
സസ്യശാസ്ത്രരംഗത്തെ പ്രഗത്ഭ ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. പി. പുഷ്പാംഗദൻ പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ ആയിരുന്നു. സ്ഥാപന മേധാവിയായിരിക്കുന്ന സമയത്ത് സൈറ്റോജനിക്സ്, പ്ലാന്റ് ബ്രീഡിംഗ്, ബയോ പ്രോസ്പെക്റ്റിംഗ്, ബയോടെക്നോളജി, കൺസർവേഷൻ ബയോളജി, എത്‌നോബോട്ടണി, എത്‌നോ ഫാർമക്കോളജി എന്നിവയിലെ ഗവേഷണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. അദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വ മികവ് ടി.ബി.ജി.ആർ.ഐ-യെ ലോക നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനമായി ഉയർത്തി.
പരമ്പരാഗത ഗോത്ര അറിവുകളെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ ഗവേഷണപ്രവർത്തനങ്ങൾ സസ്യ ശാസ്ത്രരംഗത്തെ ‘എത്‌നോ ബോട്ടണി’ (വംശീയ സസ്യശാസ്ത്രം) എന്ന മേഖലയ്ക്ക് ആഗോളതലത്തിൽത്തന്നെ ഉണർവേകി. ഫൈറ്റോ കെമിസ്ട്രി, ഫാർമക്കോളജി എന്നിവയിലൂടെ പരമ്പരാഗത ചികിത്സാരീതികളെ ശാസ്ത്രീയമായി സാധൂകരിക്കുന്നതിനായി ടി.ബിജി.ആർ.ഐ-യിൽ അദ്ദേഹം പ്രത്യേക എത്‌നോ- ഫാർമക്കോളജി വിഭാഗം സ്ഥാപിച്ചു. പാരമ്പര്യ അറിവുകൾക്കും ആഗോള ബൗദ്ധിക സ്വത്തവകാശത്തിനും (IPR) ഇടയിലുള്ള വിടവ് നികത്താൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സഹായിച്ചു.
കേരളത്തിലെ കാണി ഗോത്രസമൂഹത്തിന്റെ നാട്ടറിവുകൾക്ക് ലോകത്തിലെ തന്നെ ആദ്യത്തെ മാതൃകയായ 'തുല്യ ആനുകൂല്യ പങ്കിടലി"ന് (equity benefit sharing) തുടക്കമിട്ടതിന് അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ട ഡോ. പുഷ്പാംഗദൻ എന്നെന്നും ഓർമ്മിക്കപ്പെടും. തെക്കുപടിഞ്ഞാറ് പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം- കൊല്ലം ഭാഗത്ത് നിവസിക്കുന്ന കാണി സമുദായത്തിന്റെ തനത് നാട്ടറിവായ ‘ആരോഗ്യപ്പച്ച’ (ട്രൈക്കോപ്പസ് സെയ്‌ലാനിക്കസ്) എന്ന സസ്യത്തിന്റെ ക്ഷീണ-പ്രതിരോധ ഗുണങ്ങളെക്കുറിച്ചുള്ള അറിവിനെ മുൻനിറുത്തി, ആദിവാസി ജനതയുടെ നാട്ടറിവ് പങ്കിടലിന് ആഗോള മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയ പ്രതിഭാശാലിയാണ് ഡോ. പുഷ്പാംഗദൻ.
ഇതിന്റെ അടിസ്ഥാനത്തിലാണ് ടി.ബി.ജി.ആർ.ഐ-യിലെ ഗവേഷണങ്ങളുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന 'ജീവനി" എന്ന എനർജി ബൂസ്റ്റർ വികാസം പ്രാപിച്ചത്. ബൗദ്ധിക സ്വത്തവകാശ രംഗത്ത് ലോകത്തിലെ ആദ്യത്തെ തുല്യതാ ആനുകൂല്യ പങ്കിടൽ (ഇ.ബി.എസ്) മാതൃക അദ്ദേഹം സൃഷ്ടിച്ചു എന്നതാണ് പുഷ്‌പാംഗദൻ എന്ന നരവംശ- സസ്യശാസ്ത്രജ്ഞന്റെ എറ്റവും മഹത്തായ സംഭാവന. പരമ്പരാഗത അറിവിന്റെ ഉടമകൾ എന്ന നിലയിൽ ഗോത്ര സമുദായങ്ങളുടെ (പ്രത്യേകിച്ച് കാണി ഗോത്രം) പങ്ക് അംഗീകരിച്ചുകൊണ്ട്, 'ജീവനി"യുടെ വാണിജ്യവത്കരണത്തിൽ നിന്നുള്ള ലൈസൻസ് ഫീസിന്റെയും റോയൽറ്റിയുടെയും 50 ശതമാനം കാണി ഗോത്രത്തിന് ലഭിക്കുന്നുണ്ടെന്ന് ഈ ചട്ടക്കൂടിലൂടെ ഉറപ്പാക്കപ്പെട്ടു.
ഈ സമീപനം ഇപ്പോൾ ആഗോളതലത്തിൽ 'പുഷ്പാംഗദൻ മോഡൽ" എന്നാണ് അറിയപ്പെടുന്നത്. ദാരിദ്ര്യ നിർമ്മാർജനത്തിലും സുസ്ഥിര വികസനത്തിലുമുള്ള നൂതനാശയങ്ങൾക്ക് 2002- ലെ UNDP ഇക്വേറ്റർ ഇനിഷ്യേറ്റീവ് സമ്മാനം നേടാൻ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനെ സഹായിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ്. പിന്നീട് അദ്ദേഹത്തിന്റെ സേവനം ലക്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയിട്ടായിരുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും, അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെർബൽ ആൻഡ് ബയോടെക് പ്രോഡക്റ്റ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇരുന്നൂറോളം പേറ്റന്റുകളുടെ ഉടമയാണ് ഡോ. പി. പുഷ്പാംഗദൻ. വിവിധ ദേശീയ, അന്തർദ്ദേശീയ ജേണലുകളിൽ ഏകദേശം 515 ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും, 26 പുസ്തകങ്ങളും, 41 പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രത്തിനും സമൂഹത്തിനും നൽകിയ മികച്ച സംഭാവനകളുടെ അംഗീകാരമെന്നോണം, രാജ്യം 2010- ൽ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. അവാർഡുകൾക്കും അംഗീകാരങ്ങൾക്കും അപ്പുറം, ശാസ്ത്രീയ സമഗ്രത, സാമൂഹിക നീതി, ആധുനിക ശാസ്ത്രവുമായി പരമ്പരാഗത വിജ്ഞാനത്തിന്റെ ആദരപൂർവമായ സംയോജനം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലാണ് ഡോ. പി. പുഷ്പാംഗദന്റെ പ്രവർത്തന മികവുകൾ മാനിക്കപ്പെടുന്നത്.
ഡോ. പുഷ്പാംഗദന്റെ വിയോഗം സസ്യശാസ്ത്ര രംഗത്തിനും അദ്ദേഹം ശബ്ദമുയർത്തിയ തദ്ദേശീയ സമൂഹങ്ങൾക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങളും നേതൃത്വ മികവും സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് എന്നും പ്രചോദനമായി തുടരും. സസ്യശാസ്ത്രരംഗത്ത്, വിശേഷിച്ച് എത്‌നോ ബോട്ടണി മേഖലയിൽ പകരം വയ്ക്കാനില്ലാത്ത ആ ഇതിഹാസത്തിനു മുന്നിൽ പ്രണാമം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി പ്രൊഫസറാണ് ലേഖിക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |