
പായസം, ഉണ്ണിയപ്പം തുടങ്ങിയ പല വിഭവങ്ങളും പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്ന് നമുക്കറിയാം. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ചിക്കൻ പ്രസാദമായി ലഭിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് അറിയാം. ഇത് മറ്റെങ്ങുമല്ല കേരളത്തിൽ തന്നെയാണ്. കണ്ണൂർ ജില്ലയിലെ മാടായിക്കാവ് എന്ന തിരുവർക്കാട്ട്കാവ് ക്ഷേത്രത്തിലാണ് ഈ അപൂർവ പ്രസാദം നൽകുന്നത്.
രൗദ്ര ഭാവത്തിലെ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. അജബലിയും നരബലിയും ഈ ക്ഷേത്രത്തിൽ പണ്ടുകാലത്ത് നടത്തിവരുമായിരുന്നു. കുരുമുളകിട്ട നാടൻ ചിക്കനും പയറും ദേവിക്ക് നിവേദിച്ച ശേഷം ഭക്തർക്ക് പ്രസാദമായി നൽകും. 100 രൂപ അടച്ച് അകപൂജ നടത്തി പ്രസാദം വാങ്ങാവുന്നതാണ്. ചിക്കൻ, പയർ എന്നിവയ്‌ക്കൊപ്പം പായസവും ഇലയിൽ പൊതിഞ്ഞ് പ്രസാദമായി ലഭിക്കും.
പ്രാചീന ആചാരങ്ങളുടെ ഭാഗമായി പണ്ട് നടത്തിയിരുന്ന നരബലി പരിണമിച്ച് ഈ ആചാരം ആയെന്നാണ് വിശ്വാസം. നിയമപ്രശ്‌നങ്ങൾ കാരണം ക്ഷേത്രത്തിൽ ഇപ്പോൾ ബലി നടത്താറില്ലെങ്കിലും ചിക്കൻ പാചകം ചെയ്‌ത് പ്രസാദമായി നൽകാറുണ്ട്.
ഐതിഹ്യം
കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിലുമാണെന്നാണ് വിശ്വാസം. ഈ രണ്ട് ക്ഷേത്രങ്ങളിൽ നിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാം.
ചിറയ്ക്കൽ കോവിലകത്തിന്റെ പരദേവതയാണ് മാടായിക്കാവിലമ്മ. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് അത്താഴ പൂജയുമായി ബന്ധപ്പെട്ടതാണ്. മറ്റ് ക്ഷേത്രങ്ങളിലെ പോലെ ഇവിടെ അത്താഴ പൂജ നടക്കാറില്ല. പകരം രാത്രി 8.30 ഓടെ നിവേദ്യം തയ്യാറാക്കി ശ്രീകോവിലിനുള്ളിൽ വയ്ക്കുന്നു. അതിന് ശേഷം സാക്ഷാൽ ദേവന്മാർ ക്ഷേത്രത്തിൽ എത്തി അത്താഴ പൂജ നടത്തുമെന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |