
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം കാര്യക്ഷമമാണെന്നും എല്ലാ കാര്യങ്ങളും ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുകയാണെന്നും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് അട്ടിമറിക്കാൻ എസ്.ഐ.ടിക്ക് മേൽ രണ്ട് മുതിർന്ന ഐ.പി.എസുകാർ സമ്മർദ്ദം ചെലുത്തുന്നെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. നല്ല അന്വേഷണമാണ് എസ്.ഐ.ടി നടത്തുന്നത്.
വാളയാറിൽ അന്യസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം എസ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ.ടി അന്വേഷിക്കും. അഞ്ചു പ്രതികളെ പിടിച്ചിട്ടുണ്ട്. കൊലപാതകവും അതിന്റെ കാരണവും സാഹചര്യവും പൊലീസ് അന്വേഷിക്കും. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പിന്നീട് അന്വേഷിക്കേണ്ട കാര്യമാണ്. സ്റ്റേഷനുകളിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും പരാതികൾ കൃത്യമായി കേൾക്കണമെന്നും പൊലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ കൃത്യമായി മേൽനോട്ട ചുമതല വഹിക്കണം. കൊച്ചിയിൽ ഗർഭിണിയെ മർദ്ദിച്ച സി.ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഒരുവർഷം മുൻപുണ്ടായ സംഭവത്തിൽ നടപടിയെടുക്കാൻ കാലതാമസമുണ്ടായെന്നത് വസ്തുതയാണ്. ഇപ്പോൾ വിവരം കിട്ടിയ ഉടൻ നടപടിയുണ്ടായി. സി.ഐയ്ക്കെതിരായ എല്ലാ പരാതികളും അന്വേഷിച്ച് നടപടിയെടുക്കും.
ലഹരിമാഫിയയ്ക്കെതിരെ ദേശീയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും എക്സൈസും പൊലീസും ചേർന്നുള്ള ഓപ്പറേഷനുകൾ നടത്തും. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളുമായി പരസ്പരം വിവരം കൈമാറുന്നുണ്ട്.
ബംഗ്ലാദേശിലെ കലാപത്തിന്റെ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംശയമുള്ളവരുടെ വിലാസ പരിശോധന അതത് സംസ്ഥാന പൊലീസുകളുമായി ചേർന്ന് നടത്തും. അവരിൽ വിദേശികളുണ്ടെങ്കിൽ നടപടിയുണ്ടാവും. ജോലിക്ക് പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതി, ഇരയെ അപമാനിക്കുന്ന തരത്തിലിട്ട വീഡിയോകൾ നീക്കം ചെയ്യും. ഇരകളെ അപമാനിച്ചാൽ കർശന നടപടിയുണ്ടാവും. ഹൈക്കോടതിയിലെ അപ്പീലിൽ ഉത്തരവുണ്ടായാലുടൻ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തലിനെ ചോദ്യം ചെയ്യുമെന്നും ഡി.ജി.പി പറഞ്ഞു.
2 ഐ.പി.എസുകാർ
എസ്.ഐ.ടിയെ സ്വാധീനിക്കുന്നു:സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിൽ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിക്ക് മേൽ രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയവരാണ് അവരെ. മര്യാദകൊണ്ട് ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും ഉദ്യോഗസ്ഥരും ഇതിൽ നിന്ന് പിൻമാറണം. അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്ത് പറയും. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ സ്വർണക്കൊളള ഇപ്പോഴും തുടരുമായിരുന്നു. സർക്കാർ നിയന്ത്രണത്തിലായിരുന്നു എസ്.ഐ.ടിയെങ്കിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്യില്ലായിരുന്നു.
സ്വർണക്കൊള്ള: കെ.പി.ശങ്കരദാസ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി പരാമർശം നീക്കി കിട്ടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് സുപ്രീംകോടതിയെ സമീപിച്ചു. ബോർഡ് മുൻ അംഗങ്ങളായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് എന്തുകൊണ്ടാണ് അന്വേഷണം നീളാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹർജി. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ താൻ കക്ഷി പോലുമല്ലാത്ത വിഷയത്തിൽ ഹൈക്കോടതി പരാമർശം നടത്തിയെന്നാണ് ശങ്കരദാസിന്റെ വാദം.
ദാവൂദ് മണിയെ തേടി എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട്ടിലെ വിഗ്രഹക്കടത്തുകാരൻ ദാവൂദ് മണിയെന്ന ഡി. മണിയുടെ (ദുബായ് മണി) പങ്ക് തേടി എസ്.ഐ.ടി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇയാളുമായി ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. മണിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പുരാതന കാലത്തെ വിഗ്രഹങ്ങളടക്കം കടത്തിയതിൽ പങ്കുണ്ടെന്ന വിവരം ലഭിച്ചത്. മണിയും പോറ്റിയുമായി 2000 ഒക്ടോബറിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തിയതായും എസ്.ഐ.ടിക്ക് വിവരം കിട്ടി. ചെന്നൈ സ്വദേശിയായ മണി വിമാനമാർഗം തിരുവനന്തപുരത്തെത്തി ഹോട്ടലിൽ വച്ച് പണം കൈമാറിയെന്നാണ് വിവരം. പണം ദിണ്ഡുഗലിൽ നിന്ന് റോഡ് മാർഗ്ഗമാണെത്തിച്ചത്. ശബരിമല കേന്ദ്രീകരിച്ചുള്ള ഒരു ഉന്നതനും ആ സമയം ഹോട്ടലിലുണ്ടായിരുന്നു. 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നാണ് വിവരം.
ഗോവർദ്ധന്റെ
ജാമ്യഹർജിയിൽ
വിശദീകരണം തേടി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ജുവലറി ഉടമ കർണാടക ബെല്ലാരി സ്വദേശി ഗോവർദ്ധന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസ് എസ്. മുരളീകൃഷ്ണയുടെ ബെഞ്ച് ഹർജി 30ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളി സംബന്ധിച്ച കേസിൽ 13-ാം പ്രതിയും കട്ടിളപ്പാളി കേസിൽ 10-ാം പ്രതിയുമാണ് ഗോവർദ്ധൻ.
2019ൽ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്കുശേഷം ബാക്കിയുണ്ടായിരുന്ന 474.97ഗ്രാം സ്വർണം വാങ്ങിയതിനു പകരമായി 9.99 ലക്ഷം രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി അടച്ചിട്ടും കേസിൽപ്പെടുത്തിയെന്നാണ് ഹർജിയിലെ ആരോപണം. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഭീഷണിപ്പെടുത്തി തത്തുല്യമായ സ്വർണം പിടിച്ചെടുത്തെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിൽ റിമാൻഡിലായ ഗോവർദ്ധൻ ആരോഗ്യ പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്.
സ്വർണം വേർതിരിച്ച രാസലായനിക്കഥ കള്ളം
തിരുവനന്തപുരം: സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസലായനിയിൽ മുക്കി സ്വർണം വേർതിരിച്ചെന്ന മൊഴി വ്യാജമെന്ന് എസ്.ഐ.ടി. സ്വർണം മാത്രമായി വേർതിരിക്കാൻ കഴിയുമോയെന്ന് എസ്.ഐ.ടി ശാസ്ത്രീയ പരിശോധന നടത്തും. വിദഗ്ദ്ധരുടെ ഉപദേശവും തേടിയിട്ടുണ്ട്. വി.എസ്.എസ്.സിയുടെ ലാബിൽ നടത്തുന്ന പരിശോധനയിൽ ഇക്കാര്യം വ്യക്തമാവും. രാസലായനിക്കഥയല്ലാതെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താത്തതാണ് വെല്ലുവിളി. സ്വർണം വാങ്ങിയ ജുവലറിയുടമ ഗോവർദ്ധനും സഹകരിക്കുന്നില്ല. മുൻകൂട്ടി തയ്യാറാക്കിയ മൊഴികളാണ് ഇവരെല്ലാം നൽകുന്നത്. 2കിലോ സ്വർണം കൊള്ളയടിച്ചെന്നാണ് എസ്.ഐ.ടി തുടക്കം മുതൽ പറയുന്നത്. 470ഗ്രാം ഗോവർദ്ധന്റെ ജുവലറിയിൽ നിന്ന് കിട്ടി. ശേഷിച്ച സ്വർണം എവിടെയെന്നതിലും വ്യക്തതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |