
കാലാകാലങ്ങളിൽ മാറ്റം വരുത്താത്ത ഒരു കേന്ദ്ര പദ്ധതിയും സംസ്ഥാന പദ്ധതിയും രാജ്യത്തില്ല. പലപ്പോഴും പല പദ്ധതികളും പാർലമെന്റോ നിയമസഭകളോ പാസാക്കി, നിയമമായി പ്രാബല്യത്തിൽ വന്നതിനു ശേഷമാവും അതിന്റെ ചില ദോഷവശങ്ങൾ വ്യക്തമാവുക. ചില പദ്ധതികൾകൊണ്ട് ഏതൊക്കെ വിഭാഗങ്ങളുടെ ഉന്നമനമാണോ ലക്ഷ്യം വയ്ക്കുന്നത്, അത് കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നു മാത്രമല്ല, അതിന്റെ ഗുണം ചില വ്യവസ്ഥകളുടെ അപ്രായോഗികത കാരണം ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്നും, ഇടനിലക്കാരുടെ ചൂഷണത്തിന് വഴിയൊരുക്കുന്നുവെന്നും വ്യക്തമാവാറുണ്ട്. അതിനാൽ ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഇരുപതാം വർഷത്തിൽ അതിന്റെ സ്വഭാവത്തിൽ കൂടുതൽ ഫലപ്രാപ്‌തിയിൽ ഊന്നിയ മാറ്റം കൊണ്ടുവരാൻ പാടില്ലെന്നു വാദിക്കുന്നത് യുക്തിസഹമല്ല.
സ്വാതന്ത്ര്യത്തിനു ശേഷം രൂപീകരിച്ച ജനക്ഷേമകരവും വികസനപരവുമായ പല പദ്ധതികളിലും അതത് കാലങ്ങളിൽ കേന്ദ്ര ഭരണത്തിലെത്തിയവർ മാറ്റം കൊണ്ടുവന്നിട്ടുള്ളതാണ്. യു.പി.എ സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം അതിദാരിദ്ര്യം രാജ്യത്തുനിന്ന് തുടച്ചുനീക്കുക എന്നതായിരുന്നു. അതോടൊപ്പം വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് താത്‌കാലിക പരിഹാരമെങ്കിലും സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ഇന്ത്യയൊട്ടാകെ, പ്രതീക്ഷിച്ചതിനപ്പുറം സ്വീകാര്യമായി മാറിയ പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത, അതിൽ ഭാഗമാകുന്നവർക്കുള്ള പ്രതിഫലം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കുമെന്നതായിരുന്നു. അതുവരെ, ഏതൊരു പദ്ധതിയുടെയും ഗുണഫലം കൈപ്പറ്റാൻ സർക്കാർ ഓഫീസുകളിലെത്തി ഉദ്യോഗസ്ഥർക്കു മുന്നിൽ കൈനീട്ടണമായിരുന്നു. സർക്കാരിന്റെ ഔദാര്യം പോലെയാണ് ഭൂരിപക്ഷവും അതിനെ വീക്ഷിച്ചിരുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായ പദ്ധതികളുടെ ഇത്തരം പൊതുസ്വഭാവത്തിൽ നിന്ന് മാറി സഞ്ചരിച്ച ആദ്യ പദ്ധതിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ മുൻകൂട്ടി നിശ്ചയിച്ചതിനു ശേഷം അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകുന്നതിന് ബഡ്‌ജറ്റിൽ തുക ഉൾക്കൊള്ളിക്കുന്നതായിരുന്നു അതുവരെയുള്ള പദ്ധതികൾ. സർക്കാരിന്റെ ദാനപദ്ധതികളാണ് ഇവ. എന്നാൽ, ഡിമാന്റ് അഥവാ ആവശ്യം അനുസരിച്ച് നൽകുന്ന അവകാശ പദ്ധതിയായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഇത് വീണ്ടും ദാന പദ്ധതിയാക്കുന്നതാണ് പുതിയ ബിൽ. പദ്ധതിയുടെ പ്രതിഫലമായി ആദ്യം നിശ്ചയിച്ചിരുന്ന തുക വളരെ കുറവായിരുന്നു. അതിന്റെ പല ഇരട്ടിയായിരുന്നു കേരളത്തിലെ അന്നത്തെ പ്രതിദിന ജോലിക്കൂലി. അതിനാൽ പദ്ധതിയുടെ ഭാഗമാകാൻ ഇവിടെ ആളെക്കിട്ടില്ലെന്ന് ബുദ്ധിജീവികൾ പ്രവചിച്ചിരുന്നെങ്കിലും അത് തെറ്റാണെന്നാണ് അനുഭവത്തിൽ തെളിഞ്ഞത്. കുടുംബശ്രീ യൂണിറ്റുകളുടെയും മറ്റും ഭാഗമായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്ന സ്‌ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. അവർക്കു കിട്ടുന്ന പ്രതിഫലത്തിന്റെ വലിയ പങ്കും വീടിന്റെ ക്ഷേമത്തിനാണ് ചെലവഴിക്കപ്പെടുക. ഇതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ചാരുത.
യു.പി.എ സർക്കാരിന്റെ രണ്ടാം വരവിനും രാഷ്ട്രീയമായി തൊഴിലുറപ്പ് പദ്ധതി സഹായിച്ചിട്ടില്ലെന്ന് പറയാനാവില്ല. ഈ പദ്ധതി മികച്ചതാണെന്ന് കണ്ടതുകൊണ്ടാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അത് ഉപേക്ഷിക്കാതെ പരിഷ്കരിച്ച് നടപ്പാക്കാൻ തീരുമാനിച്ചതുതന്നെ. 2009-ൽ പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നൽകിയെങ്കിലും പുതിയ ബില്ലിൽ അതൊഴിവാക്കുന്നത് നീതികരിക്കാനാവില്ല. പാർലമെന്റിൽ പ്രതിപക്ഷം ഇതിനെതിരെ ശക്തിയുക്തം നിലകൊള്ളുകതന്നെ വേണം. സംസ്ഥാനങ്ങൾ 10 ശതമാനം വിഹിതം വഹിച്ചിരുന്നത് 40 ശതമാനമായി വർദ്ധിപ്പിക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇങ്ങനെ വരുമ്പോൾ പലേടത്തും പദ്ധതി നടപ്പാകാതാകുമോ എന്ന സംശയവും ഉടലെടുക്കാം. എന്നാൽ 15 ദിവസത്തിനകം തൊഴിൽ നൽകാനായില്ലെങ്കിൽ ഗുണഭോക്താവിന് സംസ്ഥാന സർക്കാർ തൊഴിലില്ലായ്മാ വേതനം നൽകേണ്ടിവരുമെന്ന വ്യവസ്ഥ കാരണം ഇത് നടപ്പാക്കാതിരിക്കാനും കഴിയില്ല. ഒരു വർഷം തൊഴിൽ ദിനങ്ങൾ 100 എന്നത് 125 ആക്കുന്നത് സ്വാഗതാർഹമാണ്. ബില്ലിനെക്കുറിച്ച് ആഴത്തിൽ പഠിച്ച് ക്രിയാത്മക മാറ്റങ്ങൾ വരുത്താനാകണം പ്രതിപക്ഷം ശ്രദ്ധിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |