
ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് അമ്പതു ശതമാനം തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ നമ്മുടെ രാജ്യം പല വഴികൾ തേടിയിരുന്നു. ഒരു വഴി അടയുമ്പോൾ ഒൻപതു വഴികൾ തുറക്കും എന്ന ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട്, സ്വതന്ത്ര വിദേശ വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടുക എന്നതാണ് ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ പ്രധാനമായി അവലംബിച്ച ഒരു മാർഗം. അമേരിക്കയുടെ വാങ്ങൽ ശേഷി ഇല്ലെങ്കിലും ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടുന്ന വിദേശ രാജ്യങ്ങളുടെ എണ്ണവും കയറ്റി അയയ്ക്കുന്ന സാധനങ്ങളുടെ അളവും വർദ്ധിച്ചാൽ അമേരിക്കൻ തീരുമാനത്തിന്റെ ആഘാതം തടയാനാവുമെന്ന് അന്നുതന്നെ സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നതാണ്.
ഇതിന്റെ ഭാഗമായി ഇന്ത്യ പല വിദേശ രാജ്യങ്ങളുമായും വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയായിരുന്നു. ഇതിൽ ഇന്ത്യയ്ക്ക് ഏറ്റവും വലിയ നേട്ടം സമ്മാനിക്കുന്നതാണ് ഇന്ത്യ - ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകാനായത്. ഏഴ് മുതൽ എട്ടു മാസത്തിനികം കരാർ ഒപ്പിടാനാണ് തീരുമാനം. കരാർ അന്തിമമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു.
കരാർ നിലവിൽ വരുന്ന ദിവസം മുതൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉത്‌പന്നത്തിനും ന്യൂസിലൻഡ് തീരുവ ചുമത്തില്ല. മാത്രമല്ല, നിലവിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാക്കി, അഞ്ച് ബില്യൺ ഡോളറിന്റേതായി ഉയർത്താനും തീരുമാനമായി.
ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് താത്‌കാലിക വിസ നൽകുന്നതും കരാറിന്റെ ഭാഗമായി ന്യൂസിലൻഡ് നടപ്പാക്കും. പ്രതിവർഷം 5000 വിസകളാവും തുടക്കത്തിൽ അനുവദിക്കുക. തീരുവ ഉയർത്തലും വിസ തടയലും മറ്റു രാജ്യങ്ങൾക്കെതിരെ പ്രധാന ആയുധങ്ങളായി ട്രംപ് ഉപയോഗിക്കവെ, അതിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ചർച്ചയിൽ അന്തിമ രൂപം നൽകാനിടയായ നടപടി. നിലവിൽ 8284 ഇനങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിലേക്ക് കയറ്റി അയയ്ക്കുന്നത്. അടുത്ത വർഷം കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഈ ഉത്‌പന്നങ്ങൾക്കു മേൽ ന്യൂസിലൻഡ് ചുമത്തിയിരുന്ന 2.2 ശതമാനം മുതൽ 10 ശതമാനം വരെയുള്ള ഇറക്കുമതി ചുങ്കം പൂർണമായി ഇല്ലാതാവും. ഇതാകട്ടെ വില കുറയാനും, അതുവഴി വില്പനയുടെ തോത് വർദ്ധിക്കാനും ഇടയാക്കുകയും ചെയ്യും.
സ്വതന്ത്ര വാണിജ്യ കരാറിന്റെ ഭാഗമായി ന്യൂസിലൻഡിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന 95 ശതമാനം ഉത്‌പന്നങ്ങൾക്കും എഴുപത് ശതമാനം നികുതി ഇളവ് നൽകും. ഇന്ത്യയിലെ കർഷകരുടെ താത്‌പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്ഷീര ഉത്‌പന്നങ്ങൾ, സവാള, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണ, റബർ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നൽകില്ല. അടുത്ത 15 വർഷത്തിനിടയിൽ ന്യൂസിലൻഡിൽ നിന്ന് 2000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം, ന്യൂസിലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 20 മുതൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻ അവസരം തുടങ്ങിയവ ഈ കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടങ്ങളാണ്. ഇന്ത്യയുമായി ഇങ്ങനെ നികുതിരഹിത കരാറിന് കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നതോടെ ട്രംപിന്റെ തീരുവ യുദ്ധം ഉണ്ടയില്ലാ വെടിയായി മാറാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |