പ്രളയത്തെ അതിജീവിക്കാവുന്ന ഫ്ലോട്ടിംഗ് വീട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിയായ കണ്ണൻ എന്ന ഗോപാലകൃഷ്ണൻ ആശാരിയാണ് ഫ്ലോട്ടിംഗ് വീട് നിർമ്മിച്ച് താരമായത്.
പ്രളയം എത്തുമ്പോൾ തനിയെ പൊങ്ങുന്ന തരത്തിലാണ് ഈ വീടിന്റെ നിർമ്മാണരീതി. 1600 ചതുരശ്രയടി വിസ്തീർണമുള്ള ഈ വീട് ഇദ്ദേഹം സ്വയം നിർമ്മിച്ചതാണ്. ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം പ്രകൃതിക്ക് ചൂഷണം ഉണ്ടാകാതെ ഒരു വീട് നിർമ്മിക്കണം എന്നതായിരുന്നു ഗോപാലകൃഷ്ണന്റെ മോഹം. അതിനായി കല്ലോ, കട്ടയോ, സിമന്റോ ഉപയോഗിക്കാതെ ഒരു വീട് നിർമ്മിക്കണം എന്നദ്ദേഹം തീരുമാനിച്ചു. എന്നാൽ പ്രളയ ശേഷമാണ് എങ്ങനെ വീട് പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാക്കാം എന്നായി മാറിയത്
എത്ര അടി വെള്ളം പൊങ്ങിയാലും ഈ വീട് അതിനനുസരിച്ച് മുകളിലേക്ക് ഉയരും എന്നതാണ് പ്രധാന സവിശേഷത. വീടിന്റെ അടിത്തറയിലെ എയർ ടാങ്ക് ആണ് ഇതിനു സഹായിക്കുന്നത്. വെള്ളത്തിന്റെ സമ്മർദ്ദം ഉണ്ടാകുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ആറുടൺ ഭാരമാണ് വീടിനുള്ളത്. എന്നാൽ എയർ ടാങ്ക് ഉള്ളതിനാൽ ഇത്രയും ഭാരം മുകളിലേക്ക് ഉയരുന്നതിൽ പ്രശ്നം ഉണ്ടാകുന്നില്ല. സാധാരണവീടിന്റെ നിർമാണച്ചെലവിനേക്കാൾ ഈ വീടിന്റെ ചെലവ് മുപ്പതുശതമാനം കുറവാണ്.. ഇത്തരം ഒരു വീട് നിർമ്മിക്കാന്‍ വെറും പതിനഞ്ചുലക്ഷം രൂപ കൊണ്ട് സാധിക്കുമെന്ന് ഗോപാലകൃഷ്ണൻ പറയുന്നു.
ദീർഘകാലം ഈടുനിൽക്കുന്ന വസ്തുക്കൾ കൊണ്ടാണ് വീടിന്റെ നിർമ്മാണം. തന്റെ വീടിന്റെ ഐഡിയയ്ക്ക് പേറ്റന്റ് ലഭിക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ് ഇപ്പോൾഗോപാലകൃഷ്ണന്‍.
ചങ്ങനാശ്ശേരി വാഴപ്പള്ളിയിലാണ് ഗോപാലകൃഷ്ണന്റെ വീട്. എല്ലാ സൗകര്യങ്ങളും ഉള്ള തരത്തിലാണ് ഈ വീടിന്റെ നിർമ്മാണം. മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. രണ്ടാം നില കൂടി പണിയാം എന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണം. ആധുനിക സൗകര്യങ്ങൾ ഉള്ള അടുക്കള, ബാത്ത്റൂം എല്ലാം ഇവിടെയുണ്ട്. വീടിന്റെ മോഡൽ ആളുകൾക്ക് മനസിലാകാൻ പാകത്തിൽ വീടിന്റെ പുറത്തു ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |