
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് കാലാവധി 30 വരെ കൊല്ലം വിജിലൻസ് കോടതി നീട്ടി. കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ അന്ന് വിധി പറയും.
റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് പത്മകുമാറിനെ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിലും കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജികളും 30ന് പരിഗണിക്കും.
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കിയേക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലും വിജിലൻസ് കോടതി ഇന്ന് വിധി പറയും.
ജയശ്രീയുടെ അറസ്റ്റ് വിലക്കി
അന്വേഷണസംഘത്തിന്
മുന്നിൽ ഹാജരാകണം
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. ജയശ്രീ അന്വേഷണവുമായി സഹകരിക്കണം. ജനുവരി 8, 9 തീയതികളിൽ പ്രത്യേക അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ബോർഡിന്റെ തീരുമാനങ്ങൾ സെക്രട്ടറിയെന്ന നിലയിൽ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. 2026 ഫെബ്രുവരി 9ന് പരിഗണിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |