
സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് പോരാട്ടത്തിലെ വലിയ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ വൻ കൊള്ളയിൽ സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്ന ബി.ജെ.പി നിലപാട് കോടതിയും ശരിവെച്ചിരിക്കുകയാണ്.
ഭരണകൂടം തന്നെ കൊള്ളക്കാർക്ക് കുടപിടിക്കുമ്പോൾ ഈ സർക്കാരിന്റെ ഒരു അന്വേഷണത്തിലും ആർക്കും വിശ്വാസമില്ല. പുണ്യക്ഷേത്രത്തെ കൊള്ളയടിക്കുകയും കോടിക്കണക്കിന് ഹിന്ദു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത ഓരോരുത്തരും അഴിയെണ്ണിക്കും വരെ പോരാട്ടം തുടരും.
ഭക്തരുടെ വിയർപ്പിന്റെ ഫലമായി ഉണ്ടായ സ്വർണ്ണത്തിൽ കൈവെച്ചവർ ഓരോരുത്തരും അനുഭവിക്കുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആരോപണം ശരിയെന്ന് തെളിഞ്ഞു: വി.ഡി.സതീശൻ
ഉന്നതരുടെ ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്കു മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് കോടതിയുടെ ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിലെ പ്രധാനപ്പെട്ട അംഗങ്ങളെ അറസ്റ്റു ചെയ്തില്ലെന്നും അന്വേഷണം വൻസ്രാവുകളിലേക്ക് നീങ്ങിയില്ലെന്നുമാണ് കോടതി പറഞ്ഞത്. തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം വീണ്ടും പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേൽ സമ്മർദ്ദം ചെലുത്തിയത്.
അന്തർസംസ്ഥാന ബന്ധമുള്ള കേസായതിനാൽ ഇ.ഡി അന്വേഷിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുത്. ഇതുവരെയുള്ള കേസുകളിലെല്ലാം അവർ സർക്കാരിനെ സഹായിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇ.ഡിയെ വിശ്വാസമില്ല. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കേസല്ല ഇത്.
സ്വർണക്കൊള്ള സർക്കാർ പ്രതിക്കൂട്ടിൽ: സണ്ണി ജോസഫ്
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിനെതിരായ ഹൈക്കോടതി വിമർശനം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ യു.ഡി.എഫ് നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. സ്വർണ്ണ മോഷണക്കേസിലെ ഉന്നതരിലേക്ക് അന്വേഷണം കടന്നില്ല. അവരെ ചോദ്യം ചെയ്യാനും പ്രതിചേർക്കാനും അന്വേഷണം സംഘം മടിക്കുന്നു. സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. സമയപരിധി നീട്ടിക്കിട്ടിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത് ഗൗരവമുള്ള വിഷയമാണ്.
പ്രതിപക്ഷത്തിന്റെ വാദത്തിനുള്ള അംഗീകാരം കൂടിയാണ് കോടതിയുടെ കൃത്യതയുള്ള നിരീക്ഷണം. ഈ കേസിലെ കള്ളക്കളികൾ മറനീക്കി പുറത്ത് വരുകയാണ്. സർക്കാരിന്റെ നിയന്ത്രണത്തിൽ ശബരിമല സ്വർണ്ണക്കൊളളയുടെ അന്വേഷണം മുന്നോട്ട് പോകുന്നത് ആശാസ്യകരമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |