
ലോകമെങ്ങും ന്യൂനപക്ഷ സമൂഹം അടിച്ചമർത്തലുകൾക്കു മുന്നിൽ ഭീതിയോടെയും ആശങ്കയോടെയും പകച്ചുനിൽക്കുന്ന കാലഘട്ടമാണ് ഇത്. ഐക്യരാഷ്ട്ര സംഘടനയുടെ നിർവചന പ്രകാരം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ആധിപത്യം ഇല്ലാത്തതും, ഒരു പ്രത്യേക രാജ്യത്തിനുള്ളിൽ സംഖ്യാപരമായി താഴ്ന്നതുമായ സമൂഹമാണ് ന്യൂനപക്ഷ വിഭാഗം. മതത്തിന്റെയും നീതിയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. 1992 ഡിസംബർ 18-ന് ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയിലും ന്യൂനപക്ഷ അവകാശ ദിനം ആചരിച്ചു തുടങ്ങിയത്.
ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് വിവേചനം നേരിടാതെ സ്വതന്ത്രമായി സ്വന്തം സംസ്കാരം പുലർത്തുവാനും, സ്വന്തം മതവിശ്വാസം ആചരിക്കുവാനും, സ്വന്തം ഭാഷ ഉപയോഗിക്കുവാനുമുള്ള അവകാശം ഈ പ്രഖ്യാപനത്തെ അടിവരയിടുന്നു. 1992-ലെ ദേശീയ ന്യൂനപക്ഷ നിയമപ്രകാരം ദേശീയ ന്യൂനപക്ഷ കമ്മിഷനും ഇതിന്റെ ചുവടുപിടിപ്പിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകളും നിലവിൽ വന്നു. 2013 മേയ് 15- നാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നിലവിൽ വന്നത്. സംസ്ഥാനത്തെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്‌ളിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾക്കു വേണ്ടി ആർജ്ജവത്തോടെ
പ്രവർത്തിക്കുന്ന കമ്മിഷൻ നിരവധി വിഷയങ്ങളിൽ ഇടപെട്ട് ന്യൂനപക്ഷാവകാശം സാദ്ധ്യമാക്കിയിട്ടുണ്ട്.
അവബോധം
പ്രധാനം
കമ്മിഷനിൽ ഒരു സിവിൽ കോടതിയുടെ അവകാശം നിക്ഷിപ്തമായതിനാൽ പരാതികൾക്ക് ഉടനടി പരിഹാരം കാണുവാൻ കഴിയുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ അവകാശപ്പെട്ട സംവരണം, സ്കോളർഷിപ്പുകളുടെ വിതരണം, ഇവയെല്ലാം കമ്മിഷൻ നിരീക്ഷണ വിധേയമാക്കാറുണ്ട്. ന്യൂനപക്ഷ അവകാശം എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ഒരു സുപ്രധാന ഘടകമാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ മികച്ച ജീവിത നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പിന്നോക്കാവസ്ഥയുണ്ട് എന്നത് കാണാതിരുന്നുകൂടാ.
കമ്മിഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ, ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും കമ്മിഷന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. കമ്മിഷനിൽ പരാതി നൽകുന്നതിനും തുടർ നടപടികൾക്കുമായി യാതൊരു ഫീസും പരാതിക്കാർ നൽകേണ്ടതില്ല. സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങൾക്കായി സംസ്ഥാനതലത്തിൽ സെമിനാർ സംഘടിപ്പിക്കുവാനും, കേരള മീഡിയാ അക്കാഡമിയുമായി ചേർന്ന് അവരുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച് പഠനം നടത്തി സർക്കാരിന് സമഗ്രമായ റിപ്പോർട്ട് നൽകുവാനും കമ്മിഷന് കഴിഞ്ഞിട്ടുണ്ട്.
കാവലാളായി
കമ്മിഷൻ
ന്യൂനപക്ഷ വിഭാഗങ്ങളിലെ നിരവധി പേരുടെ ജീവിതത്തിന് കാവലാളാകുവാൻ കമ്മിഷനു കഴിഞ്ഞത് അഭിമാനകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതീയുവാക്കൾക്ക് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി അതിന്റെ വിജയത്തിൽ എത്തിനിൽക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയുടെ ഭാഗമായി, നവമാധ്യമങ്ങൾ ഏറ്റവും ജനകീയമായ ആശയവിനിമയോപാധിയായി മാറിയിരിക്കുകയാണ്. നഗര- ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നവരായി മാറിക്കഴിഞ്ഞു.
ഈ മാറിയ സാഹചര്യത്തിൽ ജനങ്ങൾക്ക് വേഗത്തിൽ കമ്മിഷനെ സമീപിക്കുന്നത് സാദ്ധ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് വാട്ട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നതിന് കമ്മിഷൻ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മിഷനിൽ വാട്ട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കുവാനുള്ള സംവിധാനം ഒരുങ്ങിയത്. വാട്ട്സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നതുവഴി സംസ്ഥാനത്തെ 46 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഞൊടിയിടയിൽ കമ്മിഷനെ സമീപിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവരുടെ ആവലാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും കഴിയും.
കെടാതെ കാത്ത
ജാഗ്രത
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിരവധി വിഷയങ്ങളിൽ ഇടപെടുന്നതിനും പരിഹാരം കാണുന്നതിനും കഴിഞ്ഞത് കമ്മിഷന്റെ നേട്ടമായി കരുതുന്നു. സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പുതുതായി നടപ്പാക്കുന്ന 'കെടാവിളക്ക്" സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കിയതു സംബന്ധിച്ച വാർത്ത മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞയുടൻ തന്നെ കമ്മിഷൻ ഇടപെടുകയും, ഒഴിവാക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളിൽ അർഹരായവരെ പ്രീമെട്രിക് സ്കോളർഷിപ്പിന് ഉൾപ്പെടുത്തുന്നതിനായി 'മാർഗദീപം" എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച് 2024-25ലെ ബഡ്ജറ്റ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ ജോലി ചെയ്യാനുള്ള യോഗ്യതാപരീക്ഷ പാസായവർക്ക് കേരളത്തിൽ പെർമനന്റ് രജിസ്ട്രേഷന് കാലതാമസം നേരിടുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ആ വിഷയത്തിൽ ഇടപെടുകയും, വേഗത്തിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ റിപ്പോർട്ട് നല്കുകയും ചെയ്തു. സംസ്ഥാനമാകെ ശ്രദ്ധിച്ച മറ്റൊരു ഇടപെടലാണ് തിരുവനന്തപുരം മുതലപ്പൊഴി തീരത്തേത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് മുതലപ്പൊഴി മീൻപിടിത്ത തുറമുഖത്ത് നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെടുകയും മരണമടയുകയും ചെയ്തു.
വിഴിഞ്ഞത്തെ
ഇടപെടൽ
അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെട്ട കമ്മിഷൻ ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, തീരദേശ പൊലീസ് ഇൻസ്പെക്ടർ, വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് എന്നിവരെ എതിർകക്ഷികളാക്കി സ്വമേധയാ കേസെടുത്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ വസ്തുക്കളുടെ കയറ്റിറക്കത്തിനായി മുതലപ്പൊഴി തുറമുഖം ഉപയോഗിച്ചതുമൂലം പൊഴിമുഖം കല്ലുകളും മറ്റും അടിഞ്ഞുകൂടി ആഴം കുറഞ്ഞതു കാരണമാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്നും, പൊഴിമുഖം അപകടരഹിതമാക്കുവാൻ ഡ്രഡ്ജിംഗ് നടത്തേണ്ടതുണ്ടെന്നും കണ്ടെത്തി.
കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഇപ്പോൾ 80 ശതമാനം ഡ്രഡ്ജിംഗ് ജോലികളും പൂർത്തിയായിരിക്കുകയാണ്. അടിയന്തര വിഷയങ്ങളിൽ ഇടപെടുക മാത്രമല്ല, പൗരന് നീതി ലഭ്യമാകുംവരെ ഒപ്പം നിൽക്കുക എന്നതാണ് ന്യൂനപക്ഷ കമ്മിഷന്റെ ഉറച്ച നിലപാട്. അഭിമാനത്തോടെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഈ ന്യൂനപക്ഷാവകാശ ദിനത്തെ നോക്കിക്കാണുന്നത്. പൂർത്തിയാക്കുവാൻ നിരവധി സ്വപ്നങ്ങൾ കമ്മിഷനു മുന്നിൽ ഇനിയും ബാക്കിയുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന ലോകമെമ്പാടുമുള്ള മനുഷ്യരെ ഓർമ്മിച്ചുകൊണ്ട് എല്ലാവർക്കും ന്യൂനപക്ഷ അവകാശ ദിനാശംസകൾ നേരുന്നു.
(സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ആണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |