
കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ.പത്മകുമാറിന്റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി നീട്ടി. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ വ്യാഴാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും. ഈ കേസിൽ എസ്.ഐ.ടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ട് ദിവസത്തേക്കാണ് എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന എസ്.ഐ.ടിയുടെ ആവശ്യം പരിഗണിച്ചാണിത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
ഇ.ഡി അപേക്ഷ ഇന്ന് പരിഗണിക്കും
ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. എതിർവാദം അറിയിക്കാൻ എസ്.ഐ.ടി കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണിത്.
തങ്ങളുടെ അന്വേഷണം പൂർത്തിയാക്കിയിട്ട് മതി മറ്റൊരു അന്വേഷണമെന്നതാണ് എസ്.ഐ.ടി നിലപാട്. കേസിന്റെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, ഇതുവരെ അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ അപേക്ഷ.
സ്വർണക്കൊള്ള: വിദേശ ബന്ധമെന്ന് പ്രവാസിയുടെ മൊഴി
ശബരിമല സ്വർണക്കൊള്ളയ്ക്ക് വിദേശ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി എസ്.ഐ.ടിക്ക് മൊഴി നൽകി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കൊള്ളയ്ക്ക് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്നും ഇക്കാര്യം നേരിട്ടറിയുന്ന ആൾ മൊഴി നൽകുമെന്നും എസ്.ഐ.ടിയെ അറിയിച്ചത്. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുക്കളായി 500 കോടിക്ക് വിദേശത്ത് വിറ്റെന്നാണ് ചെന്നിത്തലയുടെ മൊഴി. ഇത് സാധൂകരിക്കുന്ന വിവരങ്ങളാണ് പ്രവാസി വ്യവസായി വെളിപ്പെടുത്തിയതെന്നാണ് സൂചന. ഗൾഫിൽ വ്യവസായം നടത്തുന്നയാളാണ് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി എസ്.ഐ.ടിക്ക് മൊഴി നൽകിയത്.
പോറ്റിയെ കേറ്റിയേ പാട്ടിനെതിരെ പരാതി
പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തിൽ തയ്യാറാക്കിയ "പോറ്റിയെ കേറ്റിയേ..." എന്ന പാരഡി ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്ക് പരാതിനൽകി.
അയ്യപ്പസ്വാമിയെയും ശരണംവിളിയെയും കൂട്ടിയിണക്കി അപമാനകരമായ രീതിയിൽ ഗാനം പ്രചരിപ്പിക്കുന്നത് വിശ്വാസത്തെ മുറിപ്പെടുത്തുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ ഗാനം ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |