
ശ്രീനിവാസൻ എന്ന വ്യക്തി മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. എല്ലാതരം കഥാപാത്രങ്ങളേയും
അനായാസം അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടനെന്നതിലുപരി മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും മികച്ച എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. ബുദ്ധിജീവി പടങ്ങളല്ല, മറിച്ച് സാധാരണ പ്രേക്ഷകർക്ക് കണ്ട് രസിക്കാൻ പാകത്തിലുള്ളതായിരുന്നു ശ്രീനിവാസൻ സിനിമകൾ. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എണ്ണത്തിൽ രണ്ടേയുള്ളൂവെങ്കിലും (വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള) മലയാളത്തിലെ ക്ളാസിക് സിനിമകളുടെ ഗണത്തിൽ പെടുന്നവയാണ്.
സന്ദേശവും തലയിണമന്ത്രവും അടക്കമുള്ള ശ്രീനിവാസൻ ചിത്രങ്ങൾ കാണുമ്പോൾ, ഇതിലെ കഥാപാത്രങ്ങൾ നമ്മളിൽ ഒരാളാണല്ലോ എന്ന് തോന്നും. അതിനുകാരണമെന്തെന്നാൽ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി കലർത്തി, സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിത കഥ പറഞ്ഞായിരുന്നു അദ്ദേഹം പ്രേക്ഷക മനസിൽ ഇടം നേടിയത്. എഴുത്തുകാരനെന്നതിനൊപ്പം തന്നെ മികച്ച നടനും സംവിധായകനും നിർമ്മാതാവും കൂടിയായിരുന്നു.
അതിസുന്ദരനായ വ്യക്തിയായിരുന്നില്ല ശ്രീനിവാസൻ. എന്നാൽ, അഭിനയപാടവം കൊണ്ട് മാത്രം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളനവധിയാണ്. നായകനായും സഹനടനായും വില്ലനായും കൊമേഡിയനായും അദ്ദേഹം തിളങ്ങി. തന്റെ
രൂപഭംഗിക്ക് യോജിച്ച കഥാപാത്രങ്ങൾ മാത്രമേ ശ്രീനിവാസൻ ചെയ്തിരുന്നുള്ളൂ. പത്താൾ പൊക്കമുള്ള മതിൽചാടിക്കടന്ന് വില്ലൻമാരെ അടിച്ചൊതുക്കുന്നത് പോലെയുള്ള പ്രഹസനങ്ങൾ അദ്ദേഹം ഒരിക്കലും ചെയ്തിരുന്നില്ല. തമിഴ്നാട്ടിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടിയെങ്കിലും ശ്രീനിവാസന് സിനിമയിലെത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. നാടകമായിരുന്നു മനസുനിറയെ. ഇതേ ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു സ്റ്റൈൽ മന്നൻ രജനീകാന്ത്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
ആദ്യ സിനിമ 'മണിമുഴക്കം"
നാടകാഭിനയവും സംവിധാനവുമെല്ലാമായി നടന്നെങ്കിലും ഒടുവിൽ പി.എ ബക്കർ സംവിധാനം ചെയ്ത് 1977ൽ ഇറങ്ങിയ മണിമുഴക്കത്തിലൂടെ അദ്ദേഹം സിനിമയിലെത്തി. പ്രാധാന്യം കുറവായിരുന്നുവെങ്കിലും തന്റെ കഥാപാത്രത്തോട് അദ്ദേഹം നീതി പുലർത്തി. ഈ സിനിമ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ നേടി. ബക്കർ തുടർന്നെടുത്ത സംഘഗാനത്തിൽ നായകനുമായി. പിന്നീട് കലാമൂല്യമുള്ള അനവധി സിനിമകൾ ചെയ്തെങ്കിലും പൂച്ചയ്ക്കൊരു മൂക്കുത്തി പോലെയുള്ള പക്കാ കൊമേഴ്സ്യൽ സിനിമകളാണ് ശ്രീനിവാസനെ പരിചിതമുഖമാക്കി മാറ്റിയത്. പ്രസ്തുത ചിത്രം സംവിധാനം ചെയ്ത പ്രിയദർശന്റെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അക്കാലത്ത് പ്രേക്ഷകരുടെ ഇടയിൽ പ്രിയദർശൻ സിനിമകൾ സൃഷ്ടിച്ച ഓളം ചെറുതല്ല.
പ്രിയദർശൻ- ശ്രീനി കോമ്പോ
അതുവരെ സീരിയസായിരുന്ന മലയാളം സിനിമയെ ഹാസ്യത്തിന്റെ ലോകത്തേക്ക് പ്രിയദർശൻ കൂട്ടിക്കൊണ്ടുപോയി. പ്രിയദർശന്റെ അന്നത്തെ മിക്ക സിനിമകളുമെഴുതിയത് ശ്രീനിവാസനായിരുന്നു. ആ സിനിമകളെല്ലാം തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ചു. ഇവയിൽ പലതിലും അദ്ദേഹം അഭിനയിച്ചു. മോഹൻലാൽ കൂടി ഒപ്പമുണ്ടെങ്കിൽ പ്രേക്ഷകർക്ക് മറ്റൊന്നും വേണ്ട. അക്കാലത്തെയെന്നു മാത്രമല്ല എന്നത്തേയും ഹിറ്റ് നായക ജോഡികളായിരുന്നു മോഹൻലാലും ശ്രീനിവാസനും. പ്രിയദർശനും സത്യൻ അന്തിക്കാടും കമലും സിബിമലയിലുമടക്കമുള്ള സംവിധായകർ ഈ കൂട്ടുകെട്ടിനെ നന്നായി വിനിയോഗിച്ചു. ശ്രീനിവാസൻ ആദ്യമായി എഴുതിയ തിരക്കഥ ഓടരുതമ്മാവാ ആളറിയാം ആയിരുന്നു.കഥ പ്രിയദർശന്റേതും. .അരം പ്ലസ് അരം കിന്നരം , , വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ഇവയെല്ലാം അതിൽ ചിലതു മാത്രം. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ നയവഞ്ചകനായ പ്രതിനായക കഥാപാത്രത്തെ മാത്രം ഓർമ്മിച്ചാൽ മതി ശ്രീനിവാസന്റെ അഭിനയ മികവ് എത്രത്തോളമുണ്ടായിരുന്നു എന്ന് മനസിലാക്കാൻ.
സത്യന്റെ ശ്രീ
പ്രിയദർശനെപ്പോലെ തന്നെ ശ്രീനിവാസന്റെ മികവ് ശരിക്കും തിരിച്ചറിഞ്ഞ സംവിധായകനാണ് സത്യൻ അന്തിക്കാട്. മുത്താരം കുന്ന് പി.ഒ കണ്ടപ്പോഴാണ് ശ്രീനിവാസനിൽ ഒരു നല്ല എഴുത്തുകാരനുണ്ടെന്ന് മനസിലായതെന്ന് സത്യൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടുപേരുടേയും കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ ഭൂരിഭാഗവും വൻ വിജയങ്ങളായിരുന്നു. 1987ൽ ഇറങ്ങിയ 'ടി.പി.ബാലഗോപാലൻ എം.എ" മുതൽ 2018ൽ ഇറങ്ങിയ 'ഞാൻ പ്രകാശൻ" വരെ 16ഓളം സിനിമകൾ. അന്തിക്കാടിന്റെ 'മകൾ"ൽ ശ്രീനിവാസനായി തന്നെ അദ്ദേഹം അഭിനയിച്ചു.
മലയാള ചലച്ചിത്ര ലോകം ഒരു കാലത്തും വിസ്മരിക്കാൻ ഇഷ്ടപ്പെടാത്ത പല സൃഷ്ടികളും സത്യൻ- ശ്രീ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. കുറ്റാന്വേഷകരായ ദാസന്റേയും വിജയന്റേയും കഥ പറഞ്ഞ നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ തുടർച്ചിത്രങ്ങൾ മറക്കാൻ ഏതു മലയാളിക്കാണ് സാധിക്കുക. 'സാധനം കൈയ്യിലുണ്ടോ?" 'പവനായി ശവമായി" എന്നിങ്ങനെ പ്രസ്തുത ചിത്രങ്ങളിലെ പല ഡയലോഗുകളും ഇന്നും ജനമനസുകളിൽ മായാതെ നിൽപ്പുണ്ട്. ആരും തലയറിഞ്ഞ് ചിരിച്ചു പോകുന്ന കഥാഗതിയായിരുന്നു ഈ ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. അതെഴുതി ഫലിപ്പിക്കുക മാത്രമല്ല വിജയൻ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ ശ്രീനിവാസൻ അവതരിപ്പിക്കുകയും ചെയ്തു.
ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ചിത്രമായിരുന്നു 1991ൽ ഇറങ്ങിയ സന്ദേശം. മലയാളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിരുന്നു ഈ ചിത്രം. സന്ദേശത്തിലേയും പല സംഭാഷണങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറി. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്" എന്ന ഒരൊറ്റ ഡയലോഗ് മതി കൊച്ചുകുട്ടികൾക്ക് പോലും ചിത്രം ഏതെന്ന് മനസിലാകാൻ. വളരെ സങ്കീർണമായ ഒരു വിഷയത്തെ ഹാസ്യം നിറച്ച് കാലാതിവർത്തിയായ കലാസൃഷ്ടിയാക്കി മാറ്റി ശ്രീനിവാസൻ. തിയേറ്ററിൽ അന്ന് വലിയ സാമ്പത്തിക വിജയമായില്ലെങ്കിലും നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രമായിരുന്നു സന്ദേശം. ട്രോളുകളുടെ കാലമെത്തിയതോടെ സന്ദേശത്തിലെ പല ഡയലോഗുകളും പുതുതലമുറയ്ക്ക് പ്രിയപ്പെട്ടതായി. സന്ദേശം മാത്രമല്ല ഒട്ടുമിക്ക ശ്രീനിവാസൻ ചിത്രങ്ങളിലെ ഡയലോഗുകളും ട്രോളന്മാരുടെ ഇഷ്ട വിഷയമാണ്.
ഒരിക്കലും മറക്കില്ല ദിനേശനെയും വിജയനേയും
സ്വന്തം തിരക്കഥകളിൽ മാത്രമല്ല, മറ്റുള്ളവരുടെ സിനിമകളിലും അദ്ദേഹം അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ രവി വർമ്മ, ആത്മകഥയിലെ കൊച്ചുബേബി, അറബിക്കഥയിലെ ക്യൂബ മുകുന്ദൻ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ അഭിനയ മികവ് കൂടിയായപ്പോൾ അവ നിരൂപക പ്രശംസയും സാമ്പത്തിക വിജയവും കൈവരിച്ചു. സംശയരോഗിയായ ഭർത്താക്കന്മാരുടെ പ്രതിരൂപമായിരുന്നു വടക്കുനോക്കി യന്ത്രത്തിലെ 'തളത്തിൽ ദിനേശൻ" എന്ന കഥാപാത്രം. ചിന്താവിഷ്ടയായ ശ്യാമളയിലെ കടമകൾ മറന്ന് അലസനായി നടക്കുന്ന വിജയനും ശ്രീനിവാസന്റെ കൈകളിൽ ഭദ്രമായിരുന്നു. അതുപോലെ തന്നെ എക്കാലവും ഓർമ്മിക്കപ്പെടുന്ന കഥാപാത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരത്തിലെ പൊങ്ങച്ചക്കാരനും വിഡ്ഢിയുമായ സരോജ്കുമാർ എന്ന സൂപ്പർ താരം. പിന്നീട് പദ്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ എന്ന ചിത്രത്തിൽ ഇതേ കഥാപാത്രമായി ശ്രീനിവാസൻ വീണ്ടുമെത്തി. ഇറങ്ങിയ മിക്ക സിനിമകളും പരാജയം രുചിച്ച 2012ൽ പ്രസ്തുത ചിത്രം വൻ വിജയം നേടി.
അരവിന്ദന്റെ അതിഥികളിലൂടെ റീ എൻട്രി
ഇടക്കാലത്ത് ശാരീരിക വൈഷമ്യങ്ങൾ വല്ലാതെ അലട്ടിയതോടെ സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നെങ്കിലും 'അരവിന്ദന്റെ അതിഥികൾ" എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരിച്ചുവരവ് ഗംഭീരമാക്കി. മകൻ വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിലെ നായകൻ. പുള്ളക്കുട്ടിക്കാരൻ, ലേസാ ലേസാ എന്നീ രണ്ട് തമിഴ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഹിന്ദിയിലടക്കം പല ഭാഷകളിലേക്കും ശ്രീനിവാസൻ ചിത്രങ്ങൾ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ തിരക്കഥകൾക്ക് അനവധി തവണ അദ്ദേഹം സംസ്ഥാന പുരസ്കാരം നേടി. ചിന്താവിഷ്ടയായ ശ്യാമളക്ക് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന് നമ്മൾ അർഹിക്കുന്ന വില നൽകിയോ എന്ന് ആലോചിക്കേണ്ടതുണ്ട്. തകരച്ചെണ്ട എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച പ്രത്യേക ജൂറി പരാമർശം മാത്രമാണ് നടനെന്ന നിലയിൽ ശ്രീനിവാസന് ലഭിച്ച ഏക ആദരം. ആദ്യ കാലത്ത് മമ്മൂട്ടിയും നെടുമുടി വേണുവുമുൾപ്പെടെയുള്ള നടന്മാർക്ക് ശ്രീനിവാസൻ ശബ്ദം നൽകിയിട്ടുണ്ട്. അധികമാർക്കുമറിയാത്ത വിഷയമാണിത്.
നിർമ്മാതാവും ഗായകനും
കഥപറയുമ്പോൾ, വിനീത് സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്നീ രണ്ട് ചിത്രങ്ങൾ നടൻ മുകേഷുമായി ചേർന്ന് അദ്ദേഹം നിർമ്മിച്ചിരുന്നു. രണ്ടു ചിത്രങ്ങളും വൻ വിജയമായി. 2017ൽ ഇറങ്ങിയ അയാൾ ശശി എന്ന ചിത്രത്തിലൂടെ ഗായകനുമായി.
അച്ഛന്റെ പാതയിൽ മക്കളും
അച്ഛന്റെ പാത പിന്തുടർന്ന മക്കളും സിനിമയിൽ മിന്നും താരങ്ങളാണ്. മൂത്തമകൻ വിനീത് ശ്രീനിവാസൻ നടനും എഴുത്തുകാരനും സംവിധായകനും മികച്ച ഗായകനുമാണ്. വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്ട്സ് ക്ലബ്ബിലും ഇളയമകനും നടനുമായ ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലും ശ്രീനിവാസൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ശ്രീനിവാസനെന്ന സൂപ്പർ ആക്ടർ
സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് ശ്രീനിവാസൻ. സൂപ്പർ താരമായിരുന്നില്ല, മറിച്ച് സൂപ്പർ ആക്ടറായിരുന്നു അദ്ദേഹം. കഥപറയുമ്പോളിലെ ബാലനും പാവം പാവം രാജകുമാരനിലെ ഗോപാലകൃഷ്ണനും തേന്മാവിൻ കൊമ്പത്തിലെ അപ്പക്കാളയുമെല്ലാം അതിന് ഉത്തമ ഉദാഹരണങ്ങളാണ്.
വ്യക്തമായ കാഴ്ചപാടുള്ള മനുഷ്യൻ
പല സാമൂഹിക വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അവയവദാനത്തെ വിമർശിച്ച് അദ്ദേഹം പൊതുവേദിയിൽ പ്രസംഗിച്ചപ്പോൾ പലരും നെറ്റിച്ചുളിച്ചു. തന്റെ അഭിപ്രായം എവിടേയും ആരോടും തുറന്നു പറയാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. മികച്ച എഴുത്തുകാർ ഒരുപാടുണ്ട് മലയാള സിനിമാ ലോകത്ത്. എന്നാൽ ശ്രീനിവാസനെ പോലെ ഒരാളെ ഇനി ലഭിക്കുമോ എന്ന് സംശയമാണ്. നായക വേഷങ്ങളിൽ മാത്രം കടിച്ചു തൂങ്ങണമെന്ന നിർബന്ധവും ശ്രീനിവാസനില്ലായിരുന്നു. തനിക്ക് യോജിച്ച എല്ലാത്തരം വേഷങ്ങളും അദ്ദേഹം സ്വീകരിച്ചു. ആവർത്തനമാണെങ്കിലും പറയാതെ വയ്യ, ശ്രീനിവാസന്റെ വേർപാട് മലയാള ചലച്ചിത്ര ലോകത്തിന് കനത്ത നഷ്ടമാണ്. കാലയവനികയിൽ മറഞ്ഞുവെന്നാലും തന്റെ തൂലികയിലൂടെ വിരിഞ്ഞ സിനിമകളിലൂടെയും അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും ശ്രീനിവാസൻ എന്നും ഓർമ്മിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |