SignIn
Kerala Kaumudi Online
Wednesday, 17 December 2025 3.29 AM IST

തൊഴിലുറപ്പ് പദ്ധതി ഇനി വികസിത് ഭാരത് മിഷൻ പേരല്ല,​ അലകും പിടിയും മാറും

Increase Font Size Decrease Font Size Print Page
t

​ഗ്രാമീണ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക ഘടനയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിർണായക സ്വാധീനം ചെലുത്തുന്ന 'മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി" (MG- NREGA) സമൂലമായ പരിഷ്കരണത്തിന് ഒരുങ്ങുകയാണ്. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി, 'വികസിത് ഭാരത്- ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) (VB- G RAM G) എന്ന പുതിയ പേരിൽ കേന്ദ്ര സർക്കാർ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ച ബിൽ, ഗ്രാമീണ തൊഴിൽ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

2047-ലെ 'വികസിത ഭാരതം" എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ഈ മാറ്റമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ, അതിന്റെ രാഷ്ട്രീയവും സാമ്പത്തികവും ഭരണപരവുമായ പ്രത്യാഘാതങ്ങളെ വിവിധ തലങ്ങളിൽ വിലയിരുത്തേണ്ടതുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2005-ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയത് കോൺഗ്രസിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നായിരുന്നു. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നതിന് മുഖ്യ കാരണം അതിന്റെ രാഷ്ട്രീയ ലക്ഷ്യം തന്നെയാണ്.

നിർവചനം

മാറുന്നു

'വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ)" എന്ന പുതിയ പേര്, പദ്ധതിക്ക് ഗാന്ധിയൻ ആദർശങ്ങളിൽ നിന്നുള്ള ഊന്നൽ മാറ്റി, 2047 ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ 'വികസിത ഭാരതം" എന്ന നയരേഖയുടെ ഭാഗമാക്കുന്നു. ​കേവലം തൊഴിലുറപ്പിൽ നിന്നു മാറി, ജലസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, പ്രകൃതിദുരന്ത ലഘൂകരണം തുടങ്ങിയ വലിയ ദേശീയ ലക്ഷ്യങ്ങളുമായി പദ്ധതിയെ ബന്ധിപ്പിക്കുന്നത്, അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വികസിപ്പിക്കുന്നതിന്റെ സൂചനയായി വേണം മനസിലാക്കേണ്ടത്.

​പുതിയ ബില്ലിലെ ഏറ്റവും വലിയതും സാമ്പത്തികമായി പ്രത്യാഘാതം സൃഷ്ടിക്കുന്നതുമായ പരിഷ്കാരം,​തൊഴിലാളികളുടെ വേതന വിഹിതവുമായി ബന്ധപ്പെട്ടതാണ്. ​നിലവിലെ പദ്ധതിയിൽ കേന്ദ്രം പൂർണമായും നല്കിയിരുന്ന വേതന വിഹിതം ഇനി 60 ശതമാനം കേന്ദ്രവും,​ 40 ശതമാനം സംസ്ഥാനവും എന്ന അനുപാതത്തിൽ

വഹിക്കണം. ഇത് പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക നിലയെ ഗണ്യമായി ബാധിക്കും. സംസ്ഥാനങ്ങൾ അവരുടെ വികസന ഫണ്ടുകളിൽ നിന്നോ മറ്റ് വരുമാന സ്രോതസുകളിൽ നിന്നോ വേണം ഈ അധിക ബാദ്ധ്യത കണ്ടെത്തേണ്ടത്.

വേതനവും

വിഹിതവും

വലിയ (ഹിമാലയൻ)​ സംസ്ഥാനങ്ങൾക്ക് 90 ശതമാനം വിഹിതം കേന്ദ്രം നൽകുന്നത് അവിടത്തെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ വെല്ലുവിളികൾ കണക്കിലെടുത്താണ്. നിയമസഭകൾ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിൽ മുഴുവൻ തുകയും കേന്ദ്രം നൽകും. ഈ വിഹിത രീതി പ്രാദേശികമായ അസമത്വങ്ങളെ പരിഗണിക്കുന്നതിനുള്ള ശ്രമമാണെങ്കിലും, സാധാരണ സംസ്ഥാനങ്ങൾക്ക് ഇത് വലിയ വെല്ലുവിളിയാണ്. അതേസമയം,​ തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി വർദ്ധിപ്പിച്ചത് തൊഴിലാളികളുടെയും ഗ്രാമീണ കുടുംബങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുമെന്നത് പോസിറ്റീവ് ആയ സാമ്പത്തിക സ്വാധീനമാണ്.

​പദ്ധതിയുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ​ഓരോ സാമ്പത്തിക വർഷത്തെയും സംസ്ഥാനം തിരിച്ചുള്ള വിഹിതവും പ്രവർത്തന മേഖലകളും കേന്ദ്ര സർക്കാർ നിർണയിക്കും. ഇത് പദ്ധതിയുടെ ആസൂത്രണത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് കുറയ്ക്കുകയും കേന്ദ്രത്തിന്റെ നിയന്ത്രണം വർദ്ധിപ്പിക്കുകയും ചെയ്യും. ആസൂത്രണവും നിരീക്ഷണവും പി.എം ഗതിശക്തി പോലുള്ള കേന്ദ്ര പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്നത്, ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി തൊഴിലുറപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സഹായകമാവും.

നിരീക്ഷണം

കാര്യക്ഷമം

തട്ടിപ്പും ഫണ്ട് ദുരുപയോഗവും തടയാൻ കർശനമായ സാങ്കേതിക നടപടികൾ കൊണ്ടുവരുന്നു എന്നതാണ് കാര്യമായ മറ്റൊരു വ്യത്യാസം. ജോലി സ്ഥലങ്ങളുടെ ജിയോ ടാഗിംഗ് നിരീക്ഷണം പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ സുതാര്യത ഉറപ്പാക്കും. ​മൊബൈൽ ആപ്പ് അധിഷ്ഠിത ഹാജർ സംവിധാനം,​ വ്യാജ ഹാജർ തടയാൻ സഹായിക്കും. ​ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമാകട്ടെ,​ ഫണ്ട് അർഹരായ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്നത് ഉറപ്പാക്കും.

തത്സമയ വിവരശേഖരണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പദ്ധതിയുടെ കാര്യക്ഷമത കൂട്ടും. ​പുതിയ ബില്ലിൽ തൊഴിൽ മേഖലകളുടെ നിർവചനം വിപുലീകരിക്കുകയും,​ കൃഷിക്കു വേണ്ടി കൂടുതൽ ദിവസങ്ങൾ മാറ്റിവയ്ക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഉപജീവന മാർഗങ്ങളെ പിന്തുണയ്ക്കുന്നതിൽ പദ്ധതിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

കൃഷിപ്പണിക്ക്

മുൻതൂക്കം

ജലസുരക്ഷ, ഉപജീവനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ (ലൈവ്‌ലിഹുഡ് അസറ്റുകൾ) തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്നത്, ഗ്രാമീണ കുടുംബങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉപകാരപ്രദമാകുന്ന ആസ്തികൾ സൃഷ്ടിക്കാൻ സഹാകമാണ്. വിതയ്‌ക്കൽ, വിളവെടുപ്പ് സീസണുകളിൽ 60 ദിവസം വരെ തൊഴിലുറപ്പ് സേവനം കൃഷി കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇത് കാർഷിക മേഖലയിലെ തൊഴിൽക്ഷാമം പരിഹരിക്കാനും ചെറുകിട കർഷകരുടെ ഉത്പാദനം വർദ്ധിപ്പിക്കാനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

​ഫണ്ട് ദുരുപയോഗം തടയാനായി സാങ്കേതികവിദ്യയുടെ സഹായം തേടുന്നതിനൊപ്പം, താഴേത്തട്ടിലുള്ള നിരീക്ഷണത്തിനും ഊന്നൽ നൽകുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ വർഷത്തിൽ രണ്ടുതവണ നിർബന്ധിത സോഷ്യൽ ഓഡിറ്റുകൾ നടത്താനുള്ള വ്യവസ്ഥ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നിർണയക നടപടിയാണ്. പദ്ധതിയുടെ ഗുണഭോക്താക്കൾക്കു തന്നെ അതിന്റെ നിർവഹണത്തെ വിലയിരുത്താനും ചോദ്യം ചെയ്യാനും ഇത് അവസരം നൽകുന്നു. രാഷ്ട്രീയ വിവാദങ്ങൾ മാറ്റിനിറുത്തി ചിന്തിക്കുമ്പോൾ,​ വേതന വിഹിതവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ചുമലിൽ വരുന്ന അധികഭാരം,​ ഇതുവരെ ഇല്ലാതിരുന്ന സോഷ്യൽ ഓഡിറ്റ് തുടങ്ങിയ മാറ്റങ്ങൾ എങ്ങനെയെല്ലാം പ്രതിഫലിക്കുമെന്ന് വരുംവർഷങ്ങളിൽ അറിയാം.

TAGS: MGNREGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.