
പൊൻകുന്നം: ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്ന് വൈകിട്ടാണ് കോട്ടയം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തിയത് . സന്ധ്യയോടെ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തിയ ശേഷം ജഡ്ജിയമ്മാവൻ നടയിൽ അട വഴിപാട് നടത്തി.
കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവിടെ ദർശനം നടത്തിയാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈ മാസം 18ാം തീയതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ജഡ്ജിയമ്മാവൻ നടയിൽ ദർശനം നടത്തിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. നടൻമാരായ ദിലീപ്, വിശാൽ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖർ ഇവിടെ എത്തിയിട്ടുണ്ട്.
അതേസമയം മാദ്ധ്യമപ്രവർത്തകയെ പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 18ന് പരിഗണിക്കാൻ മാറ്റി. അറസ്റ്റ് വിലക്കും അന്നുവരെ നീട്ടി. ജസ്റ്റിസ് കെ. ബാബുവാണ് ഹർജി പരിഗണിച്ചത്. ബംഗളൂരുവിലെ മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. മറുപടി സമർപ്പിക്കാൻ രാഹുലിന് സമയം അനുവദിച്ചാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ നടപടി. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെ.പി.സി.സി പ്രസിഡന്റിന് ലഭിച്ച പരാതിയിലാണ് രണ്ടാമത്തെ കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |