
കൊച്ചി: പ്രിയ സുഹൃത്ത് ശ്രീനിയില്ലാത്ത പാലാഴി വീട്ടിലേക്ക് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇന്നലെ രാത്രി എത്തി. ഏറെ അടുപ്പം പുലർത്തിയവരാണ് ഇരുവരും. കഴിഞ്ഞ മാസം കണ്ടനാട്ട് വീട്ടിൽ വരാമെന്ന് അറിയിച്ചെങ്കിലും സാധിച്ചില്ല. അതിൽ വല്ലാത്ത ദുഃഖമുണ്ടന്നും പന്ന്യൻ പറഞ്ഞു.
ഇന്നലെ പന്ന്യൻ രവീന്ദ്രന്റെ 80-ാം പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷം പതിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ കണ്ണൂരിൽ ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ശ്രീനിയുടെ വീട് സന്ദർശിച്ചു. തുടർന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും പന്ന്യൻ അറിയിച്ചു.
പലപ്പോഴും ഇണക്കങ്ങളും പിണക്കങ്ങളും പതിവായിരുന്നു. തന്റെ രണ്ട് മക്കളുടെ വിവാഹം ഒരുമിച്ച് നടത്തിയപ്പോൾ ക്ഷണിക്കാൻ വിട്ടുപോയി. അതിന് വിളിച്ചു വഴക്കിട്ടു. ഇനി മിണ്ടില്ലെന്നും പറഞ്ഞു. ആറ് വർഷം മുമ്പ് തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ തോപ്പിൽ ഭാസി അവാർഡ് വിവരം അറിയിക്കാൻ വിളിച്ചപ്പോൾ പണം പിരിച്ച് നൽകുന്നതാണോ എന്നായിരുന്നു ശ്രീനിയുടെ ചോദ്യം. അവാർഡ് ഫണ്ടിന്റെ പലിശകൊണ്ടാണെന്ന് പറഞ്ഞപ്പോഴാണ് സ്വീകരിക്കാമെന്നായത്. 33,333 രൂപയുടെ അവാർഡ് വാങ്ങി ചെന്നൈയിലേക്ക് മടങ്ങവേ യാത്രപ്പടി കൊടുക്കാൻ തുനിഞ്ഞപ്പോൾ വാങ്ങിയില്ല. അതിന് പിരിവ് വേണ്ടിവരില്ലേ, വേണ്ടെന്നായിരുന്നു മറുപടി.
ഇന്നലെയും പ്രമുഖരുൾപ്പെടെ നിരവധിപ്പേർ പാലാഴി വീട്ടിലെത്തി. പലരും ചിതയ്ക്കരികിൽ നിന്ന് പ്രാർത്ഥിച്ച് മടങ്ങി. മുൻമന്ത്രി ഷിബു ബേബി ജോൺ,ഷാഫി പറമ്പിൽ എം.പി എന്നിവർ വീട് സന്ദർശിച്ചു. സഞ്ചയനം 26ന് നടക്കും. മൂന്ന് നദികളിൽ അസ്ഥി നിമജ്ജനം നടത്തും. സപിണ്ഡി അടിയന്തരത്തിന് പകരം 41നാണ് ചടങ്ങുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |