
മുംബയ്: ട്വന്റി-20 ലോകകപ്പ് ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ അവസാന നിമിഷം ഒഴിവാക്കിയതിനെതിരെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓപ്പണിംഗിനായി ഒട്ടേറെ ബാറ്റർമാരുണ്ടായിട്ടും ഗില്ലിനെ ഓപ്പണറാക്കിയതിലൂടെ സെലക്ടർമാർ വലിയ തെറ്റാണ് ചെയ്തതെന്ന് മുഹമ്മദ് കൈഫ് തുറന്നടിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിൽ ഓപ്പറണറായി ഇറങ്ങിയ ഗിൽ റൺസ് കണ്ടെത്തുന്നതിൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ മത്സരങ്ങൾക്ക് ശേഷമാണ് ഗില്ലിനെ ട്വന്റി-20 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയത്.
'ഞാൻ ട്വന്റി-20 ഫോർമാറ്റിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗില്ലിനെക്കാൾ മികച്ച താരങ്ങളുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. അപ്പോൾ അത് സെലക്ടർമാരുടെ തെറ്റായിരുന്നു. അവരുടെ തെറ്റുകൊണ്ട് ഇന്ത്യൻ ടീം പിന്നോട്ടുപോയി. കഴിഞ്ഞ രണ്ട് മൂന്നുമാസം നിങ്ങൾക്ക് ജയ്സ്വാൾ, സഞ്ജു സാംസൺ, ജിതേഷ് ശർമ്മ എന്നിവയിൽ നിക്ഷേപിക്കാമായിരുന്നു. അതുപോലെ തന്നെ അക്സർ പട്ടേലിനെ മാറ്റി ഗില്ലിനെ വൈസ് ക്യാപ്ടനാക്കിയതും സെലക്ടർമാരുടെ പിഴവായിരുന്നു. വൈസ് ക്യാപ്ടനായി തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ലോകകപ്പിന് മുമ്പ് കൂടുതൽ മെച്ചപ്പെടാമായിരുന്നു.
ടീം ഇപ്പോഴും ശക്തമാണ്, അതിൽ സംശയമില്ല. എന്നാൽ വൈസ് ക്യാപ്ടനായി അക്സർ തുടർന്നിരുന്നെങ്കിൽ, അദ്ദേഹം ടീം മീറ്റിംഗിന്റെ ഭാഗമാകുമായിരുന്നു. ലോകകപ്പിനിടെ സൂര്യയ്ക്ക് പരിക്കേറ്റു എന്ന് കരുതുക. അക്സറിന് ആ രണ്ട് മൂന്ന് മാസം വൈസ് ക്യാപ്ടനായിരുന്നെങ്കിൽ അദ്ദേഹത്തിന് തന്റെ ടീമിനെയും കളിക്കാരെയും കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുമായിരുന്നു. അതിനാൽ ആ അവസരം അദ്ദേഹത്തിൽ നിന്ന് നഷ്ടപ്പെട്ടു.'- കൈഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |