
തിരുവനന്തപുരം: കലോത്സവത്തിനൊപ്പം ഇക്കുറി ഉത്തരവാദിത്ത പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലക്ഷ്യം കുട്ടികളെ പ്രാപ്തിയും ഉത്തരവാദിത്തവുമുള്ള പൗരന്മാരാക്കുക എന്നത് കൂടിയാണ്. ഈയൊരു കാഴ്ചപ്പാടാണ് കലോത്സവത്തെ 'ഉത്തരവാദിത്വമുള്ള ഉത്സവം' എന്ന ആശയത്തിലേക്കെത്തിച്ചത്.
മത്സരവേദി മുതൽ ഭക്ഷണശാല വരെയും മത്സരം മുതൽ പെരുമാറ്റം വരെയും ഉത്തരവാദിത്തബോധം പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് ഇത്തവണ നടപ്പിലാക്കുന്നത്.
വിദ്യാർത്ഥി-പരിസ്ഥിതി സൗഹൃദ കലോത്സവം തോൽവിയെ സംയമനത്തോടെ സ്വീകരിക്കാനും സഹപാഠിയുടെ വിജയത്തിൽ സന്തോഷിക്കാനും കഴിയുക എന്ന സന്ദേശം പകരുന്നു.
ശബ്ദ സംവിധാനങ്ങൾ വേദിയിൽ മാത്രമായി നിയന്ത്രിക്കും. പൊതു ശല്യമാകാതിരിക്കാനും അമിത ശബ്ദം കുട്ടികളുടെ കേൾവിശക്തിയെ ബാധിക്കാതിരിക്കാനും ഇത് സഹായിക്കും.
അമിത മധുരം, എണ്ണ, ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായി ഒഴിവാക്കി, നാട്ടിൻപുറത്തെ തനത് ഭക്ഷണരീതി നടപ്പിലാക്കും.
പ്ലാസ്റ്റിക് കുപ്പികൾ, അലങ്കാരങ്ങൾ എന്നിവയ്ക്ക് കർശന വിലക്കുണ്ട്. സ്വന്തം വെള്ളക്കുപ്പി കൊണ്ടുവരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ഡിജിറ്റൽ അടിമത്തത്തിന് എതിരായ ബോധവത്കരണവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |