
കൊച്ചി: വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് സമരത്തിലേക്ക്. ആദ്യപടിയായി ജനുവരി ഒന്നു മുതൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിയേറ്ററുകൾക്ക് സിനിമകൾ പ്രദർശനത്തിന് നൽകേണ്ടതില്ലെന്ന് ചേംബർ യോഗം തീരുമാനിച്ചു. അനിശ്ചിതകാല സിനിമാ സ്‌തംഭനസമരം ഉൾപ്പെടെ ആവശ്യമെങ്കിൽ പിന്നീട് നിശ്ചയിക്കും.
സർക്കാരിന് വരുമാനമുണ്ടാക്കാൻ സിനിമകൾ നൽകിയിട്ടും വ്യവസായികളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് പറഞ്ഞു. സിനിമകളുടെ നികുതികൾ കുറയ്ക്കുക, തിയേറ്ററുകളുടെ വൈദ്യുതി ചാർജ്, കെട്ടിട നികുതി ഇളവ് തുടങ്ങിയവയാണ് ആവശ്യങ്ങൾ.
സിനിമാവ്യവസായത്തിന്റെ നിലനില്പിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി നിവേദനങ്ങൾ ഏതാനും വർഷങ്ങളായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക മന്ത്രിയുമായുൾപ്പെടെ ചർച്ചകളും നടത്തിയിരുന്നു. സിനിമാ കോൺക്ളേവിലും ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. 45 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും നാലുമാസം പിന്നിട്ടിട്ടും അനുകൂല നടപടികളുണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |