SignIn
Kerala Kaumudi Online
Sunday, 23 February 2020 1.31 AM IST

കൊലപാതകം മാത്രം ചിന്തിച്ച് പതിന്നാല് വർഷം

jolly

കൂടത്തായി: ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ഉൾപ്പെടെ ആറ് ബന്ധുക്കളെ പതിന്നാല് വർഷത്തിനുള്ളിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയ ജോളിയുടെ മനസ് മനഃശാസ്‌ത്രജ്ഞരെയും കുറ്റകൃത്യ വിദഗ്ദ്ധരെയും അമ്പരപ്പിക്കുന്ന ഒരു പ്രഹേളികയായി വളരുകയാണ്.

വിവാഹിതയായി പൊന്നാമറ്റം തറവാട്ടിൽ വന്നു കയറിയപ്പോൾ മുതൽ അതുവരെയുള്ള സ്വന്തം ജീവിതത്തിൽ കിട്ടാതെ പോയത് എന്തെല്ലാമാണെന്ന് ജോളി തിരിച്ചറിയുകയായിരുന്നു. വലിയ വീട്,​ കാറുകൾ,​ വിദ്യാസമ്പന്നരായ ബന്ധുക്കൾ,​ സമ്പത്തിന്റെ പ്രൗഢി,​ വീട്ടിലെ അധികാരങ്ങൾ,​ ആദരവ്...അവയുമായി തന്നെ താരതമ്യം ചെയ്‌തപ്പോൾ വളർന്ന അപകർഷത്തിന്റെ ആഴങ്ങളിൽ രൂഢമൂലമായ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഉത്കടമായ ആഗ്രഹമാണ് ജോളിയെ കൊണ്ട് കൊലപാതകങ്ങൾ ചെയ്യിച്ചത്. ആഗ്രഹങ്ങൾ നിറവേറ്റാൻ ഒരു സ്ത്രീ പതിന്നാല് വർഷം കൊലപാതകങ്ങളെ പറ്റി മാത്രം ധ്യാനിച്ച് കഴിയുക...

ആ നിലയിലേക്ക് ജോളി എങ്ങനെ എത്തി എന്നറിയണമെങ്കിൽ അവരുടെ പൂർവകാലം അറിയേണ്ടതുണ്ട്. ഇടുക്കിയിലെ ഒരു ഉൾനാട്ടിലാണു ജോളി ജനിച്ചത്. സാമ്പത്തിക നിലവാരം പിന്നിൽ. പഠനത്തിൽ ശരാശരിയായിരുന്നു. സ്‌കൂൾ ക്ലാസുകൾക്ക് ശേഷം പാലായിലെ പാരലൽ കോളേജിൽ തുടർപഠനം. 1993 ൽ തുടങ്ങിയ കൊമേഴ്സ് പഠനം 1996ൽ അവസാനിച്ചു. ഒരു ബന്ധുവിന്റെ വിവാഹത്തിന് കൂടത്തായിയിൽ പോയപ്പോഴാണ് ജോളി ആദ്യമായി റോയിയെ കാണുന്നത്. അത് പ്രണയത്തിൽ കലാശിച്ചു.
സമ്പന്ന കുടുംബാംഗമായിരുന്നു റോയി. മാതാപിതാക്കൾ അദ്ധ്യാപകർ. കുടുംബക്കാരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവർ. ഒരാൾ അമേരിക്കയിൽ. റോയിയുടെയും ജോളിയുടെയും പ്രണയം വിവാഹത്തിൽ കലാശിച്ചു. റോയിയുടെ വലിയ വീടും കാറുകളും ആഡംബരങ്ങളുമെല്ലാം ജോളിക്ക് പുതിയ അനുഭവമായിരുന്നു. താൻ ജനിച്ചു വളർന്ന പശ്ചാത്തലത്തോട് ഈർഷ്യ തോന്നിയിട്ടുണ്ടാകാം. ഈ അപകർഷത മറികടക്കാനാണ് ജോളി കോഴിക്കോട് എൻ.ഐ.ടിയിൽ അദ്ധ്യാപികയാണെന്ന് സ്വയം പ്രഖ്യാപിച്ചത്. രാവിലെ സ്വയം കാറോടിച്ച് എൻ.ഐ.ടിയിലേക്കെന്ന മട്ടിൽ യാത്ര ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തി. ഉള്ളിലെ വലിയൊരു ആഗ്രഹത്തെ അതുവഴി ജോളി തൃപ്തിപ്പെടുത്തുകയായിരുന്നു. ഈ സ്വയം തൃപ്തിപ്പെടുത്തലിന്റെ പല ഘട്ടങ്ങളാണ് കൊലപാതകങ്ങളിലും സ്വത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങളിലും രണ്ടാം വിവാഹത്തിലുമൊക്കെ കലാശിച്ചത്.

വീട്ടിൽ ഏറ്റവും സ്വാധീനവും അധികാരവും റോയിയുടെ മാതാവ് അന്നമ്മയ്‌ക്കായിരുന്നു. അത്രയേറെ അധികാരവും സ്വാധീനവും ബഹുമാനവും നേടണം. അതിന് അന്നമ്മ തടസമായി. അങ്ങനെയാണ് അവരെ കൊല്ലുന്നത്. 2002ൽ. ആദ്യത്തെ കൊലപാതകം അനായാസം വിജയിച്ചത് ജോളിക്ക് സന്തോഷം നൽകിയിരിക്കണം. ആഗ്രഹിച്ച അധികാരങ്ങളാണ് അതിലൂടെ കൈവന്നത്.

2008 ലായിരുന്നു അടുത്ത നീക്കം. ജോളിയും റോയിയും താമസിച്ചിരുന്ന പുരയിടം റോയിയുടെ പിതാവ് ടോം ജോസിന്റെ പേരിലായിരുന്നു. ആ സ്വത്ത് സ്വന്തമാക്കുന്നതിന്റെ ആനന്ദം ജോളി സങ്കല്പിച്ചു വളർത്തി. അങ്ങനെ ടോം ജോസിനെ ഇല്ലാതാക്കി. സ്വത്തുക്കൾ തന്റെ പേരിലാണെന്ന് തെളിയിക്കാൻ വ്യാജ ഒസ്യത്തും സൃഷ്‌ടിച്ചു.

അധികാരവും സ്വത്തും ലൈംഗിക താത്പര്യങ്ങളിലും മാറ്റം വരുത്താം. ബന്ധുവായ ഷാജുവായിരുന്നു ജോളിയുടെ മനസിൽ. ഷാജുവിനോടൊപ്പമുള്ള സുഖം നേടാൻ റോയിയെ കൊലപ്പെടുത്തി.

അന്നമ്മയുടെ സഹോദരൻ മാത്യുവായിരുന്നു അടുത്ത ലക്ഷ്യം. മാത്യുവുമൊത്താണ് ആദ്യമായി ജോളി കൂടത്തായിയിൽ വിവാഹത്തിന് പോകുന്നത്. അവിടെ വച്ചാണ് റോയിയെ പരിചയപ്പെട്ടതും. റോയിയുടെ മരണത്തിൽ മാത്യുവിനു സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹമാണ് പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതും. ഇത് ജോളിയെ കോപാകുലയാക്കി. ഷാജുവിനൊപ്പം സന്തോഷജീവിതം ആഗ്രഹിച്ച ജോളിക്കു മാത്യുവിനെ ഇല്ലാതാക്കേണ്ടത് അനിവാര്യമായി.

ഷാജുവിനെ സ്വന്തമാക്കാനാണ് അദ്ദേഹത്തിന്റെ കുഞ്ഞ് ആൽഫൈനെ കൊലപ്പെടുത്തിയത്. പിന്നെ ഷാജുവിന്റെ ഭാര്യ സിലിയെയും കൊന്നു. അതോടെ ഷാജുവിനെ സ്വന്തമാക്കാനുള്ള തടസങ്ങളെല്ലാം നീങ്ങി. ജനക്കൂട്ടത്തിന്റെ കൺമുന്നിൽ സിലിയുടെ മ‌ൃതദേഹത്തിൽ ഷാജുവിനൊപ്പം അന്ത്യ ചുംബനം നൽകുമ്പോൾ ജോളി ഉള്ളിൽ ചിരിച്ചിരിക്കണം. പിന്നീട് ജോളി ഷാജുവിനെ വിവാഹം ചെയ്തു.

വളരെ സങ്കീർണമായ ഒരു മനസുമായി ജീവിച്ച ജോളി തന്റെ കുടില ദൗത്യങ്ങൾക്ക് പുറത്തു നിന്ന് കിട്ടാവുന്ന സഹായങ്ങളെല്ലാം സ്വീകരിച്ചു എന്ന് വേണം കരുതാൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KILLER JOLLY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.