
കടുവകൾക്കിത് പ്രജനന കാലം. മനുഷ്യർക്ക് ദുരിതവും. വയനാട്ടിൽ ഇപ്പോൾ നടക്കുന്നത് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള ഒരു സമരമാണ്. നിലനിൽപ്പിന്റെ സമരം. ഇവിടെ ഇങ്ങനെയൊന്നും ആയിരുന്നില്ല.തിരുവിതാംകൂറിൽ നിന്ന് 1935- 40 കാലഘട്ടത്തിൽ വയനാട്ടിലേക്ക് കുടിയേറിപ്പാർത്തവരുടെ തലമുറകൾ വസിക്കുന്ന ഇടമാണിത്. ഒരു അവിയൽ സംസ്ക്കാരത്തിന്റെ സംഗമ ഭൂമി. ഇവിടെ അങ്ങനെയാണ്. കാടും മേടും വെട്ടി വെളുപ്പിച്ച് മരം കോച്ചുന്ന തണുപ്പിനെയും മലമ്പനിയെയും അവഗണിച്ച് ഇവിടെ ഒരു നല്ല കാർഷിക സംസ്ക്കാര ഭൂമികയാക്കി മാറ്റാൻ കുടിയേറ്റ ജനത വഹിച്ച പങ്ക് ചെറുതല്ല. അവരെ സഹായിക്കാൻ കാടിന്റെ മക്കളും ഒപ്പം ചേർന്നു. ഇത് ചരിത്രം. കാടിന്റെ മക്കൾ കാട്ടിൽ വന്യമൃഗങ്ങൾക്കൊപ്പം കഴിഞ്ഞ് വന്നവർ. അവർക്ക് കാടിന്റെ മർമ്മം അറിയാം. വനത്തെയും വന്യമൃഗങ്ങളെയും ജീവന് തുല്യം സ്നേഹിച്ചവർ. കാടും വന്യമൃഗങ്ങളും ഇല്ലെങ്കിൽ ശ്വാസം നിലച്ചത് പോലെയുളള അവസ്ഥയായിരിക്കുമെന്ന് മറ്റാരും പറഞ്ഞ് കൊടുക്കാതെ തന്നെ ആദിവാസികൾക്ക് നല്ലത് പോലെ അറിയാം. വനം വകുപ്പുകാർ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് കാട്ടുവാസികളായ ആദിവാസികളിൽ നിന്നാണ്. അതും മറ്റൊരു ചരിത്രം. അങ്ങനെയുളള വയനാട്ടിൽ ഇന്ന് കാടിന്റെ മക്കളായ ആദിവാസികളുടെ ജീവിതം പോലും വന്യമൃഗങ്ങൾ കവർന്നെടുക്കുന്ന വിവരങ്ങളാണ് ഓരോ പുലരി പിറക്കുമ്പോഴും നാം കേൾക്കുന്നത്. ഇതേവരെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെയാണ് വന്യമൃഗങ്ങൾ ആക്രമിക്കാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ വനത്തിൽ വനൃമൃഗങ്ങൾക്കൊപ്പം കഴിഞ്ഞ് പോന്ന ആദിവാസികളും വന്യമൃഗങ്ങളുടെ ഇരകളായിക്കൊണ്ടിരിക്കുന്നു. ഇതെന്ത് പറ്റി?.കാടിനൊരു സംഗീതമുണ്ട്. അതിമനോഹരമായ ഒത്തൊരുമയുടെ സംഗീതം. ആദിവാസികളും വന്യമൃഗങ്ങളും തമ്മിലുളള അതിമനോഹരമായ സംഗീതം. അതാണ് ഇപ്പോൾ തകിടം മറിഞ്ഞത്. കാട്ടിൽ നിന്ന് കേൾക്കുന്നത് ഇപ്പോൾ നിലവിളിയുടെ ശബ്ദമാണ്. മരണത്തിന്റെ നിലക്കാത്ത ശബ്ദം. കാടും വന്യമൃഗങ്ങളും കാട്ടുവാസികളായ ആദിവാസികളും തമ്മിലുളള ഐക്യം നഷ്ടപ്പെട്ടിരിക്കുന്നു.
പത്ത് വർഷം കൊണ്ട് നഷ്ടമായത് ഒമ്പത് പേരെ
ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു നരഭോജിക്കടുവക്കായി അങ്ങ് കേരള കർണ്ണാടക അതിർത്തി വനമേഖലയോട് ചേർന്ന പുൽപ്പളളി വണ്ടിക്കടവ് പ്രദേശത്ത് വനം വകുപ്പ് അരിച്ച് പെറുക്കുകയാണ്. വണ്ടിക്കടവ് ചെത്തിമറ്റത്ത് ദേവർഗദ്ദ മാടപ്പളളി ആദിവാസി ഉന്നതയിലെ കൂമനെന്ന മാരനെ (70)കടുവ കൊന്നിരിക്കുന്നു. വനത്തിൽ വിറക് ശേഖരിക്കാൻ പോയ കൂമനെയാണ് കടുവ കടിച്ച് കൊണ്ട് പോയി കൊലപ്പെടുത്തിയത്. ഇത് വയനാട്ടിൽ ആദ്യത്തെ സംഭവമല്ല. ഇതിനകം തന്നെ മരണപ്പെട്ട ആദിവാസികൾ നിരവധി. പത്ത് വർഷം കൊണ്ട് ആദിവാസികൾ ഉൾപ്പെടെ ഒമ്പത് പേരെയാണ് കടുവ കൊന്ന് തിന്നത്. പഞ്ചാരക്കൊല്ലി താറാട്ട് രാധ, പൂതാടിയിൽ മൂടക്കൊല്ലിയിൽ പ്രജീഷ് ,പുതുശ്ശേരി വെളളാരംകുന്ന് പളളിപ്പുറത്ത് തോമസ്, പുൽപ്പളളി ബസവൻകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ,സുൽത്താൻ ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയൻ, തോൽപ്പെട്ടി റെയ്ഞ്ചിലെ വനം വകുപ്പ് വാച്ചർ കക്കേരി ഉന്നതയിലെ ബസവൻ, നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കത്തിക്കുന്ന് സന്ദരത്ത് ഭാസ്ക്കരൻ എന്നിവരുടെ ജീവനുകളാണ് കടുവകൾ മാത്രം കവർന്നെടുത്തത്. ഇതിന് പുറമെ കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങൾ കൊലപ്പെടുത്തിയവരുടെ എണ്ണം ഇതിലും കൂടുതലാണ്. ഇങ്ങനെ പോയാൽ വനാതിർത്തിയിൽ കഴിയുന്ന ജനം എന്ത് ചെയ്യും?. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുളള ഒരു ബന്ധം തകർന്ന നിലയിലാണ് ഇപ്പോൾ വയനാട്ടിൽ.
നരഭോജികളെ കർണ്ണാടക സർക്കാർ വയനാട്ടിലേക്ക് തുറന്ന് വിടുന്നു
ഇപ്പോൾ വണ്ടിക്കടവിൽ കൂമനെ കൊലപ്പെടുത്തിയ കടുവക്കായി വനം വകുപ്പ് വനത്തിൽ തിരച്ചിൽ നടത്തുമ്പോൾ അവിടെ കണ്ടത് രണ്ട് കടുവകളുടെ സാന്നിദ്ധ്യമാണ്. ഇതിൽ കാലിന് പരിക്ക് പറ്റിയ ഒരു കടുവയും ഉണ്ട്. ഇതിൽ ഏത് കടുവയാണ് കൂമനെ കൊലപ്പെടുത്തിയതെന്ന് പോലും വനം വകുപ്പ് അധികൃതർക്ക് കണ്ടെത്താൻ ആയില്ല.വയനാട്ടിലെ വനം വകുപ്പിന്റെ മുഴുവൻ ഫോഴ്സും ഇപ്പോൾ കടുവക്കായി വനത്തിൽ തിരച്ചലിലാണ്. ദേവർഗദ്ദയിൽ കൂമനെ കൊലപ്പെടുത്തിയ കടുവയെ മയക്ക് വെടി വച്ച് പിടികൂടുവാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ: ജി.പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിട്ടിരിക്കുന്നു. വയനാട്ടുകാരൻ കൂടിയായ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ഉടൻ തന്നെ സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ ചെയ്തു. കൂമനെ കൊലപ്പെടുത്തിയത് കേരള വനംവകുപ്പിന്റെ ഡേറ്റാ ബേസിലില്ലാത്ത കടുവയാണെന്നാണ് ഒടുവിലത്തെ വിവരം. സ്ഥലത്ത് ഇപ്പോൾ നിരവധി ക്യാമറകൾ സ്ഥാപിച്ചാണ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നത്. തൊട്ടടുത്ത് തന്നെയാണ് ബന്ദിപ്പൂർ, മുതുമലൈ വന്യമൃഗ സങ്കേത കേന്ദ്രം. കർണ്ണാടകയിലെ വനത്തിൽ നിന്ന് വന്ന കടുവയാണ് ഇവിടെ നരഭോജിയായി മാറിയതെന്നാണ് വിവരം. കർണ്ണാടകയിലെ സർഗൂറിൽ നിന്ന് പിടികൂടിയ നരഭോജി കടുവയെ കേരള വനത്തോട് ചേർന്ന അതിർത്തിയിൽ കർണ്ണാടക അധികൃതർ തുറന്ന് വിട്ടതാണെന്നും സി.പി.എം അടക്കമുളള സംഘടനകൾ ആരോപിക്കുന്നുണ്ട്. സർഗൂർ താലൂക്കിൽ മൂന്ന് പേരെ ആക്രമിച്ച് കൊന്ന നരഭോജി കടുവയാണത്രെ ഇത്. പാലക്കാട് വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി.ഉമയുടെ നേതൃത്വത്തിൽ ടെക്നിക്കൽ കമ്മറ്റി ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നു. ഡി.സി.എഫ് അരുൾ സെൽവനും സ്ഥലത്തെത്തിയിരുന്നു.
മനുഷ്യ ജീവനുകളുടെ വില പത്ത് ലക്ഷം!
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യ ജീവനുകളുടെ വില പത്ത് ലക്ഷം!.അത് തന്നെ കിട്ടണമെങ്കിൽ അതിശക്തമായ സമരം നടത്തേണ്ട ഗതികേടാണ് വനാതിർത്തിയിൽ താമസിക്കുന്നവർക്കുളളത്. ഇവിടെ മരണപ്പെട്ടത് ഒരു പാവം ആദിവാസിയാണ്. പ്രതിഷേധിക്കാൻ ആളുണ്ടാകുന്നതിന് അനുസരിച്ചാണ് സർക്കാരിന്റെ നടപടിക്രമങ്ങളും. കൂമന്റെ ബന്ധുക്കളോട് ചോദിക്കാതെയാണ് ഇൻക്വസ്റ്റ് നടപടികൾ പോലും ആരംഭിച്ചത്. ചില ജനപ്രതിനിധികൾ വന്ന് ബഹളം വച്ചത് കൊണ്ട് മാത്രം അധികൃതർ ഉണർന്ന് പ്രവർത്തിച്ചു. വന്യമൃഗങ്ങൾ കൊലപ്പെടുത്തി വഴിയാധാരമായ കുടുംബങ്ങളുടെ എണ്ണം വയനാട്ടിൽ വർദ്ധിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപയും ആശ്രിതർക്ക് സർക്കാർ ജോലി എന്നതുമാണ് കുടുംബങ്ങളുടെ ആവശ്യം. എന്നാൽ പത്ത് ലക്ഷം രൂപ പോലും കൃത്യമായി നൽകാത്ത അനുഭവങ്ങൾ വയനാട്ടിൽ ഏറെയുണ്ട്. പത്ത് ലക്ഷത്തിന് വേണ്ടിയാണെങ്കിലുംചേതനയറ്റ ശരീരങ്ങളുമായി നടുറോഡിൽ പ്രതിഷേധിക്കുന്നതും വയനാട്ടിൽ സ്ഥിരം കാഴ്ച. അതേ പോലെ വാഗ്ദാനം ചെയ്ത ആശ്രിതർക്കുളള ജോലിയും നൽകാറില്ല. അതിശക്തമായ പ്രതിഷേധം ഉണ്ടാകുമ്പോൾ തലയൂരാൻ മാത്രം അധികൃതർ എല്ലാം സമ്മതിക്കും. പിന്നെ എല്ലാം മറക്കും. അതാണ് ഇപ്പോൾ വയനാട്ടിലെ അവസ്ഥ. വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർ ധനസഹായത്തിനും വാഗ്ദാനം ചെയ്ത ജോലിക്കുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാഴ്ചയും ഇവിടെകാണാം. രണ്ട് വർഷം കൊണ്ട് 12 കടുവ ഓപ്പറേഷനാണ് വയനാട്ടിൽ മാത്രം നടന്നത്. ലക്ഷങ്ങളാണ് ഈ ഇനത്തിൽ മാത്രം സർക്കാരിന് വന്ന ചിലവ്. ഇത് ഇനിയും തുടരും. ഒരു ഹോബി എന്ന നിലക്കാണ് വനം വകുപ്പ് ഇതിനെ കാണുന്നത്. ഫണ്ട് തട്ടിയെടുക്കാനുളള ഒരു മാർഗ്ഗമായി കടുവാ ഓപ്പറേഷനും മാറാൻ തുടങ്ങി. ആരോട് പറയാൻ?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |