കൊച്ചി: 'ഉദയനാണ് താരം" ചിത്രത്തിന്റെ ഇൻട്രോ സീൻ. സ്ക്രീനിൽ ശ്രീനിവാസൻ മാത്രം. ഇത് സിനിമയെ സംബന്ധിച്ച സിനിമയാണ്... എന്ന വിവരണമാണ് അദ്ദേഹം പറയുന്നത്. ''മുഖത്തിത്ര അഹങ്കാരം വേണ്ട, പ്രേക്ഷകരോട് സംസാരിക്കുമ്പോൾ വിനയം വേണം,"" സംവിധായകന്റേതെന്ന് സൂചിപ്പിക്കുന്ന അശരീരി പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ട്. എല്ലാ താരങ്ങൾക്കും മുന്നറിയിപ്പുപോലെ.
സിനിമയ്‌ക്കുള്ളിലെ സിനിമ പരാമർശിക്കുന്ന 'അഴകിയ രാവണ"ന് തിരക്കഥ രചിച്ചതും ശ്രീനിവാസൻ തന്നെ. നിർമ്മാതാവായ പൊങ്ങച്ചക്കാരൻ ശങ്കർദാസിനോട് 'മൊട" കാണിക്കുന്ന നടൻ ജഗദീഷിന്റെ രംഗമുണ്ടിതിൽ. 'അഹങ്കാരികളെ അപ്പപ്പോൾ പുറത്താക്കണ"മെന്നാണ് കൈയാളായി നിൽക്കുന്ന അംബുജാക്ഷൻ അപ്പോൾ പറയുന്നത്.
സിനിമാ മേഖലയിലെ ജാഡകളെയും ചതിക്കുഴികളെയും തുറന്നുകാട്ടാനും തന്റെ തിരക്കഥകളെ ശ്രീനി ഉപയോഗിച്ചു. 'ഉദയനി"ലെ പല രംഗങ്ങളും, സിനിമയിലെ ഉള്ളുകള്ളികൾ അടുത്തറിയാത്ത പ്രേക്ഷകർക്ക് കൗതുകമായി.
അഴകിയ രാവണനായ പ്രൊഡ്യൂസർ ഒരു ഘട്ടത്തിൽ കഥ പറയാൻ ഒരുങ്ങുന്നത് ഇതിലുണ്ട്. പുത്തൻകൂറ്റുകാരായ നിർമ്മാതാക്കൾക്ക് സിനിമാ സെറ്റുകളിൽ നിലയും വിലയുമില്ലെന്ന സൂചനയുണ്ട്. 'അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ..." സിനിമയിലെ ക്ലീഷേയായ ഇന്റർകട്ട് സീനുകളെ ലളിതമായി പൊളിച്ചടക്കുന്നുമുണ്ട്. ചിത്രീകരണത്തിന് പിന്നിലെ കഷ്ടപ്പാടുകളും സിനിമയിൽ കാണിക്കുന്നു.
ഉദയനാണ് താരത്തിൽ ശ്രീനിവാസൻ അഭിനയിച്ച സൂപ്പർ സ്റ്റാർ സരോജ്‌കുമാർ എന്ന രാജപ്പൻ പൊറോട്ടയും പപ്പടവും കയറ്റുമതി ചെയ്യാനുള്ള ബിസിനസിൽ നിക്ഷേപിച്ചാണ് പാപ്പരാകുന്നത്. ഒപ്പം ധൂർത്തടിയും. സിനിമയിൽ നടക്കുന്നതിനെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു പ്രിയ തിരക്കഥാകാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |