ഇന്നലെ ലോകമാനസികാരോഗ്യ ദിനമായിരുന്നല്ലോ? ലോകാരോഗ്യ സംഘടന ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് 'മാനസികാരോഗ്യവും ആത്മഹത്യ നിവാരണവും എന്നതാണ് "
മാനസികാരോഗ്യത്തെ കുറിച്ച് ഭാരതീയ മനഃശാസ്ത്രം എന്താണ് പറയുന്നത്.? മിക്കവാറും എല്ലാ രോഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പുണ്ട്, എന്നാൽ മാനസിക രോഗത്തിന് പ്രതിരോധ മരുന്നില്ല. വൈറസ് പകർത്തുന്ന രോഗത്തിനാണ് കുത്തിവയ്പുള്ളത്. മാനസിക രോഗങ്ങൾ വൈറസുണ്ടാക്കുന്നതല്ല. ഏതൊരു രോഗത്തെയും പ്രതിരോധിക്കുന്നതിന് മുമ്പ് രോഗത്തിന്റെ സ്വഭാവം മനസിലാക്കണം. ' Prevention is better than cure". അപ്പോൾ മാനസികാരോഗ്യം നേടണമെങ്കിൽ എന്താണ് മനസെന്ന് അറിയണം. മനസിന് ഏതെങ്കിലും ശാസ്ത്രത്തിൽ വ്യക്തമായ നിർവചനം നല്കിയിട്ടുണ്ടോ?എന്നാൽ നിർവചനമില്ലാത്ത ഒരു വിഷയത്തെ സർവകലാശാലകൾ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ശാസ്ത്രം എപ്പോഴും definable ആയിരിക്കണമല്ലോ?
ഭാരതീയ ദർശനത്തിൽ എന്താണ് മനസ് ? എനിക്കറിയാവുന്ന മനസ് എന്നിലിരിക്കുന്നു. നിങ്ങളനുഭവിക്കുന്ന മനസ് നിങ്ങളിലിരിക്കുന്നു 'മനസ് എപ്പോഴും പ്രവർത്തിക്കുന്നത് അവരവരിലാണ്.അതായത് സബ്ജക്ടീവാണ്. എന്നാൽ സർവകലാശാലയിൽ പഠിപ്പിക്കുന്ന മനഃശാസ്ത്രമെന്ന വിഷയത്തിൽ പഠനവിഷയമെന്ന നിലയിൽ അതായത് objective ആയി പഠിപ്പിക്കുന്നു. ഉള്ളിൽ മാത്രമിരിക്കുന്ന മനസിനെ മറ്റൊന്നായി സങ്കല്പിച്ച് പഠിക്കുന്നു . അപ്പോൾ അത് സത്യമോ അസത്യമോ? ലോകത്തെപ്പറ്റി പഠിക്കുമ്പോൾ നമ്മളെക്കൂടി അതിൽ ഉൾപ്പെടുത്തി പഠിക്കണം" അല്ലെങ്കിൽ എങ്ങനെയാണ് മാനസികാരോഗ്യം ഉണ്ടാവുക? കരയിലിരുന്നു നദിയുടെ ഒഴുക്ക് മനസിലാക്കാം. നദിയിൽച്ചാടി നദിയോടൊപ്പം ഒഴുകി ഒഴുക്ക് അനുഭവിക്കാം. ഈ വ്യത്യാസമാണ് മനസിനെ അറിഞ്ഞിട്ട് ആരോഗ്യമുണ്ടാക്കുന്നത്.
'പാശ്ചാത്യ മനഃശാസ്ത്രം മനസിനെ രൂപപ്പെടുത്തുന്നത് രോഗികളെ മുന്നിൽക്കണ്ടു കൊണ്ടാണ്. എന്നാൽ പൗരസ്ത്യ മനഃശാസ്ത്രമാകട്ടെ യോഗികളെ മുന്നിൽക്കണ്ടാണ്. യോജിച്ചിരിക്കുന്ന ഭാഗമാണ് യോഗം. സൂക്ഷ്മമായി അറിയുമ്പോൾ ഈ യോഗഭാവം നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു. നാമും ലോകവും ഒന്നാണ്. എന്നാൽ അനുഭവിക്കുമ്പോൾ ബാഹ്യലോകവും ആന്തരിക ലോകവും രണ്ടായി അനുഭവിക്കും. എന്നാൽ ബാഹ്യം എന്ന വാക്കു പോലും തെറ്റാണ്. കാരണം ഏതിന്റെ വെളിയിൽ, എന്നു കരുതുന്ന ലോകത്താണ് നമ്മളും ഉള്ളത്. അപ്പോൾ നാം വെളിയിലാകും അപ്പോൾ അവിടെ രണ്ടു ലോകമില്ല.
എന്നാൽ രണ്ടു ലോകമുണ്ടെന്ന അസത്യത്തെ സത്യമായി കരുതി ജീവിക്കുന്നവരാണ് നാമെല്ലാം നമ്മൾക്കതിൽ നിന്നും രക്ഷ നേടണം. ഭാരതീയ മനഃശാസ്ത്രം വിശദമായി പ്രതിപാദിക്കുന്ന രണ്ടു കൃതികളാണ് യോഗവാസിഷ്ഠവും ഭഗവദ് ഗീതയും. കഥകളുടെ രൂപത്തിൽ വേദാന്തം പഠിപ്പിക്കുന്ന യോഗവാസിഷ്ഠത്തിൽ മനസെന്താണെന്ന് കൃത്യമായി നിർവചിക്കുന്നുണ്ട്. അതിലൊരിടത്ത് എല്ലാ അനർത്ഥങ്ങൾക്കും കാരണം മനസാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനസുള്ളപ്പോൾ മൂന്നു ലോകങ്ങളുമുണ്ട്. ഇല്ലെങ്കിൽ ഒന്നുമില്ല. മനസെന്ന രോഗത്തെ ചികിത്സിച്ച് ഇല്ലാതാക്കണം. പ്രയത്നപ്പെട്ടും ഭേദപ്പെടുത്തണം. മലകളിൽ നിന്ന് കാട് ഉണ്ടാകുന്നത് പോലെ മനസിൽ നിന്നാണ് പല പ്രശ്നങ്ങളുമുണ്ടാകുന്നത്. എങ്ങനെയാണ് മനസ് ഒരു രോഗമായിരിക്കുന്നത്. പാശ്ചാത്യ മനഃശാസ്ത്രത്തിൽ മനസും ബോധവും ഒന്നാന്നെന്ന് കരുതി ചികിത്സ വിധിച്ചിരുന്നു. എന്നാൽ പൗരസ്ത്യ ദർശനത്തിൽ ബോധം എന്നത് പരമമായ സത്യമാണ്. അപ്പോൾ ശരീരം സത്യമല്ലേ? അതും ഉള്ളത് തന്നെ.
ഒരാളെങ്ങനെയാണ് മറ്റൊരാളുടെ ശത്രുവാകുന്നത്.? ഇഷ്ടകരമല്ലാത്തത് പ്രവർത്തിച്ചു എന്ന കാരണം കൊണ്ടാവാം. ഇങ്ങനെ ചെയ്താലും അയാളെന്റെ ശത്രുവല്ല എന്നു നാം കരുതിയാൽ ശത്രുത ഇല്ലാതാക്കാമല്ലോ? അപ്പോൾ നമ്മൾ മുഖാന്തിരമാണ് അയാൾ ശത്രുവായത്. 'വാസ്തവത്തിൽ ശത്രുവും മിത്രവുമെല്ലാമിരിക്കുന്നത് സങ്കല്പത്തിലാണ്. ഞാനും നിങ്ങളും കാണുന്ന ലോകം ഒന്നോ രണ്ടോ? ലോകം ഒന്നാണ് " എന്നാൽ ഓരോരുത്തരും കാണുന്ന ലോകം വേറെയാണ്. ആരെങ്കിലും യഥാർത്ഥ ലോകം കാണുന്നുണ്ടോ? എല്ലാവരും ലോകത്തെ കാണുന്നത് അവരവരുടെ സങ്കല്പത്തിലാണ്. ലോകാനുഭവം ഓരോരുത്തർക്കും വ്യത്യസ്തമാണ്.
ഭൗതിക ശാസ്ത്രം പരിശോധിച്ചാൽ എല്ലാത്തിനും ആധാരം ദ്രവ്യം ആണെന്ന് കാണാം. ഈ ദ്രവ്യത്തിന്റെ സ്വഭാവമെന്താണ്.? പ്രപഞ്ചത്തിലെ ഏത് വസ്തുവിന്റെയും ഗുണങ്ങളെയാണ് അത് കാണുന്നത്. യഥാർത്ഥ വസ്തുക്കളെയല്ല. ധർമ്മിയെയല്ല ധർമ്മത്തെയാണ് കാണുന്നത്. ധർമ്മിയില്ലാതെ ധർമ്മമുണ്ടാകില്ലല്ലോ?
''അറിവതു ധർമ്മിയെയല്ല ധർമ്മമാമീ
യരുളിയധർമ്മിയദൃശ്യമാകയാലേ
ധരമുതലായവയൊന്നുമില്ല. താങ്ങു
ന്നൊരുവടിവാമറിവുള്ളതോർത്തിടേണം ""
സംസ്കൃതത്തിൽ ചിത്തെന്നു പറഞ്ഞാൽ uncondition conciousness എന്നാണ്. അതിനു രൂപമില്ല. അത് സത്താണ്. ഈ അറിവാണ് സകലതുമായിരിക്കുന്നത്. അതുകൊണ്ട് ഗുരു പറയും
'അറിവിലനാദിയതായി നടന്നിടും തൻ
തിരുവിളയാടലിതെന്നറിഞ്ഞിടേണം"
എന്നറിയുമ്പോൾ ഈ ലോകത്തിനവസരമില്ല. മനോരോഗം ഉണ്ടാവുകയില്ല. അപ്പോൾ സങ്കല്പം എന്നത് ബോധത്തിൽ നടക്കുന്ന ഒരു വൃത്തിയാണ്. മനസ് എന്നൊരു സത്യമില്ല.
ആദ്യം നമ്മെപറ്റിയുള്ള പരിഗണന നമുക്ക് വേണം. എന്റെ വ്യക്തിത്വത്തിന്റെ സ്വഭാവം അറിയുകയും അതിനനുസരിച്ചുള്ള തൊഴിൽ കണ്ടെത്തുകയും വേണം' ഈ സ്വധർമ്മനിശ്ചയം നടത്താൻ നമ്മെ ഏറ്റവും സഹായിക്കുന്നത് ഭഗവദ് ഗീതയാണ്. അർജുനന്റെ നിസഹായാവസ്ഥയും പിരിമുറുക്കവും അവതരിപ്പിച്ചു കൊണ്ടാണ് ഗീത ആരംഭിക്കുന്നത്. ജീവിതത്തെ സംബന്ധിക്കുന്ന ശരിയായ അറിവ് നല്കി അർജുനനെ രക്ഷിക്കുകയാണ് ഭഗവാൻ കൃഷ്ണൻ. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ അർജുനന് സ്വധർമ്മനിശ്ചയം ഉണ്ടാക്കിക്കൊടുക്കാൻ ഭഗവാന് കഴിയുന്നു. അർജുനൻ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം അയാൾ അയാളുടെ മനസ് വെച്ച് ചിന്തിച്ചത് കൊണ്ടാണ്. അവിടെ അർജുനന്റെ ചിന്ത ശരിയാണ്. പക്ഷേ ഭഗവാൻ കൃഷ്ണൻ പറഞ്ഞത് അതിനെക്കാൾ വലിയ ശരിയാണ്.
ധാർമ്മിക ബോധം പരമമായ സത്യത്തിന്റെ ഭാഗമെന്ന് കാണുമ്പോൾ കീഴ്വഴക്കമനുസരിച്ചുള്ള സദാചാരത്തിന് സ്ഥാനമില്ല. ജീവിതത്തിന്റെ ഭാഗമായി വരുന്ന എല്ലാ കാര്യങ്ങളും നിവൃത്തിയില്ലാതെ ചെയ്യുന്നു. ജീവിതമെന്ന മഹാപ്രവാഹത്തിന്റെ ഭാഗമായി ഒന്നായി തീർന്നിട്ട് ഒഴുകുന്നു. ഭഗവാൻ അർജുനനോട് പറയുന്ന നീ സത്യത്തിന്റെ മനസുവെച്ച് കൊണ്ട് ചിന്തിക്കൂ. ഞാൻ എന്ന വ്യക്തിയുടെ മനസ് സത്യത്തിന്റെയും കൂടി മനസാണ്. അപ്പോൾ നിന്റെ മനസ് കൊണ്ട് ചിന്തിച്ച പ്രശ്നം മാറും. നീ എന്റെ മനസ് വെച്ച് ചിന്തിച്ചിട്ട് നിന്റെ മനസിനെ എന്റെ മനസായി കണ്ട് ചിന്തിക്കണം.
ജീവിതമെന്ന മഹാവൃക്ഷത്തിൽ ഓരോ ഇലയ്ക്കും അതിന്റെതായ സ്ഥാനമുണ്ട്. വൃക്ഷത്തിന്റെ ആകെ ധർമ്മത്തിനോടിണങ്ങി നില്ക്കാതെ ഇലയ്ക്ക് നിലനില്പില്ല. അതുകൊണ്ട് നാം ജീവിതത്തിൽ സ്വധർമ്മം കണ്ടെത്തി അതിൽ മുഴുകി ജീവിതത്തിൽ ആനന്ദം കണ്ടെത്താനാവും.
(തലശ്ശേരി കനകമല ഗുരുകുലത്തിലെ വാർഷിക ഗുരുപൂജയുടെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സ് ഓഫ് ബ്രഹ്മവിദ്യയുടെയും ഈ വർഷത്തെ സെമിനാറിന് മുമ്പായി മുനി നാരായണപ്രസാദ് നടത്തിയ പ്രഭാഷണത്തിൽ നിന്ന്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |