മാന്നാര്‍: ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിയതിന് നല്‍കിയ പരാതിയില്‍ മണിക്കൂറുകള്‍ക്കകം ആളിനെ പിടികൂടിയ മാന്നാര്‍ പൊലീസിന് നന്ദി അറിയിച്ചുകൊണ്ട് സാമൂഹ്യമീഡിയയില്‍ പോസ്റ്റുചെയ്ത യുവതിയുടെ വീഡിയോ വൈറലാകുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ബുധനൂര്‍ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം സ്വദേശിനി അശ്വതി കമലിന്റെ വീഡിയോയാണ് തരംഗമായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന്റെ തുടക്കം. രാത്രി 11ന് യുവതിയുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നു. ആദ്യം കോള്‍ എടുത്തില്ല. എന്നാല്‍,? 10 മിനിറ്റിനുള്ളില്‍ വീണ്ടും അതേ നമ്പറില്‍ നിന്ന് കോള്‍ വന്നതോടെ അറ്റന്‍ഡ് ചെയ്തു. കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള അസഭ്യവര്‍ഷമാണ് മറുതലയ്ക്കല്‍ നിന്ന് പിന്നീട് കേട്ടത്. ട്രൂകോളര്‍ മുഖേന വാട്‌സ് ആപ്പില്‍ നിന്ന് കണ്ടെടുത്ത പ്രതിയുടെ ഫോട്ടോ സഹിതം പിറ്റേന്ന് യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സൈബര്‍ പൊലീസിന് പരാതി നല്‍കി. വള്ളികുന്നം സ്വദേശിയെ തിരിച്ചറിയുകയും ചെയ്തു.
ശനിയാഴ്ച രാത്രിയും കോള്‍ തുടര്‍ന്നതോടെ യുവതി മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി കൈമാറി. തുടര്‍ന്ന് മാന്നാര്‍ പൊലീസ് എസ്.എച്ച്.ഒ ഡി.രജീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ശരത് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കരുനാഗപ്പള്ളി കാലശേഖരപുരത്ത് നിന്ന് വള്ളികുന്നം സ്വദേശിയായ ജയനെ (49) പൊലീസ് പിടികൂടി നടപടി സ്വീകരിച്ചു.
പരാതി കൊടുത്ത് ഒന്നര മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയതായി പൊലീസ് യുവതിയെ ഫോണില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ അശ്വതി മാന്നാര്‍ പൊലീസിന് നന്ദി അറിയിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്തരം ദുരനുഭവം ഉണ്ടായാല്‍ അത് എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്ത് ഇങ്ങനെയുള്ളവര്‍ക്കെതിരെ നടപടി സ്വീകകരിക്കുകയാണ് വേണ്ടതെന്ന ഉപദേശവും അശ്വതി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |