
എന്തും നിശബ്ദരായി നിന്ന് സഹിക്കുന്ന വിശാലഹൃദയരും മഹാത്മാക്കളുമാണ് പൊതുജനം എന്ന ധാരണ ആരൊക്കെ വച്ചു പുലർത്തിയാലും അത് തെറ്റിദ്ധാരണയാണെന്ന സത്യത്തിന് അടിവരയാണ് തദ്ദേശതിരഞ്ഞെടുപ്പ് ഫലം. രണ്ട് കിറ്റും കുറച്ചു സാമ്പത്തിക ആനുകൂല്യവും നൽകിയാൽ തങ്ങളുടെ ചൊൽപ്പടിക്ക് ജനം നിൽക്കും എന്ന് ആരും ധരിക്കരുതെന്ന പച്ചയായ വെളിപ്പെടുത്തലാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ഭൂരിപക്ഷം കിട്ടിയ പാർട്ടിക്കാരും വോട്ടു കുറഞ്ഞുപോയവരും ഒരു പോലെ ഈ യാഥാർത്ഥ്യം തിരിച്ചറിയണം. കാരണം ഭൂരിപക്ഷം കിട്ടിയവർക്ക് ഇതേ പിന്തുണ എപ്പോഴും ലഭിക്കണമെന്നുമില്ല.
വല്ലാത്ത ആത്മവിശ്വാസത്തിലായിരുന്നു ഇടതുപക്ഷം തദ്ദേശതിരഞ്ഞെടുപ്പിനെ സമീപിച്ചത്. ചരിത്രത്തിലാദ്യമായി തുടർഭരണം കിട്ടിയ സർക്കാരും മുഖ്യമന്ത്രിയും. ആറുമാസം കഴിയുമ്പോൾ വീണ്ടുമൊരു ഭരണതുടർച്ചയാണ് സ്വപ്നത്തിലുള്ളത്. ജനങ്ങൾ സ്വന്തം പോക്കറ്റിലെന്ന് അവർ ധരിച്ചുവെങ്കിൽ കുറ്റം പറയാനാവില്ല. എങ്കിലും എവിടെയോ ചില്ലറ ആകുലതകൾ ഉരുണ്ടുകൂടി. എന്തെങ്കിലുമൊരു പോരായ്മയുണ്ടെങ്കിൽ പരിഹരിക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് കുറെ പ്രഖ്യാപനങ്ങൾ നടത്തിയത്. ക്ഷേമപെൻഷൻ വർദ്ധന, തൊഴിൽ രഹിതരായ വീട്ടമ്മമാർക്കുള്ള സാമ്പത്തിക സഹായം, സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യം...അങ്ങനെ വാരിക്കോരിയാണ് ആകർഷകമായ പ്രഖ്യാപനങ്ങൾ വിളമ്പിയത്. പക്ഷെ മദ്ധ്യതിരുവിതാംകൂറിൽ പണ്ടൊരു പ്രമാണി തിരഞ്ഞെടുപ്പിൽ മത്സരിച്ച കഥപോലെയായി കാര്യങ്ങൾ. വോട്ടു നടക്കുന്നതിന് മുമ്പ് പ്രമാണി വലിയ സദ്യവട്ടം നടത്തി. നാട്ടുകാർ ഉത്സാഹത്തോടെ സദ്യയും കഴിച്ചു. ഊണു വിളമ്പിയ ഇല എണ്ണി നോക്കിയിട്ട് പ്രമാണി അഭിമാനത്തോടെ പറഞ്ഞു, വലിയ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന്. പക്ഷെ ഫലം വന്നപ്പോൾ പ്രമാണി തോറ്റു. ആസ്വദിച്ചു സദ്യ കഴിച്ചവർ ആ ആവേശം വോട്ടു കുത്താൻ കാണിച്ചില്ല. ഏതാണ്ട് അതുപോലെയായി ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. പാഠം നല്ലപോലെ ചൊല്ലി പഠിക്കാനുള്ള അവസരമാണ് ജനങ്ങൾ നൽകിയിരിക്കുന്നത്. വന്നുകൂടിയ പിഴവുകൾ സ്വയം മനസിലാക്കി തിരുത്തിയാൽ വീണ്ടും അവസരങ്ങൾ കൈവന്നേക്കാം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പപ്പും പൂടയും പറിച്ചാണ് യു.ഡി.എഫിനെതിരെ ആക്രമണത്തിന്റെ കുന്തമുന ഇടതുപക്ഷം കൂർപ്പിച്ചത്. സ്വന്തം പാളയത്തിലുള്ള ചിലരെ പൗഡറിടീച്ച് ഷോകേസിൽ പൊതിഞ്ഞു വച്ചിട്ടാണ് മാങ്കൂട്ടത്തിലിന്റെ പിടലിക്ക് പിടിച്ച് ഉറഞ്ഞു തുള്ളിയത്. ശബരിമലയുടെ കഴുക്കോൽ വരെ വേന്ദ്രന്മാർ പൊതിഞ്ഞു കടത്തുന്നത് കാണേണ്ടവർ കണ്ടില്ല. അയ്യപ്പന്റെ ശാപമോ ഭക്തജനങ്ങളുടെ പ്രാക്കോ ശരിക്ക് അങ്ങേറ്റു. വിദ്യാർത്ഥി സംഘടനാ നേതാക്കൾ മുതൽ പാർട്ടിയുടെ തലപ്പത്തിരിക്കുന്ന നേതാക്കൾ വരെയുള്ളവരുടെ ധാർഷ്ട്യവും കുന്തളിപ്പും ജനത്തിന് അത്രയ്ക്കങ്ങു പിടിച്ചില്ല. മുഖ്യധാരാ മാദ്ധ്യമങ്ങൾ വഴിയും സമൂഹ മാദ്ധ്യമങ്ങൾ വഴിയും നേതാക്കളുടെ നിലത്തു നിൽക്കാതെയുള്ള പ്രകടനങ്ങൾ ജനങ്ങൾ ഒന്നൊന്നായി കാണുന്നുണ്ടായിരുന്നു. ഒടുവിൽ അവർ സന്ദർഭത്തിനൊത്ത് ഉയർന്നു. കൂട്ടത്തോടെ തിരിച്ചു കുത്തിക്കൊടുത്തു.
പിണറായിവിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന് തുടരെ തുടരെ കടുത്ത പരീക്ഷണങ്ങളെയാണ് നേരിടേണ്ടിവന്നത്. ഓഖി, നിപ്പ, പ്രളയം, കൊവിഡ് ...തുടങ്ങി എന്തെല്ലാം പ്രതിസന്ധികൾ. അന്ന് ജനങ്ങൾ കടുത്ത ആശങ്കയിലായപ്പോൾ ചങ്കുറപ്പുള്ള കുടുംബനാഥനെ പോലെയാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് ആശ്വാസവും പിടിച്ചു നിൽക്കാനുള്ള സഹായങ്ങളും നൽകിയത്. വലിയ തകർച്ചയിലേക്ക് പോകുമായിരുന്ന ആ ഘട്ടത്തിൽ കാട്ടിയ ആത്മവിശ്വാസത്തിനും ജനങ്ങളെ ചേർത്തു പിടിച്ച ചങ്കൂറ്റത്തിനുമുള്ള നന്ദിസൂചകമായ തിരിച്ചു നൽകലായിരുന്നു തുടർഭരണം. പക്ഷെ അസുലഭമായ തുടർഭരണം കിട്ടിക്കഴിഞ്ഞപ്പോൾ കുറേപ്പേരെങ്കിലും സ്വയം മറന്നു. എല്ലാം വെട്ടിപ്പിടിച്ചെന്ന ഭാവത്തിലായി. സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അതിന്റെ പ്രതിഫലനവുമുണ്ടായി. ഒട്ടും കടിഞ്ഞാണില്ലാത്ത ആ പോക്കാണ് തദ്ദേശത്തിൽ തിരിച്ചടിയുടെ രൂപത്തിൽ കണ്ടത്. കേരളത്തിന്റെ തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം ബി.ജെ.പി എത്തിപ്പിടിച്ചെങ്കിൽ, ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പറയേണ്ടത് മേയറു കുട്ടിയോടാണ്. പല സന്ദർഭങ്ങളിലും എന്തായിരുന്നു പ്രകടനം. ഭരണാധികാരികൾ ജനങ്ങളുടെ ദാസന്മാർ കൂടിയാണെന്ന പരമാർത്ഥം തിരിച്ചറിയാനുള്ള വിവേകത്തിന്റെ 'കമ്മി" യാണ് ബി.ജെ.പിയുടെ കൈകളിലേക്ക് ഭരണം വച്ചുകൊടുത്തത്.
ഇതൊക്കെ പറയുമ്പോൾ അപ്പുറത്ത് ചില്ലറ നേട്ടം ഉണ്ടാക്കിയ യു.ഡി.എഫ് സർവ്വം തികഞ്ഞ സദ്ഗുണ പുങ്കവന്മാരാണെന്ന് ധരിച്ചുപോവല്ലെ. ലോട്ടറിയടിച്ച പോലെ ഒരു സ്വർണ്ണപ്പാളി വന്നുകയറി. ജനമനസിൽ അത് ആളിക്കത്തി. ഒരളവുവരെ യു.ഡി.എഫിന് തുണയായത് ഈ തട്ടിപ്പാണ്. ഇതിന്റെ തുടർച്ചയായി നിയമസഭയിലേക്ക് വച്ചടി കയറ്റമുണ്ടാക്കാമെന്നതാണ് ഇപ്പോൾ യു.ഡി.എഫിന്റെ പ്രതീക്ഷ. അത് എത്രത്തോളം വർക്കൗട്ടാവുമെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. വിജയത്തിന്റെ ക്രെഡിറ്റ് മൊത്തമായി ഏറ്റെടുക്കാനുള്ള സൂത്രവിദ്യയൊന്നും ആരും പുറത്തെടുത്തില്ലെന്നത് സത്യം.പക്ഷെ കഴിഞ്ഞകാല രാഷ്ട്രീയ സംഭവങ്ങൾ വിശകലനം ചെയ്യുമ്പോൾ അവരെ പിടികൂടാവുന്ന ചില വഴിമുടക്കുകളുണ്ട്. മുഖ്യമന്ത്രി കസേരയിൽ കണ്ണുനട്ടുകൊണ്ട് പലരും നെയ്തുകൂട്ടുന്ന സ്വപ്നങ്ങളാണ് ഇതിൽ പ്രധാനം. ആ പദവിക്ക് സർവ്വഥാ യോഗ്യൻ താനെന്ന് സമർത്ഥിക്കാനും മറ്റുള്ളവരെകൊണ്ട് അങ്ങനെ പറയിക്കാനുമുള്ള വ്യായാമങ്ങൾ ചിലരൊക്കെ തുടങ്ങിയിട്ടുണ്ടെന്നത് ഒരു സത്യമാണ്. രാഷ്ട്രീയത്തിൽഏറെക്കാലം അങ്ങനെ പ്രവർത്തിക്കുമ്പോൾ ഇങ്ങനെയൊക്കെ ചെറിയ മോഹങ്ങൾ വന്നുപോയാൽ അതൊരു കുറ്റമായി കാണാനും ആവില്ല. പക്ഷെ സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയും ഒരു മുഖ്യമന്ത്രി കസേരയുമല്ലെ ഉള്ളൂ. എല്ലാവർക്കും കൂടി അതിൽ ഇരിക്കാനുമാവില്ലല്ലോ. നിയമസഭാ തിരഞ്ഞെടുപ്പിലും ഇപ്പോൾ ജനങ്ങൾ നൽകിയ പിന്തുണ ആവർത്തിക്കുകയും ഒരു വേള അധികാരത്തിലേക്ക് എത്തുകയും ചെയ്താൽ പിന്നത്തെ യുദ്ധം എന്തിന് വേണ്ടിയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അത്തരം വ്യാമോഹങ്ങൾ വളർത്തിയെടുക്കാതെ , യഥാർത്ഥ പ്രതിപക്ഷമെന്ന നിലയ്ക്ക് ആത്മാർത്ഥതയോടെ പ്രവർത്തിച്ചാൽ അത് നേട്ടം കൊണ്ടുവന്നേക്കും. പക്ഷെ സ്ഥാനമാനത്തെ ചൊല്ലിയുള്ള പോരിലേക്ക് പോവാതിരിക്കാനുള്ള മാനസിക പക്വത ആർജ്ജിക്കാൻ മുതിർന്നവരും രണ്ടാം നിരക്കാരുമായ നേതാക്കൾ ഇപ്പോഴേ ശീലിക്കുകയാണ് വേണ്ടത്. ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്.
ഇതുകൂടി കേൾക്കണേ
എല്ലാവർക്കും സ്വയം വിശകലനത്തിനും തെറ്റുതിരുത്തലിനും മുന്നോട്ടുള്ള യാത്ര സുഗമമാക്കാനുമുള്ള ഇടവേളയാണ് ഇനിയുള്ളത്. അതിനെ എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് കാണേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |