
പാലക്കാട്: റബർവില കുത്തനെ ഇടിഞ്ഞു. നാലാം ഗ്രേഡ് റബറിന് 179 രൂപയായി ഇടിഞ്ഞു. തരം തിരിക്കാത്തതിന് 174 രൂപയായും കുറഞ്ഞു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ക്രിസ്തുമസ് അടുത്തതോടെ ഉത്സവ ആവശ്യങ്ങൾക്കായി കൂടുതൽ കർഷകർ വിപണിയിൽ റബർ എത്തിച്ചതോടെയാണ് വില ഇടിവ് തുടങ്ങിയത്. 180 രൂപയിൽ നിന്നും താഴ്ന്നതോടെ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞമാസം സർക്കാർ താങ്ങുവില 180 രൂപയിൽ നിന്നും 200 രൂപയായി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റബർ ബോർഡ് നിശ്ചയിച്ച വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം നൽകുന്നതിന് കർഷകരിൽ നിന്നും വിൽപ്പന ബിൽ സ്വീകരിക്കാൻ റബർ ബോർഡ് നടപടി സ്വീകരിച്ചിട്ടില്ല. ഇതിനായി റബർ ബോർഡ് സൈറ്റ് പോലും തുറന്നിട്ടില്ല.
താങ്ങുവില പ്രഖ്യാപനത്തിൽ മാത്രം
ഓരോ കർഷകന്റെയും കൃഷി വിസ്തൃതി അനുസരിച്ച് നിശ്ചിത കിലോ റബർ പ്രതിമാസം ഒന്നിനും 15 നും 16 നും 30നും ഇടയ്ക്കായി രണ്ടുതവണയായി ഉത്പാദക സംഘങ്ങൾ മുഖേന ബില്ലുകൾ സമർപ്പിക്കും. തുടർന്ന് ഫീൽഡ് ഓഫീസർമാർ പരിശോധിച്ച് റബർ ബോർഡ് അതാതു മാസം പ്രഖ്യാപിക്കുന്ന മാർക്കറ്റ് വിലയും 200 രൂപയും തമ്മിലുള്ള വ്യത്യാസ തുകയാണ് താങ്ങു വിലയായി ഇൻസെന്റീവ് എന്ന നിലയിൽ കർഷകർക്ക് നൽകിയിരുന്നത്. കഴിഞ്ഞമാസം സർക്കാർ 200 രൂപ താങ്ങുവില പ്രഖ്യാപിച്ചത് കർഷകർ ഏറെ ആശ്വാസത്തോടെയാണ് കണ്ടിരുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ സർക്കാർ നടപടി മന്ദഗതിയിൽ ആകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നയപ്രഖ്യാപന രേഖയിൽ താങ്ങുവില 250 രൂപയാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. റബർ വില കുത്തനെ ഇടിഞ്ഞതോടെ ഉത്പാദനച്ചെലവുമായി ഒത്തുപോകാൻ കഴിയാത്ത നിലയിലാണ് റബർ കർഷകർ. ഉയർന്ന വില പ്രതീക്ഷിച്ച് സ്ലോട്ടർ ടാപ്പിംഗിന് എടുത്തവരും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ മരങ്ങൾ മുറിച്ചു വിൽക്കാൻ നിർബന്ധിതരാവുകയാണ്. വില കുറഞ്ഞതോടെ കർഷകരും തൊഴിലാളികളും തുല്യ പങ്ക് എന്ന നിലയിൽ കിട്ടുന്നതിൽ പാതി തൊഴിലാളിക്കും ഉടമയ്ക്കും എന്ന രീതിയിലും ടാപ്പിംഗ് നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |