കൂടത്തായി കൊലപാതക പരമ്പരയുടെ ഞെട്ടലിലാണിന്ന് കേരളം. ഭക്ഷണത്തിൽ സയനൈഡ് നൽകി ഒരുകുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ ജോളി എന്ന വീട്ടമ്മ റിമാൻഡിലാണ്. ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അഗതാ ക്രിസ്റ്റിയുടെ സ്പാർക്ലിംഗ് സയനൈഡ് എന്ന നോവലിവും കൂടത്തായിയുടേതിന് സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. 1945 ഡിസംബറിലാണ് സ്പാർക്ലിംഗ് സയനൈഡ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആ വർഷം ഫെബ്രുവരിയിൽ അമേരിക്കയിൽ റിമമ്പേർഡ് ഡെത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കുമ്പോൾ പേര് മാറ്റുകയായിരുന്നു.
75 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചതാണെങ്കിലും സ്പാർക്ലിംഗ് സയനൈഡിലെ കൊലപാതകരീതിക്ക് കൂടത്തായി കൊലപാതകങ്ങളോട് സാമ്യത ഏറെയാണ്. സ്പാർക്ലിംഗ് സയനൈഡിൽ കൊലപാതകത്തിന്റെ ലക്ഷ്യം സ്വത്താണ്.
ഒരു നവംബർ രണ്ടിന് ഏഴുപേർ ചേർന്ന് 'ലക്സംബർഗ്' (Luxembourg) എന്ന ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ റോസ്‌മേരി ബാർട്ടൺ എന്ന സ്ത്രീ കുഴഞ്ഞുവീണുമരിക്കുന്ന. മരിച്ച റോസ്‌മേരിയുടെ ഭര്‍ത്താവിന് ആറ് മാസങ്ങൾക്ക് ശേഷം ഒരു കത്ത് ലഭിക്കുന്നു. റോസ്‌മേരി മരിച്ചതല്ല അതൊരു കൊലപാതകമായിരുന്നു എന്നാണ് ആ അജ്ഞാത കത്തിൽ ഉണ്ടായിരുന്നത്.
റോസ്‌മേരിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഭർത്താവ് ജോർജ് അതേ റെസ്റ്റോറന്റിൽവെച്ച് അന്നുണ്ടായിരുന്ന ആളുകൾക്കൊപ്പം ഡിന്നർ പുനരാവിഷ്‌ക്കരിക്കാൻ ജോർജ് തീരുമാനിച്ചു. റോസ്മേരിയോട് സാദൃശ്യമുള്ള ഒരു നടിയെ കൂടെ അന്നത്തെ ഡിന്നറിൽ പങ്കെടുപ്പിക്കാനും ജോർജ് തീരുമാനമെടുത്തു. നടിയൊഴികെയുള്ളവർ വിരുന്നിൽ പങ്കെടുത്തു. എന്നാൽ റോസ്‌മേരിയുടെ ചരമവാർഷികത്തിൽ നടന്ന ആ വിരുന്നിൽ വെച്ച് റോസ്‌മേരി മരിച്ച അതേ രീതിയിൽ, അതേ ടേബിളിൽ വെച്ച് ജോർജും കുഴഞ്ഞുവീണു മരിക്കുന്നു. ജോർജിന്റെ മരണവും ഒരു ആത്മഹത്യയാണ് എന്ന നിഗമത്തിലേക്കാണ് എത്തുന്നത്. എന്നാൽ തന്റെ പദ്ധതിയെ കുറിച്ച് സുഹൃത്ത് കേണൽ റേസിനോട് ജോർജ് പറഞ്ഞിരുന്നു.
റോസ്‌മേരിയുടെ അമ്മാവന്റെ വിൽപത്രപ്രകാരം അദ്ദേഹത്തിന്റെ സ്വത്തിന് അവകാശിയായിരുന്നു റോസ്മേരി. അവർ മരിക്കുകയാണെങ്കിൽ ആ സ്വത്തിന് അവളുടെ ഇളയ സഹോദരി ഐറിസ് ഉടമയാകും. അവിവാഹിതയായ ഐറിസ് മരിച്ചാൽ ആ സ്വത്തിന്റെ ഏക അവകാശി അവരുടെ ബന്ധു ലൂസില്ല ഡാർക്കാവും. ലൂസില്ല ഒരു മാന്യയായ സ്ത്രീയാണ്. പക്ഷേ അവര്‍ക്ക് താന്തോന്നിയായ ഒരു മകനുണ്ട്, വിക്ടർ.
ജോർജിന്റെ മരണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലയാളി ലക്ഷ്യം വെച്ചത് ഐറിസിനെയാണെന്ന് വ്യക്തമാകുന്നു. കേണൽ റേസും ഐറിസിന്റെ അഭിഭാഷകനും നടത്തുന്ന അന്വേഷണത്തിൽ ജോർജിന്റെ വിശ്വസ്തയായ സെക്രട്ടറി റൂത്ത് ലെസ്സിങ് വിക്ടറുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തുന്നു. രണ്ടാമത്തെ വിരുന്നിൽവെച്ച് ഐറിസിനെ കൊലപ്പെടുത്താനുള്ള ശ്രമം പാളുകയും ജോർജ് കൊല്ലപ്പെടുകയുമായിരുന്നു. ഈ കൊലപാതകങ്ങൾക്കായി കൊലപാതകി ഉപയോഗിച്ചത് സയനൈഡ് ആയിരുന്നു. സ്വത്ത് തട്ടുന്നതിനായി സയനൈഡ് ഉപയോഗിച്ച് നടത്തുന്ന കൊലപാതകങ്ങളാണ് സ്പാർക്ക്ളിങ് സയനൈഡ് എന്ന നോവലിന്റെ കഥാതന്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |