
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം കണ്ടെത്തി വീഴ്ചകൾ പരിഹരിച്ച് നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കാൻ സി.പി.എം. ഇതുമായി ബന്ധപ്പെട്ട് 22 ചോദ്യങ്ങൾക്ക് ഏരിയ കമ്മിറ്റികളോട് ഉത്തരം തേടിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിച്ച ദൗർബല്യങ്ങളും സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചയുമടക്കം വിശദമായി എഴുതി ജില്ലാകമ്മിറ്റിക്ക് കൈമാറാനാണ് നിർദ്ദേശം. ജില്ലാ കമ്മിറ്റികൾ ഇത് സമാഹരിച്ച് സംസ്ഥാന നേതൃത്വത്തിന് നൽകണം.
സർക്കാരിന്റെ മൂന്നാംടേം ഉറപ്പാക്കുന്നതിനായി വീഴ്ചകൾ പരിഹരിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെയുള്ളവർ മത്സരിച്ചിരുന്നു. പരാജയപ്പെട്ടവർക്ക് സ്ഥാനം ഉടൻ തിരിച്ചു നൽകേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
ഏരിയാ കമ്മിറ്റികൾക്കുള്ള ചോദ്യാവലി
1.ഏരിയയിൽ നടത്തിയ തയ്യാറെടുപ്പുകൾ
2.വോട്ടർപ്പട്ടികയിൽ പേരുചേർത്ത പ്രവർത്തനം
3.ബൂത്ത്/ വാർഡ് ശില്പശാല പരിശോധന
4.ലഭിക്കുമെന്ന് കരുതിയ എത്ര വോട്ടുകൾ ഓരോ തദ്ദേശതലത്തിലും പോൾ ചെയ്യാതെ പോയി
5.വാർഡുകളിൽ നവമാദ്ധ്യമരംഗത്ത് എത്ര ഗ്രൂപ്പുകൾ രൂപീകരിച്ചു. നടത്തിയ പ്രവർത്തനങ്ങൾ
6.സ്‌പെഷ്യൽ ക്യാമ്പയിന്റെ ഭാഗമായി എത്ര പത്രം ചേർത്തു
7.വിശദമായ തിരഞ്ഞെടുപ്പു ഫല അവലോകനം
8.കഴിഞ്ഞ തിരഞ്ഞെടുപ്പുമായുള്ള താരതമ്യം
9.യു.ഡി.എഫിന്റെ പ്രവർത്തനം
10.ബി.ജെ.പിയുടെ നില
11.എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടിയുടെ പ്രവർത്തനം
12.ഏരിയയിൽ സ്വാധീനിച്ച ഘടകങ്ങൾ
13.പാർട്ടിയുടെ ദൗർബല്യങ്ങൾ എന്തെല്ലാമായിരുന്നു
14.സർക്കാരിന്റെ നവംബർ പ്രഖ്യാപനവുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരണമെന്ന പാർട്ടി തീരുമാനം എത്രത്തോളം നടപ്പിലായി
15.വർഗ, ബഹുജന സംഘടനാ സ്‌ക്വാഡുകളുടെ പ്രവർത്തനം
16.പോളിംഗ് സ്‌ക്വാഡുകളുടെ രൂപീകരണവും പ്രവർത്തനവും
17.പോളിംഗിന് ശേഷമുള്ള വിലയിരുത്തലും ഫലവും തമ്മിലുള്ള താരതമ്യം
18.വോട്ടിംഗ് രംഗത്തെ പ്രവണത
19.യുവജനങ്ങളുടെ പ്രവർത്തനങ്ങളിലെ പങ്കാളിത്തം
20.സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നടപടി വേണ്ടി വന്നിട്ടുണ്ടോ. പൊതുസ്വീകാര്യരായ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പോരായ്മ ഉണ്ടായോ
21.മുന്നണിയുടെ പ്രവർത്തനം
22.തദ്ദേശ സ്ഥാപനങ്ങളിലെ സബ്കമ്മിറ്റികളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുവിലയിരുത്തൽ. ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി പ്രത്യേക വിലയിരുത്തൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |