SignIn
Kerala Kaumudi Online
Saturday, 20 December 2025 5.37 AM IST

പുതിയ തൊഴിലുറപ്പ് പദ്ധതി, വിവാദം വേണ്ട; ലക്ഷ്യം വികസിത കേരളം

Increase Font Size Decrease Font Size Print Page

mgnre

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുമ്പോൾ മറ്റെല്ലാ ഘടകങ്ങളെയും അതിന് അനുസൃതമായി പരിവർത്തനം ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിൽ കഴിഞ്ഞ പതിനൊന്നു വർഷമായി രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികളെല്ലാം ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടു കൂടിയാണ്. ഈ കാലയളവിൽ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായ ഇന്ത്യയിലെ 17.1 കോടി ജനങ്ങൾ തന്നെയാണ് ഈ പുരോഗതിയുടെ തെളിവ്.

തൊഴിലുറപ്പ് പദ്ധതിയിൽ ഭേദഗതി വരുത്തുമ്പോൾ സാധാരണക്കാരായ തൊഴിലാളികൾക്കു ലഭിക്കുന്ന ഗുണങ്ങൾ മറച്ചുവച്ച് ജനങ്ങളിൽ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കുക എന്നതു മാത്രമാണ് ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുടെ ലക്ഷ്യം. രണ്ട് പതിറ്റാണ്ടു മുമ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിക്കുമ്പോഴുള്ള ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് രാജ്യം വളരെയേറെ മുന്നേറിയെന്ന് വ്യക്തമാക്കുന്നതാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളിലുണ്ടായ പുരോഗതി.

വി.ബി.ജി റാം ജി അഥവാ 'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ)" ബില്ലിലൂടെ വലിയ പരിഷ്‌കരണമാണ് തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. നിലവിൽ 100 തൊഴിൽദിനങ്ങൾ ഉണ്ടായിരുന്നത് 125 ആയി ഉയർത്തി എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. വിവിധ തരം തൊഴിലുകൾക്കായി ദേശീയതലത്തിൽ പ്രവൃത്തികൾ മാറ്റിവച്ചിരുന്ന പഴയ രീതി മാറി, പ്രാദേശിക തലത്തിൽ വികസിത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പദ്ധതികൾക്കായി പ്രവൃത്തികൾ പുന:ക്രമീകരിച്ചത് വലിയ മാറ്രമാണ്.

കേന്ദ്ര ഫണ്ട്

പാഴാകില്ല

ഗുണകരമല്ലാത്ത പ്രവൃത്തികൾക്കു കൂടി കേന്ദ്ര ഫണ്ട് പാഴായിപ്പോകുന്നതായിരുന്നു അവസ്ഥ. തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിനു തുല്യമായിരുന്നു പഴയ പദ്ധതിയെങ്കിൽ,​ വേതന വിഹിതം 60:40 (60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും) ആക്കിയതോടെ

പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനും കൂടുതൽ ഉത്തരവാദിത്വം വരികയാണ്. അനാവശ്യമായ പ്രവൃത്തികൾക്കായി കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതിന് ഇതോടെ അവസാനമാകും.

വേതനം ഒരാഴ്ചയ്ക്കകം നല്‍കണമെന്നതും,​ പരമാവധി രണ്ടാഴ്ച വരെ മാത്രമേ വൈകാവൂ എന്നതും പുതിയ ഭേദഗതിയിലെ സുപ്രധാനമായ മറ്റൊരു മാറ്റമാണ്. ഈ നിബന്ധനകൾ തൊഴിലാളികൾക്ക് ഏറെ ഗുണകരമാണ്. 15 ദിവസങ്ങൾക്കുള്ളിൽ തൊഴിൽ നല്കിയില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലില്ലായ്മാ വേതനം നല്‍കണമെന്ന വ്യവസ്ഥയും ശ്രദ്ധേയമാണ്. സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ട കേന്ദ്ര വിഹിതം കേന്ദ്രസർക്കാരാണ് നിശ്ചയിക്കുന്നത്. ആ തുകയ്ക്കു മുകളിൽ ചെലവഴിച്ചാൽ തുക സംസ്ഥാന സർക്കാരുകൾ തന്നെ നല്കണം.

തട്ടിപ്പിന്

തടയിടും

2020-21ലും 2021-22ലുമൊക്കെ കേന്ദ്രം അനുവദിച്ച തുകയേക്കാൾ അമ്പതിനായിരം കോടി രൂപ വരെ അധികം ചെലവഴിക്കപ്പെട്ടു എന്നതാണ് ഇത്തരമൊരു വ്യവസ്ഥ ഏ‍ർപ്പെടുത്താൻ കാരണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ ഇത് ബാധിച്ചതോടെയാണ് പുതിയ ബില്ലിന് കേന്ദ്രം രൂപം നല്കിയത്. സ്വന്തം പദ്ധതിയെന്ന് യു.പി.എ അവകാശപ്പെടുമ്പോഴും 1.85 ലക്ഷം കോടി രൂപ മാത്രമാണ് അവരുടെ ഭരണകാലത്ത് നല്കിയത്. എന്നാൽ എൻ.ഡി.എ ഭരണകാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിച്ചതാകട്ടെ,​ അഞ്ചു ലക്ഷം കോടിയോളം രൂപയും! നാടിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി പദ്ധതികൾ നടപ്പാക്കണമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ.

താത്കാലിക പദ്ധതികൾക്കായി തൊഴിൽദിനങ്ങൾ വകയിരുത്തുന്ന പഴയ രീതിക്കു പകരം ജലസുരക്ഷ, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന മാർഗങ്ങൾ, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയവയ്ക്കായി തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികൾ മാറ്റിയിട്ടുണ്ട്. രാജ്യത്തെ കുടിവെള്ള സ്രോതസുകളുടെ പുനരുജ്ജീവനത്തിനായി നടപ്പാക്കിയ 'അമൃത് സരോവർ" പദ്ധതി വഴി 68,000-ത്തിലധികം ജലസ്രോതസുകളാണ് ഇതുവരെ പുനരുജ്ജീവിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ജലസുരക്ഷ നിർബന്ധമാക്കിയതോടെ ജലാശയങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവ‌ർത്തനങ്ങൾക്ക് കൂടുതൽ ഊ‌ർജ്ജം കൈവരും.

ആശങ്കകൾ

ഒഴിയുന്നു

വ്യാജ രേഖകൾ ചമച്ച് തൊഴിലാളികളുടെ പേരിൽ പണം തട്ടിയെടുക്കുന്നതും, കാര്യക്ഷമമല്ലാത്ത മേൽനോട്ടവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തകർത്തിട്ടുണ്ട്. കേരളത്തിലടക്കം നിരവധി തട്ടിപ്പുകൾ തൊഴിലുറപ്പ് പദ്ധതിയിൽ നടന്നുകഴിഞ്ഞു. ബയോമെട്രിക് ഹാജരും ജി.പി.എസ് നിരീക്ഷണവും തട്ടിപ്പ് തടയാൻ എ.ഐ സംവിധാനങ്ങളും ഒരുക്കിയാണ് പുതിയ പദ്ധതി വരുന്നത്. വ്യക്തമായ തൊഴിൽ ദിനങ്ങൾ ഉറപ്പാകുന്നതോടെ തൊഴിലാളികളുടെ ആശങ്കകൾ പൂർണമായും ഇല്ലാതാവുകയാണ് ചെയ്യുക.

കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വലിയ തട്ടിപ്പുകൾ നടന്നതിന്റെ വിശദാംശങ്ങൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന വ്യാപകമായ ഓഡിറ്റിംഗിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ജൂൺ മാസത്തിൽ ഉത്തരവിട്ടിരുന്നു. യന്ത്രം ഉപയോഗിച്ച് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കു പോലും വ്യാജ രേഖകൾ ചമച്ച് തൊഴിലാളികളുടെ പേരിൽ പണം തട്ടിച്ച സംഭവവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊന്നും രാഷ്ട്രീയ ആരോപണങ്ങളല്ല; ഓഡിറ്റിംഗിലും ഓംബുഡ്സ്‌മാന്റെ പരിശോധനയിലും കണ്ടെത്തിയ സത്യങ്ങളാണ്. ഇല്ലാത്ത തൊഴിലാളികളുടെ പേരിൽ രേഖകൾ സൃഷ്ടിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവങ്ങളും സംസ്ഥാനത്ത് പിടിക്കപ്പെട്ടിട്ടുണ്ട്.

തൊഴിലാളികൾക്കും നാടിനും പൂർണമായും ഗുണകരമാകുന്ന മാറ്റത്തെ ഇന്ത്യാ മുന്നണി എതിർക്കുന്നതിന്റെ പ്രധാന കാരണം, പദ്ധതിയെ പൂർണമായും അഴിമതിമുക്തമാക്കുന്ന തരത്തിലാണ് പുതിയ മാറ്റം എന്നതാണ്.

മറ്റൊരു പ്രധാന പ്രതിപക്ഷ ആരോപണം കേന്ദ്രം ഫണ്ട് നല്‍കുന്നില്ല എന്നതാണ്. 2021 മുതൽ 2026 വരെയുള്ള സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിനു മാത്രം 16,​290 കോടി രൂപയാണ് നല്കിയത്. ഇനി മുതൽ പദ്ധതി നടപ്പാക്കാൻ 40 ശതമാനം തുക സംസ്ഥാനം ചെലവഴിക്കേണ്ടി വരുമ്പോൾ കേന്ദ്ര ഫണ്ടിൽ കൃത്രിമം കാണിക്കാമെന്ന രീതി മാറും. പദ്ധതിയുടെ ഗുണം യഥാർത്ഥത്തിൽ ലക്ഷ്യമിടുന്ന വിഭാഗത്തിലേക്ക് നേരിട്ട് എത്തിച്ചേരുകയും ചെയ്യും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പുതിയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റമോ ഉള്ളടക്കമോ വിവാദമാക്കി എതിർക്കാതെ, നല്ല ലക്ഷ്യത്തോടെയുള്ള മാറ്റങ്ങളെ ഉൾക്കൊള്ളുകയാണ് വേണ്ടത്.

TAGS: RAJEEVCHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.