
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ, കാലാവധി പൂർത്തിയായ ജെ.പി. നദ്ദയുടെ പിൻഗാമിയായി ബി.ജെ.പി പുതിയ ദേശീയ അദ്ധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ബീഹാറിൽ നിന്നുള്ള യുവ നേതാവും സംസ്ഥാന മന്ത്രിയുമായ നിതിൻ നബിനെ വർക്കിംഗ് പ്രസിഡന്റായി പ്രഖ്യാപിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾക്കും പൊതു അഭ്യൂഹങ്ങൾക്കും പിടികൊടുക്കാതെ ഒരിക്കൽക്കൂടി ബി.ജെ.പി നേതൃത്വം കൈയടി നേടി. ജനുവരിയിൽ നിതിനെ ബി.ജെ.പിയുടെ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷനായി ഉയർത്തുമെന്നാണ് സൂചന. അമ്പത്തിരണ്ടാം വയസിൽ അദ്ധ്യക്ഷനായ നിതിൻ ഗഡ്‌കരിയുടെ റെക്കാർഡ് നാല്പത്തിയഞ്ചാം വയസിൽ നിതിൻ മറികടക്കും!
ആർ.എസ്.എസിന് താത്‌പര്യമുണ്ടായിരുന്ന, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ശിവ്‌രാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, ധർമ്മേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പ്രഹ്ളാദ് ജോഷി, ജി. കിഷൻ റെഡ്ഡി, ജനറൽ സെക്രട്ടറി സുനിൽ ബൻസൽ, വനിതാ നേതാക്കളായ നിർമ്മലാ സീതാരാമൻ, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ തുടങ്ങിയവരുടെ പേരിൽ പ്രചരിച്ച അഭ്യൂഹങ്ങളാണ് ഞായറാഴ്‌ചത്തെ പ്രഖ്യാപനത്തോടെ ഇല്ലാതായത്.
2020-ൽ ചുമതലയേറ്റ ജെ.പി. നദ്ദയുടെ കാലാവധി 2023-ൽ അവസാനിച്ചെങ്കിലും 2024-ലെ പൊതു തിരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം പുതിയ അദ്ധ്യക്ഷൻ വരുമെന്ന കണക്കുകൂട്ടലിൽത്തന്നെയാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും. യുവ വോട്ടർമാരെ ആകർഷിക്കാൻ കഴിയുന്ന നേതാവിനെ തലപ്പത്ത് എത്തിച്ച തലമുറമാറ്റത്തിന് നരേന്ദ്ര മോദിയും അമിത് ഷായും പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. നവംബറിലെ ബീഹാർ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ അദ്ധ്യക്ഷൻ വരുമെന്നും പ്രതീക്ഷിച്ചു.
എന്നാൽ, ജൂലായിൽ ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ ബി.ജെ.പി നേതൃത്വം ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. അങ്ങനെയാണ് ബീഹാർ തിരഞ്ഞെടുപ്പിലും നദ്ദയുടെ നേതൃത്വത്തിൽ മത്സരിച്ചതും വൻ വിജയം നേടിയതും.
പരീക്ഷണം
വീണ്ടും
ജെ.പി. നദ്ദയ്‌ക്കു ശേഷം, ബി.ജെ.പിയുടെ രണ്ടാമത്തെ വർക്കിംഗ് പ്രസിഡന്റാണ് നിതിൻ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മോദി സർക്കാരിൽ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോൾ ജെ.പി. നദ്ദയെ വർക്കിംഗ് പ്രസിഡന്റായാണ് ആദ്യം നിയമിച്ചത്. 2020- ന്റെ തുടക്കത്തിൽ നദ്ദ അദ്ധ്യക്ഷനായി ചുമതലയേറ്റു. സമാനമായ രീതിയിലാണ് നദ്ദയുടെ പിൻഗാമിയാകാൻ പോകുന്ന നിതിന്റെ അരങ്ങേറ്രവും.
ബി.ജെ.പി ഭരണഘടനയിൽ യഥാർത്ഥത്തിൽ വർക്കിംഗ് പ്രസിഡന്റ് എന്നൊരു പദവിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്ന് അദ്ധ്യക്ഷനായിരുന്ന അമിത് ഷായും നടപ്പാക്കിയ തന്ത്രങ്ങൾക്ക് തുടർച്ച ഉറപ്പാക്കുന്നതിനായി താത്‌കാലിക നടപടി എന്ന നിലയിലാണ് നദ്ദയെ വർക്കിംഗ് പ്രസിഡന്റ് ആക്കിയത്. ഡ്രൈവിംഗ് സീറ്റിൽ നദ്ദ ഭദ്രമെന്ന് ബോദ്ധ്യപ്പെട്ടതോടെ അദ്ധ്യക്ഷനുമാക്കി. അതിനെക്കാൾ ഉത്തരവാദിത്വപരമായ ദൗത്യമാകും അദ്ധ്യക്ഷപദവിയിൽ നിതിന് പാർട്ടി നൽകുക. നദ്ദ 60-ാം വയസിലാണ് അദ്ധ്യക്ഷനായതെങ്കിൽ നിതിൻ 40-കളിലാണ്. അതായത്, തലമുറ മാറ്റത്തിനും കേരളത്തിൽ അടക്കം അധികാരം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ഭാവി നീക്കങ്ങളുടെ ഭാഗമാണിത്.
പുതിയ അദ്ധ്യക്ഷന്റെ നിയമനം ആർ.എസ്.എസുമായുള്ള തർക്കം മൂലമാണ് നീണ്ടതെന്ന അഭ്യൂഹങ്ങളിലേക്ക് നോക്കാം. ആർ.എസ്.എസിനെ തൃപ്‌തിപ്പെടുത്താൻ സവർണ വിഭാഗത്തിൽ നിന്നുള്ള അദ്ധ്യക്ഷൻ വരുമെന്നായിരുന്നു കേട്ടത്. പക്ഷേ നിതിൻ നബിൻ പ്രതിനിധാനം ചെയ്യുന്ന കായസ്‌ത സമുദായം പിന്നാക്കവുമല്ല, മുന്നാക്കവുമല്ല. അതേസമയം വടക്കെ ഇന്ത്യയിലാകെ സാന്നിദ്ധ്യമുള്ള, ചരിത്രപരമായി പ്രാധാന്യമുള്ള സമുദായമാണ് താനും.
വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തിയും വോട്ട് കൊള്ള ആരോപണമുന്നയിച്ചും ബി.ജെ.പിയെ ഇകഴ്‌ത്താൻ ശ്രമിക്കുന്ന പ്രതിപക്ഷം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്- മണ്ഡലങ്ങളുടെ പ്രാധാന്യം നോക്കി കൃത്യമായി വോട്ടുറപ്പിക്കാൻ ബി.ജെ.പി താഴെത്തട്ടു മുതൽ നടത്തുന്ന തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മികവ്. ജെ.പി. നദ്ദയുടെ പിൻഗാമിയായി, ഞായറാഴ്‌ചവരെ ആരും ശ്രദ്ധിക്കാതിരുന്ന ഒരു ബീഹാറി നേതാവ് വന്നതിന്റെ പൊരുൾ തേടുമ്പോഴും ഇത് വ്യക്തമാകും.
ഇതുവരെ പിടികൊടുക്കാത്ത കേരളം, തമിഴ്നാട്, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വൻ വെല്ലുവിളി നേരിടാൻ യോഗ്യനായ ആളെ അദ്ധ്യക്ഷനാക്കണം! കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ച 2023-ൽ ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് ചുമതലക്കാരനെന്ന നിലയിലാണ് നിതിൻ ബി.ജെ.പി നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിൽ തന്റെ പേര് അന്തിമമാകുമ്പോഴും നിതിൻ ഛത്തീസ്ഗഡിൽ എസ്.ഐ.ആർ നടപടികളുടെ പ്രചാരണത്തിൽ വ്യാപൃതനായിരുന്നു. മുൻപ് സിക്കിമിന്റെ തിരഞ്ഞെടുപ്പ് ചുമതലയും കൃത്യമായി നിർവഹിച്ചു.
പാരമ്പര്യം,
പരിചയം
ബീഹാറിലെ പ്രമുഖ നേതാവും മന്ത്രിയും 1995 മുതൽ തുടർച്ചയായി നാലു തവണ പട്‌ന വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ എം.എൽ.എയുമായിരുന്ന അന്തരിച്ച നബിൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ. 2006-ൽ പിതാവ് മരിച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭാംഗമായി. 2010 മുതലിങ്ങോട്ട് ബങ്കിപൂർ എം.എൽ.എ. 2020- ലെ തിരഞ്ഞെടുപ്പിൽ സിനിമാതാരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹയെ 84,000-ത്തിലേറെ വോട്ടുകൾക്കാണ് തോല്പിച്ചത്. ഇക്കുറി വിജയത്തിളക്കത്തിന് മാറ്റു കുറയാതെ ആർ.ജെ.ഡിയുടെ രേഖാകുമാരിയെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിറുത്തി. 2021-ൽ കാബിനറ്റ് മന്ത്രിയായി. നിലവിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ റോഡ് നിർമ്മാണ, നഗരവികസന, ഭവന നിർമ്മാണ മന്ത്രിയാണ് നിതിൻ.
കോളേജ് കാലത്ത്, സംഘത്തിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയിൽ സജീവമായിരുന്നു. പിന്നീട് യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ, അരുണാചൽ പ്രദേശിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര നടത്തി. സിക്കിമിന്റെ തിരഞ്ഞെടുപ്പ് ചുമതല കൈവന്നതും ഈ അനുഭവങ്ങൾ പരിഗണിച്ചാണ്.
ബി.ജെ.പിക്ക് ഇതുവരെ ഒറ്റയ്‌ക്ക് ഭരിക്കാൻ കഴിയാത്ത ബീഹാറിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും നിതിന്റെ ശ്രമങ്ങളുണ്ട്. ബൂത്തുതലം മുതൽ പ്രവർത്തകരുമായി നേരിട്ട് ഇടപഴകുന്നതാണ് നിതിന്റെ രീതി. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരേയൊരു റോഡ് ഷോയുടെ മുഖ്യ സംഘാടകൻ. മുൻ നേതാവ് നബിൻ കിഷോർ സിൻഹയുടെ മകനെ വർക്കിംഗ് പ്രസിഡന്റ് ആക്കിയതിലൂടെ കുടുംബാധിപത്യ വിമർശനം നേരിടുന്ന കോൺഗ്രസിന് ആശ്വസിക്കാൻ ബി.ജെ.പി ഒരു വാതിൽ തുറന്നിടുന്നു എന്ന രാഷ്ട്രീയ കൗതുകവുമുണ്ട്!
ജനുവരിയിൽ നടക്കുന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിലാകും ബി.ജെ.പിക്ക് ഇതുവരെ ഒറ്റയ്‌ക്ക് അധികാരത്തിലേറാൻ കഴിയാത്ത ബീഹാറിൽ നിന്നുള്ള ആദ്യ ദേശീയ അദ്ധ്യക്ഷനായി നിതിന്റെ സ്ഥാനാരോഹണം. ആ യോഗത്തിൽ നിതിനൊപ്പം പുതിയൊരുകൂട്ടം നേതാക്കളും ബി.ജെ.പി ദേശീയ നേതൃത്വത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജയത്തിലൂടെ ബി.ജെ.പി പ്രതീക്ഷകൾക്ക് ചിറകു മുളച്ച കേരളത്തിനും അതിൽ ഇടമുണ്ടായേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |