
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തയാക്കിയ നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ(22) ആരോഗ്യനില തൃപ്‌തികരം. അപകടസാദ്ധ്യതകൾ തരണം ചെയ്‌തെന്നും മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും ഡോക്‌ടർമാർ പറയുന്നു. നിലവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് ദുർഗ. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറൽ ആശുപത്രിയിൽ ദുർഗ ചികിത്സയിലാണ്. ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരൻ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. ആദ്യം ലക്‌നൗവിലെ ആശുപത്രിയിലും പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിലും ചികിത്സ തേടിയിരുന്നു. കേരളത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് ദുർഗ കൊച്ചിയിലെത്തിയത്. ഇതിനിടയിൽ പല തവണ രോഗം മൂർച്ചിച്ചിരുന്നു. നിരവധി നിയമകടമ്പകൾ പിന്നിട്ടാണ് ദുർഗയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ദുർഗയ്‌ക്ക് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ എയർ ആംബുലൻസ് ഇറക്കിയാണ് ഹൃദയം എറണാകുളത്ത് എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |