
തലമുറകളായി കൈമാറി വരുന്ന ഒരു രീതിയാണ് രാത്രി കാലങ്ങളിൽ എണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുന്നത്. മുടിയുടെ വളർച്ചയാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ രാത്രിയിൽ എണ്ണ തേയ്ക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ എണ്ണയിലുള്ള പോഷകങ്ങൾക്ക് തലയോട്ടിയിലേക്ക് ആഴ്‌ന്നിറങ്ങാൻ ആറുമുതൽ എട്ടു മണിക്കൂറുകൾ വരെ ലഭിക്കുന്നു.
രാത്രിയിൽ ശരീരം കൂടുതലും വിശ്രമാവസ്ഥയിലായിരിക്കും. ഈ സമയം രക്തചംക്രമണം മെച്ചപ്പെടുന്നു, സമ്മർദ്ദ ഹോർമോണുകൾ കുറയുന്നു. ഈ സമയം തലയോട്ടി പോഷകങ്ങളെ സ്വീകരിക്കുന്നതിന് കൂടുതൽ പ്രാപ്‌തമായിരിക്കും. ഉറങ്ങുന്നതിനുമുമ്പ് ഒരു മൃദുവായ മസാജ് നൽകുന്നത് നന്നായി വിശ്രമത്തിനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും. ഇത് മുടി കൊഴിച്ചിലിനെയും കുറയ്‌ക്കുന്നു. സമ്മർദം കുറയ്‌ക്കുന്നതിനാൽ അകാലനര ഒഴിവാക്കുമെന്നും കരുതുന്നു.
വരണ്ട തലയോട്ടി കാരണം മുടികൊഴിച്ചിൽ ഉള്ളവർ രാത്രിയിൽ എണ്ണ തേക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നു. തേങ്ങ, എള്ള്, ഭൃംഗരാജ്, അല്ലെങ്കിൽ ആവണക്കെണ്ണ (ഇളം എണ്ണയുമായി കലർത്തിയ) പോലുള്ളവ ഉപയോഗിക്കുന്നത് നന്നായിരിക്കും. കിടക്കാൻ നേരം മുടി ഇറുക്കി കെട്ടിവയ്‌ക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകുന്നു.
എന്നാൽ, ഈ രീതി എല്ലാവർക്കും ഒരുപോലല്ല പ്രയോജനപ്പെടുന്നത്. ചിലരിൽ ചൊറിച്ചിൽ, തലവേദന തുടങ്ങിയവയ്‌ക്ക് കാരണമാകുന്നു. തലയിൽ നീരിറക്കം ഉണ്ടാകാൻ സാദ്ധ്യതയുള്ളവരാണെങ്കിൽ പനി, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
അതേസമയം, പകൽ സമയങ്ങളിൽ തലയിൽ എണ്ണ തേച്ച ഉടൻ കുളിക്കുന്നതിനാൽ എണ്ണയ്‌ക്ക് തലയോട്ടിയിൽ പ്രവർത്തിക്കാനുള്ള സമയം ലഭിക്കുന്നില്ല. മാത്രമല്ല കുളിച്ചതിന് ശേഷവും എണ്ണയുടെ അംശം തലമുടിയിൽ ഉണ്ടെങ്കിൽ അത് വേഗത്തിൽ അന്തരീക്ഷത്തിലെ പൊടി പടലങ്ങൾ തലയിൽ ഒട്ടിപ്പിടിക്കുന്നതിന് കാരണമാകുന്നു. കൂടുതൽ യാത്രചെയ്യേണ്ടി വരുന്നത് പകൽസമയങ്ങളിലായതിനാൽ ഇതിനുള്ള സാദ്ധ്യത വർദ്ധിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |