
ഇന്ത്യയിൽ വിദേശ ഇൻഷ്വറൻസ് കമ്പനികളുടെ കൂടുതൽ കടന്നുവരവിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. എല്ലാവർക്കും ഇൻഷ്വറൻസ് എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് 'സബ് കാ ബീമ, സബ് കീ രക്ഷാ" എന്ന പേരിലുള്ള ബിൽ. ബില്ലിലെ വ്യവസ്ഥ പ്രകാരം ഇൻഷ്വറൻസ് മേഖലയിൽ വിദേശ നിക്ഷേപത്തിന്റെ പരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയരും. ബിൽ നിയമമാകുമ്പോൾ വമ്പൻ വിദേശ ഇൻഷ്വറൻസ് കമ്പനികൾ സ്വാഭാവികമായും കടന്നുവരും. അത് നിലവിലുള്ള പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനങ്ങൾക്ക് ഭീഷണിയാകുമോ എന്നതൊക്കെ ഭാവിയിൽ വിലയിരുത്തപ്പെടേണ്ട വിഷയമാണ്.
വിദേശ നിക്ഷേപത്തിന്റെ തോത് ഉയരുമ്പോഴാണ് ഏതൊരു രാജ്യത്തിനും വൻ വേഗതയിലുള്ള സാമ്പത്തിക വളർച്ച സാദ്ധ്യമാകുന്നത്. രാജ്യത്തെ 140 കോടിയോളം വരുന്ന ജനസംഖ്യയിൽ ഇപ്പോൾ 30 ശതമാനം പേർക്കു മാത്രമാണ് ലൈഫ് ഇൻഷ്വറൻസ് ഉള്ളത്. ആരോഗ്യ ഇൻഷ്വറൻസ് ഉള്ളവർ ജനസംഖ്യയുടെ അമ്പതു ശതമാനത്തിലും താഴെയാണ്. വാഹനങ്ങൾക്ക് ഇൻഷ്വറൻസ് നിർബന്ധമാണെങ്കിലും ഇൻഷ്വറൻസ് പുതുക്കാത്ത വാഹനങ്ങളുടെ എണ്ണവും ഇന്ത്യയിൽ വളരെ കൂടുതലാണ്. വിദേശ ഇൻഷ്വറൻസ് കമ്പനികളെ സംബന്ധിച്ച് വളരുന്ന ഇന്ത്യ അവരുടെ ഒരു വലിയ വിപണിയായി മാറുമെന്നതിൽ സംശയിക്കേണ്ടതില്ല. ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം വരുമെന്നതിനാൽ ഈ നയംമാറ്റം പൊതുവെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമായി മാറാനാണ് സാദ്ധ്യത.
പൂർണ നിയന്ത്രണം സാദ്ധ്യമല്ലാത്ത നിക്ഷേപങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന സമീപനമാണ് പൊതുവെ വിദേശ കുത്തക കമ്പനികൾ പുലർത്തിവരുന്നത്. മുടക്കുന്ന പണം പ്രാദേശിക നിയമങ്ങളിലും ഇടപെടലുകളിലും നിയന്ത്രണങ്ങളിലും കുരുങ്ങി നഷ്ടപ്പെടാമെന്ന ആശങ്കയാണ് അവരെ അകറ്റിനിറുത്തുന്നത്. ഈ പ്രതിസന്ധിയാണ് പുതിയ ബില്ലിന്റെ വരവോടെ ഒഴിവാകുക. 2047-ൽ എല്ലാവർക്കും ഇൻഷ്വറൻസ് പരിരക്ഷ എന്നതാണ് കേന്ദ്ര സർക്കാരിന്റെ വാഗ്ദാനവും ലക്ഷ്യവും. ഇത് നടപ്പാക്കുന്നതിന് നിലവിലുള്ള എണ്ണം അപര്യാപ്തമാണ്. വിദേശ ഇൻഷ്വറൻസ് കമ്പനികളുടെ വരവോടെ കമ്പനികൾ തമ്മിൽ മത്സരം വർദ്ധിക്കാനും ആളുകൾക്ക് താങ്ങാവുന്ന പ്രീമിയം നിരക്കിൽ കൂടുതൽ പേരിലേക്ക് കവറേജ് എത്താനും വഴിയൊരുങ്ങുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. എന്നാൽ പുതിയ ബിൽ എൽ.ഐ.സി പോലുള്ള പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനങ്ങളുടെ നിലനില്പിന് കനത്ത ഭീഷണിയാകുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഏതു പദ്ധതിയുടെ തുടക്കത്തിലും ആശങ്കകൾ ഉണ്ടാകാറുണ്ട്. പദ്ധതി നിലവിൽ വരുമ്പോൾ അതെല്ലാം
അതുപോലെ സംഭവിക്കണമെന്നില്ല. മാത്രമല്ല സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങൾക്ക് കടകവിരുദ്ധമായ ഗുണഫലങ്ങൾ സംഭവിച്ചിട്ടുമുണ്ട്. ആഗോളവത്‌കരണത്തിന്റെ ഇക്കാലത്ത് വിദേശ കമ്പനിയാണോ സ്വദേശ കമ്പനിയാണോ എന്നതല്ല ജനങ്ങളുടെ മുൻഗണനാക്രമം. പ്രീമിയത്തിൽ വരുന്ന കുറവാണ് ജനങ്ങൾക്ക് വിഷയം. അതോടൊപ്പം വലയ്ക്കാതെയും വൈകിക്കാതെയും ഇൻഷ്വറൻസ് തുക ലഭിക്കുകയും വേണം. ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങളേ ഉപയോഗിക്കൂ എന്ന് നിർബന്ധമുള്ള ജനതയല്ല രാജ്യത്തുള്ളത്.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു കീഴിൽ വരുന്ന ഇൻഷ്വറൻസ് കമ്പനികൾ, ഇൻഷ്വറൻസിൽ ഒരാളെ അംഗമാക്കാൻ കാണിക്കുന്ന സ്‌നേഹവും താത്‌പര്യവും ക്ലെയിം നൽകുന്നതിൽ അതേപോലെ കാണിക്കാറില്ല. ഈ മനോഭാവം മാറ്റി കാലത്തിനനുസരിച്ച് അവരും മാറിയാൽ അവരെ ആർക്കും തോല്പിക്കാൻ കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |