴുന്നേറ്റതോടെ അഴിക്കോട് വേദി വിട്ടു. സർഗാത്മകമായ ആ കൊമ്പുകോർക്കലിന്റെ ശക്തിസൗന്ദര്യം എടുത്തുകാട്ടിയ കൗമുദി റിപ്പോർട്ട് വ്യാപകമായ ചർച്ചയ്ക്ക് ഇടയാക്കി, ആ സംഭവം അപ്പൻ സാറിന്റെ എഴുത്തു ജീവിതത്തിന്റെ വഴിത്തിരിവാകുകയും ചെയ്തു.
ഇനി പ്രസംഗത്തിന് സമയം കളയേണ്ട എന്ന് അദ്ദേഹം ഉറപ്പിച്ചതായി പിന്നീടുള്ള നിലപാടിൽനിന്ന് ഊഹിക്കാം. സർഗാത്മകമായ എഴുത്തിന്റെ ദിശ നിശ്ചയിച്ച് സ്വന്തം നിലപാടുതറ അദ്ദേഹം കുടുതൽ ശക്തമാക്കി മുന്നോട്ടുപോയി. അതിൽ നിന്നുണ്ടായ ആത്മവിശ്വാസവും പ്രഹരശക്തിയും മലയാള ഭാഷയ്ക്കും സാഹിത്യനിരൂപണത്തിനും വലിയ ഗതിമാറ്റമാണ് ഉണ്ടാക്കിയത്. വർഷങ്ങൾക്കു ശേഷം അഴിക്കോട് കൊല്ലം മുണ്ടയ്ക്കലിൽ അപ്പൻ സാറിന്റെ വസതിയായ 'അശ്വതി"യിലെത്തിയത് ഭാഷാചരിത്രത്തിന്റെ സൗന്ദര്യസാക്ഷ്യമായി!
കേരളകൗമുദി കൊല്ലം എഡിഷൻ കൊല്ലത്ത് തുടങ്ങിയപ്പോഴാണ്, വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അപ്പൻ സാറിനെ കാണുന്നത്. സാറിന്റെ സന്തതസഹചാരിയും എഴുത്തുകാരനുമായ പ്രൊഫ. കല്ലട രാമച്രന്ദ്രൻ സാറിന്റെ മരണം അപ്പൻ സാറിനെ വല്ലാതെ ഉലച്ചിരുന്നു. എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം. (പുറത്തുവച്ച് കാണുമ്പോൾ രാമന്ദ്രൻ സാറിന്റെ വാത്സല്യം ഏറെ അനുഭവിച്ചിട്ടുണ്ട്, ഞാൻ). മരണമറിഞ്ഞ് കൊല്ലം ചിന്നക്കടയ്ക്കടുത്തുള്ള വീട്ടിലെത്തുമ്പോൾ ഒരു തെങ്ങിൻ ചുവട്ടിൽ വിഷാദിച്ചു നില്ക്കുന്ന അപ്പൻ സാറിന്റെ ദൃശ്യം ഇന്നും മനസിൽ വേദനയായുണ്ട്.
കുറച്ചുനാൾ കഴിഞ്ഞപ്പോഴായിരുന്നു മറ്റൊരു ദുരന്തം. മുണ്ടയ്ക്കൽ ദേവീക്ഷേത്ര നടയിൽ കൈകൂ പ്പിനിൽക്കെ മരുമകൾ കുഴഞ്ഞുവീണു മരിച്ചു. പിറ്റേന്നു രാവിലെ അപ്പൻസാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. ആകെ തകർന്ന നിലയിലായിരുന്നു അപ്പൻസാർ. അദ്ദേഹം ആത്മഗതമെന്നോണം പറഞ്ഞു: What is the meaning of worship! അമൃതസ്വരൂപനായിരുന്ന അപ്പൻ സാർ കൊല്ലം പോളയത്തോട് ചുടുകാട്ടിൽ (വിശ്രാന്തി) ഒരു പിടി ഭസ്മമായി മാറിയപ്പോൾ കണ്ടുനിൽക്കാനായില്ല. ഇന്ന് 17-ാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ആത്മസ്വരൂപം സ്വർഗകവാടത്തിൽ നാരായണഗുരുവിനും യേശുദേവനും മദ്ധ്യേ ചെറുപുഞ്ചിരിയുമായി നില്ക്കുകയാവാമെന്ന് മനസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |