
കൊച്ചി: ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിന് തെളിവ് വാമൊഴി മാത്രമാണോ എന്ന് ഹൈക്കോടതി. കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതിന് രേഖയുണ്ടോ എന്നത് പ്രധാന ചോദ്യമാണെന്നും കോടതി പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികൾ ഉത്തരവിനായി മാറ്റി.
എഫ്.ഐ.ആർ പരിശോധിച്ച കോടതി, കട്ടിളപ്പാളിയെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശിവരൂപമടക്കം അനുബന്ധ കൊത്തുപണികളുടെ വിവരങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി. ഇവ കൂട്ടിച്ചേർക്കാൻ അനുബന്ധ റിപ്പോർട്ട് ബന്ധപ്പെട്ട കോടതിയിൽ നൽകിയിട്ടുണ്ടോ എന്നും ആരാഞ്ഞു.
കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞിരുന്നു എന്നതിന് രേഖയില്ലെന്ന വാദമാണ് വാസുവിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. ഇത് നിഷേധിച്ച സർക്കാർ 1998ൽ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിൽ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയിൽ ഹാജരാക്കി.
വിചാരണക്കോടതിയാണ് വിശദ പരിശോധന നടത്തേണ്ടത്. പ്രഥമദൃഷ്ട്യായുള്ള വിശകലനമാണ് ജാമ്യഹർജിയിൽ നടത്തുകയെന്നും ഹൈക്കോടതി പറഞ്ഞു.
ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
'സ്വർണം കട്ടവനെന്ന് വിളിക്കരുത്': വാർത്തകൾ നിഷേധിച്ച് കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 'തന്നെ സ്വർണം കട്ടവനെന്ന് വിളിക്കരുതെന്ന്" മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടെന്ന മാദ്ധ്യമ വാർത്തകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ നിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ മാനനഷ്ടക്കേസിൽ അദ്ദേഹം കുറ്റം ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കണം.
ഇല്ലെങ്കിൽ പ്രസ്താവന നടത്തുന്നത് വിലക്കണം. ഇക്കാര്യമാവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും നൽകിയിരുന്നു. ഇക്കാര്യത്തിൽ സതീശനുമായി ആലോചിച്ച് മറുപടി നൽകാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചെന്നും കടകംപള്ളിയുടെ അഭിഭാഷകനായ രാജഗോപാലൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണത്തിനു ശേഷം സ്വസ്ഥമായി വീട്ടിൽക്കിടന്ന് ഉറങ്ങാൻ കഴിയുന്നില്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കാതിരിക്കാൻ സതീശനോട് നിർദ്ദേശിക്കണമെന്നും കടകംപള്ളി കോടതിയിൽ ആവശ്യപ്പെട്ടെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരത്തിലൊരു വാദം തിരുവനന്തപുരം മൂന്നാം സബ് കോടതിയിലുണ്ടായിട്ടില്ലെന്ന് രാജഗോപാലൻ നായർ പറഞ്ഞു.
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ഇക്കാര്യം മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും സതീശന്റെ അഭിഭാഷകനായ മൃദുൽ ജോൺ മാത്യു പറഞ്ഞു. സതീശന്റെ അഭിപ്രായം അറിയാൻ കേസ് 18ലേക്ക് മാറ്റി. സതീശന്റെ ആരോപണം തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നും ആരോപണം പിൻവലിക്കണമെന്നുമാണ് കടകംപള്ളിയുടെ ആവശ്യം. ഇനി ആരോപണം ഉന്നയിക്കാതിരിക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ 10 ലക്ഷം രൂപ സതീശൻ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |