
ലോകമെമ്പാടും മനുഷ്യരിൽ മാനവിക ബോധം ഉണർത്താൻ മികച്ച സാഹിത്യ കൃതികളും ചലച്ചിത്രങ്ങളും വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. അക്ഷരാഭ്യാസത്തിൽ സമൂഹത്തിന്റെ മുകൾത്തട്ടിൽ നിൽക്കുന്നവരാണ് സാഹിത്യ കൃതികളുടെ ആസ്വാദകർ. എന്നാൽ ചലച്ചിത്രങ്ങളാവട്ടെ, നിരക്ഷരനും സാക്ഷരനും ഒരുപോലെ ആസ്വദിക്കാനാവും. ഈ രണ്ട് മാദ്ധ്യമങ്ങൾക്കും സമൂഹത്തിന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കാനും ക്രിയാത്മകമായ മാറ്റങ്ങൾ വ്യക്തികളിലും സമൂഹത്തിലും വരുത്താനുമുള്ള ശേഷിയുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഭരണവർഗം ഭയാശങ്കയോടെ ഈ മാദ്ധ്യമങ്ങളെ വീക്ഷിക്കുകയും ചിലപ്പോഴെങ്കിലും ദോഷകരമെന്ന് മുദ്രകുത്തി നിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള നിരോധനമാകട്ടെ പലപ്പോഴും ആ കൃതികളിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാനേ ഇടയാക്കുകയുള്ളൂ.
റഷ്യയിൽ സാർ ചക്രവർത്തി നിരോധിച്ച ടോൾസ്റ്റോയിയുടെ 'ഉയിർത്തെഴുന്നേൽപ്പ് " എന്ന നോവൽ അക്കാലത്ത് ആളുകൾ രാത്രിയിൽ വിളക്ക് കൊളുത്തിവച്ച് കൂട്ടംകൂടിയിരുന്ന് രഹസ്യമായി വായിച്ചു കേൾക്കുമായിരുന്നു. സാഹിത്യ മൂല്യത്തിന്റെ മാനദണ്ഡത്തിൽ സൽമാൻ റുഷ്‌ദിയുടെ 'ചെകുത്താന്റെ വചനങ്ങൾ" എന്ന പുസ്തകം നിലവാരം കുറഞ്ഞതാണെന്നാണ് പ്രമുഖ നിരൂപകർ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ, ഇറാന്റെ മത മേധാവി നിരോധിച്ചതു കാരണം ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായി അത് മാറിയിരുന്നു. ഇങ്ങനെ പലപ്പോഴും തിരിച്ചടിക്കുന്നതാണ് നിരോധനം എന്ന യാഥാർത്ഥ്യം മനസിലാക്കുന്ന ഭരണാധികാരികൾ സാഹിത്യ, ചലച്ചിത്ര കൃതികളോട് പൊതുവെ കൂടുതൽ ഉദാര സമീപനമാണ് പുലർത്തിവരാറുള്ളത്. എന്നാൽ രാഷ്ട്രീയമായ മാനസിക വിസ്‌തൃതി പുലർത്താത്തവർ നിരോധനം എന്ന തുരുമ്പെടുത്ത ആയുധം ഇടയ്ക്കെങ്കിലും എടുത്ത് വീശാറുണ്ട്.
അത്തരമൊരു നീക്കമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചതിലൂടെയും കാണിച്ചത്. ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ പൊതുജനങ്ങൾ മൊത്തത്തിൽ കാണുന്നവയല്ല. അതിനാൽ ഇത്തരം ചിത്രങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന, പൊതുവായി പറയാറുള്ള ന്യായം നിലനിൽക്കുന്നതല്ല. ചലച്ചിത്ര മേളകളെ അതിന്റെ സ്‌പിരിറ്റിലാണ് വീക്ഷിക്കേണ്ടത്. അവിടെ ഇത്തരം നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തുന്നത് പ്രതിഷേധിക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതും തന്നെയാണ്. അതേസമയം, വിലക്ക് അവഗണിച്ചുകൊണ്ട് എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ കേരളം തീരുമാനിച്ചത് നിരോധനമെന്ന ഏകാധിപത്യപരമായ നടപടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവും ക്രിയാത്മകമായ പ്രതികരണവുമായിക്കൂടി വിലയിരുത്തപ്പെടേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സാംസ്‌കാരിക വകുപ്പാണ് മുഴുവൻ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ ചലച്ചിത്ര അക്കാഡമിക്ക് അനുമതി നൽകിയത്.
കേരളം അപേക്ഷിച്ച ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാത്ത കേന്ദ്ര നടപടി മേളയെ പരാജയപ്പെടുത്താനുള്ള ശ്രമമാണെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയും, പേരുകൾ നോക്കി ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് വിഡ്ഢിത്തമാണെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ചലച്ചിത്ര അക്കാഡമി അപേക്ഷ നൽകാൻ വൈകിയതാണ് ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി വൈകാൻ ഇടയാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടവയും ആയതിനാൽ ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശം നിഷേധിച്ചത് ഒരു കാരണവശാലും നല്ല നടപടിയല്ല. മികച്ച രീതിയിൽ മൂന്ന് പതിറ്റാണ്ടായി നടന്നുവരുന്ന ഐ.എഫ്.എഫ്.കെയിൽ അസാധാരണ പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്ര നടപടിക്ക് അതിനേക്കാൾ മികച്ച നാണയത്തിൽ മറുപടി നൽകിയ കേരള സർക്കാരിന്റെ നടപടി അഭിനന്ദനീയം തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |